ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റിന്റെ വിധി പൊളിച്ചെഴുതിയ നായകൻ


AKSHAY K P
Published on May 12, 2025, 06:40 PM | 2 min read
ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ടെസ്റ്റ് ക്യാപ്‌റ്റൻ ആരാണ്? ടെസ്റ്റ് ടീം നായകരായി ഇന്ത്യയെ വിജയകിരീടം ചൂടിച്ച പേരുകൾ പലതുമുണ്ടാവും ഈ ചോദ്യത്തിന് ഉത്തരമായി നൽകാൻ. പക്ഷേ വിരാട് കോഹ്‌ലി എന്ന പേരിനെ ഭേദിക്കാൻ ആ പട്ടികയിൽ ആരുമില്ല എന്നതാണ് സത്യം. 2014 മുതൽ 2022 വരെ ടെസ്റ്റ് ടീം നായകനായ കോഹ്‌ലി, ഇന്ത്യയ്‌ക്ക് വേണ്ടി തൂവെള്ള ജെഴ്‌സിയിൽ വെട്ടിപ്പിടിച്ച നേട്ടങ്ങൾ മുന്നേ നടന്നുപോയ മറ്റൊരു നായകനും നേടാൻ കഴിയാത്തതായിരുന്നു.
ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരാട് കോഹ്‌ലി പടിയിറങ്ങുന്നതോടെ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒരു അധ്യായം കൂടിയാണ് അവസാനിക്കുന്നത്. ആർ അശ്വിൻ, രോഹിത് ശർമ തുടങ്ങിയ താരങ്ങൾ വിരമിക്കൽ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കോഹ്‌ലിയും ജെഴ്‌സിയഴിക്കുന്നത്. കോഹ്‌ലി കളിയവസാനിപ്പിക്കുമ്പോൾ ആരാധകരുടെ മനസിലേക്കാദ്യം ഓടിയെത്തുക ഇന്ത്യൻ ക്രിക്കറ്റ് ടെസ്റ്റ് ടീമിൽ അയാൾ കൊണ്ടുവന്ന മാറ്റങ്ങൾ തന്നെയായിരിക്കും.
എം എസ് ധോണി അപ്രതീക്ഷതമായി ടെസ്റ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതിനെ തുടർന്നാണ് വിരാട് കോഹ്‌ലി ആ സ്ഥാനത്തേക്കെത്തുന്നത്. അക്ഷരാർത്ഥത്തിൽ, ചുമതലയേറ്റെടുത്ത അന്നുമുതൽ ടെസ്റ്റ് ടീമിന്റെ മുഖം മാറ്റുകയായിരുന്നു കോഹ്‌ലി. ശാന്ത സ്വഭാവത്തിൽ മാത്രം കളിച്ചുകൊണ്ടിരുന്ന ഇന്ത്യൻ ടീമിനെ അക്രമണോത്സുകതയിലേക്ക് മാറ്റുന്നത് സൗരവ് ഗാംഗുലിയാണ്. എന്നാൽ കോഹ്‌ലിയുടെ കാലത്താണ് ടീം പൂർണമായും ആ സ്വഭാവത്തിൽ ഗ്രൗണ്ടിലിറങ്ങയത്. സ്ലഡ്‌ജിങ്ങുകളുടെ തമ്പുരാക്കാൻമാരായ ഓസീസിന് പോലും കോഹ്‌ലിയും ടീമും യാതൊരു പരിഗണനയും നൽകിയില്ല.
Related News
കൊണ്ടും കൊടുത്തും
ടീമിന്റെ അച്ചടക്കത്തോടെയുള്ള അക്രമണോത്സുകത, കളിക്കാരുടെ ശാരീരികക്ഷമത, ഫാസ്റ്റ് ബൗളിങ് എന്നിവയ്‌ക്കായിരുന്നു കോഹ്‌ലി പ്രഥമ പരിഗണന നൽകിയത്. വിദേശരാജ്യങ്ങളിൽ വിജയം നേടുക എന്നതായിരുന്നു ടീമിന്റെ മുഖ്യശ്രദ്ധ. ഈ ചിട്ടകളുടെയും ലക്ഷ്യങ്ങളുടെയും അടിസ്ഥാനത്തിൽ നീങ്ങിയ കോഹ്‌ലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം വിജയങ്ങളുടെ ഒരു പരമ്പര തന്നെ സൃഷ്‌ടിച്ചു. അഞ്ച് വർഷം തുടർച്ചയായി ലോക ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാമത് നിലയുറപ്പിക്കാൻ ഇന്ത്യയ്‌ക്ക് കോഹ്‌ലിയുടെ കാലയളവിൽ സാധിച്ചു. ഇശാന്ത് ശർമ, ജസ്‌പ്രീത് ബുമ്ര, മുഹമ്മദ് ഷമി എന്നിവർ കോഹ്‌ലിയുടെ കീഴിൽ പന്തെടുത്തപ്പോൾ വേഗതയിലും മനേഭാവത്തിലും അവർ അക്രമസ്വഭാവം പുലർത്തി.
കൊണ്ടും കൊടുത്തും കളിച്ച വിരാട് കോഹ്‌ലിയുടെ ടീമാണ് ഓസ്ട്രേലിയൻ മണ്ണിൽ ഇന്ത്യയ്ക്ക് ആദ്യമായി ഒരു ടെസ്റ്റ് പരമ്പര നേടിക്കൊടുക്കുന്നത്. കോഹ്‌ലിയുടെ കീഴിൽ സ്വന്തം മണ്ണിൽ ഇന്ത്യ ഒരു ടെസ്റ്റ് പരമ്പര പോലും നഷ്ടപ്പെടുത്തിയിട്ടില്ല. തുടർച്ചയായി 12 പരമ്പര വിജയങ്ങൾ ഇന്ത്യൻ മണ്ണിൽ നായകനായി താരം സ്വന്തമാക്കി. 68 മത്സരങ്ങളിൽ വിരാട് ഇന്ത്യയെ നയിച്ചപ്പോൾ 40 മത്സരങ്ങളിലും വിജയം കൈവരിച്ചു. 59 ശതമാനത്തിനടുത്താണ് ടീമിന്റെ വിജയശതമാനം. ഇന്നേവരെ ഒരു ഇന്ത്യൻ ക്യാപ്‌റ്റനും ഈ റെക്കോർഡിനൊപ്പം എത്താൻ സാധിച്ചിട്ടില്ല.
ബാറ്ററായ ക്യാപ്‌റ്റൻ
ക്യാപ്‌റ്റനായി 68 മത്സരങ്ങളിൽ ബാറ്റ് ചെയ്യാനിറങ്ങിയ കോഹ്‌ലി 5,864 റൺസാണ് ആകെ നേടിയത്. 54.8 ശരാശരിയിൽ ബാറ്റ് വീശിയ താരം 20 സെഞ്ചുറികളും ഏഴ് ഇരട്ട സെഞ്ചുറികളും നേടി.
ടെസ്റ്റിലെ ഒരു ഇന്ത്യൻ ക്യാപ്‌റ്റന്റെ മികച്ച പ്രകടനം കൂടിയാണിത്. റെഡ് ബോൾ ക്രിക്കറ്റിലെ തന്റെ ഏറ്റവും ഉയർന്ന സ്‌കോർ വിരാട് കോഹ്‌ലി കണ്ടെത്തുന്നതും ക്യാപ്‌റ്റനായിരിക്കെയാണ്. 2019ൽ സൗത്ത് ആഫ്രിക്കക്കെതിരെ പുറത്താകാതെ നേടിയ 254 റൺസാണ് കോഹ്‌ലിയുടെ കരിയർ ബെസ്റ്റ്. 2014ൽ അഡ്‌ലെയ്‌ഡിൽ വച്ച് നേടിയ 141, 2018ൽ എഡ്‌ജ്‌ബാസ്റ്റണിൽ വച്ച് നേടിയ 149 പ്രകടനങ്ങളും നായകകാലഘട്ടത്തിലെ കോഹ്‌ലിയുടെ അവിസ്‌മരണീയ നേട്ടങ്ങളാണ്.
ടീം എങ്ങനെ അക്രമണോത്സുകമായി പെരുമാറണം എന്നതിനുള്ള മാതൃക കോഹ്‌ലി അയാളുടെ ബാറ്റിങ് ശൈലിയിലൂടെ സഹകളിക്കാർക്ക് വ്യക്തമാക്കി നൽകി. വിദേശപിച്ചുകളിൽ മൂളിപ്പറന്ന് വരുന്ന പന്തിനെ കൂസലില്ലാതെ നേരിട്ട് ടീമിന്റെ നട്ടെല്ലായി ക്യാപ്‌റ്റൻ കോഹ്‌ലി എന്നും നിലനിന്നു.
ഇനി എത്രനാൾ
നേരത്തെ ട്വന്റി 20യിൽ നിന്ന് വിരമിച്ച കോഹ്‌ലി ഇപ്പോൾ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് കൂടി വിരമിക്കുകയാണ്. ഏകദിന ക്രിക്കറ്റിൽ മാത്രമായിരിക്കും ഇനി കോഹ്‌ലി കളിക്കുക. വർഷത്തിൽ വളരെ കുറച്ച് മത്സരങ്ങൾ മാത്രമേ ഏകദിനത്തിൽ ഇപ്പോൾ നടക്കുന്നുമുള്ളൂ. ട്വന്റി 20യുടെ ആവേശത്തിനോട് മുട്ടി നിൽക്കാൻ സാധിക്കുന്നില്ല എന്നത് തന്നെയാണ് ഇതിനുള്ള കാരണം. അതുകൊണ്ടുതന്നെ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്ന വിരാട് കോഹ്‌ലി ഇപ്പോൾ തന്റെ കരിയറിന്റെ അവസാന അധ്യായത്തിലാണ് എന്ന് വേണമെങ്കിൽ പറയാം.









0 comments