പതിനെട്ട് വർഷത്തെ കാത്തിരിപ്പിനുശേഷം ഐപിഎൽ കിരീടത്തിൽ മുത്തമിട്ട് വിരാട് കോഹ്ലി
റോയൽ കോഹ്ലി


Sports Desk
Published on Jun 04, 2025, 04:35 AM | 3 min read
ബംഗളൂരു
പതിനെട്ട് വർഷം കാത്തിരുന്നു. ബാറ്റിൽ നേടാനുള്ളതൊക്കെ സ്വന്തമാക്കി. എന്നിട്ടും കിരീടം മാത്രം അകലെനിന്നു. ഒടുവിൽ വിരാട് കോഹ്‌ലിയെത്തേടി ആ കപ്പെത്തിയിരിക്കുന്നു. ഐപിഎൽ ക്രിക്കറ്റിൽ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു ആദ്യമായി കിരീടം നേടുമ്പോൾ കോഹ്‌ലിയുടെ സ്വപ്‌നം കൂടിയാണ് പൂവണിയുന്നത്. ഐപിഎല്ലിന്റെ ആദ്യ പതിപ്പ് മുതൽ മുപ്പത്താറുകാരൻ ബംഗളൂരു ടീമിന്റെ ഭാഗമാണ്. രണ്ട് സീസൺ മുമ്പ്‌വരെ ക്യാപ്‌റ്റനുമായിരുന്നു. ടെസ്‌റ്റ് ക്രിക്കറ്റിൽനിന്ന് വിരമിച്ചശേഷമുള്ള ആദ്യ ഐപിഎല്ലായിരുന്നു ഇത്. ഫൈനലിൽ 33 പന്തിൽ 45 റണ്ണായിരുന്നു കോഹ്‌ലിയുടെ സമ്പാദ്യം. റണ്ണടിക്കാരിൽ മൂന്നാമനുമായി.
അഹമ്മദാബാദിലെ റണ്ണൊഴുകും പിച്ചിൽ ബംഗളൂരു ആദ്യം ബാറ്റ് ചെയ്‌ത നേടിയത് ഒമ്പതിന് 190 റൺ. പഞ്ചാബിന്റെ കിടയറ്റ ബാറ്റിങ് നിര ആ ലക്ഷ്യം എളുപ്പത്തിൽ നേടുമെന്നായിരുന്നു കണക്കുകൂട്ടൽ. പക്ഷേ, കിരീടത്തിനായി അത്രയേറെ സ്വപ്‌നം കണ്ട ബംഗളൂരുവും കോഹ്‌ലിയും ഒരിഞ്ച് വിട്ടുകൊടുത്തില്ല. സമർഥമായ ബൗളിങ് കൊണ്ട് പഞ്ചാബ് ബാറ്റിനെ നിശ്ശബ്‌ദമാക്കി. അവസാന ഓവറുകളിൽ ശശാങ്ക് സിങ് (28 പന്തിൽ 49) നടത്തിയ ഒറ്റയാൾ പോരാട്ടത്തിന് പഞ്ചാബിനെ കിരീടത്തിലേക്കെത്തിക്കാനായില്ല. ഏഴിന് 184ൽ പഞ്ചാബ് അവസാനിപ്പിച്ചു.
ക്യാപ്‌റ്റൻ ശ്രേയസ് അയ്യർ (2 പന്തിൽ 1) നിർണായക കളിയിൽ അലസമായ ഷോട്ടിൽ പുറത്തായത് പഞ്ചാബിന്റെ സാധ്യതകളെ തളർത്തിക്കളയുകയായിരുന്നു. അവസാന ഓവറിൽ മൂന്ന് വിക്കറ്റ് ശേഷിക്കെ 29 റൺ വേണ്ടിയിരിക്കെ ജോഷ് ഹാസെൽവുഡിനെ മൂന്ന് സിക്‌സറും ഒരു ഫോറും പായിച്ച് ശശാങ്ക് 22 റണ്ണാണ് അടിച്ചുകൂട്ടിയത്. എന്നാൽ അതൊന്നും ബംഗളൂരുവിന്റെ വിജയാഘോഷത്തിന്റെ ആവേശത്തിനെ തെല്ലും ബാധിച്ചില്ല. ക്രുണാൾ പാണ്ഡ്യയുടെ ബൗളിങ് ആണ് നിർണായകമായത്. നാലോവറിൽ 17 റൺ മാത്രം വിട്ടുകൊടുത്ത ബംഗളൂരു സ്‌പിന്നർ രണ്ട് വിക്കറ്റാണ് നേടിയത്.
ജോഷ് ഇൻഗ്ലിസ് (23 പന്തിൽ 39) മാത്രമാണ് ശശാങ്കിനെ കൂടാതെ പഞ്ചാബ് നിരയിൽ പൊരുതിയത്. പ്രിയാൻഷ് ആര്യ 19 പന്തിൽ 24ഉം പ്രഭ്‌സിമ്രാൻ സിങ് 22 പന്തിൽ 26ഉം റണ്ണെടുത്തു.
റണ്ണൊഴുകുമെന്ന് വിലയിരുത്തപ്പെട്ട അഹമ്മദാബാദിലെ പിച്ചിൽ ടോസ് കിട്ടിയ പഞ്ചാബ് ക്യാപ്‌റ്റൻ ശ്രേയസ് അയ്യർ ബൗളിങ് ആണ് തെരഞ്ഞെടുത്തത്. ശ്രേയസ് ബൗളർമാരിൽ വിശ്വാസമർപ്പിച്ചു. അഞ്ച് ബൗളർമാരും വിക്കറ്റിൽ പങ്കാളികളായി. മുഖ്യ പേസർമാരായ അർഷ്‌ദീപ് സിങ്ങും കൈൽ ജാമിസണും മൂന്ന് വീതം വിക്കറ്റെടുത്തു. അസ്‌മത്തുള്ള ഒമർസായ്, വിജയ്‌കുമാർ വൈശാഖ് എന്നിവർ ഓരോ വിക്കറ്റ് നേടിയപ്പോൾ സ്‌പിന്നർ യുശ്‌വേന്ദ്ര ചഹാലും ഒന്ന് സ്വന്തമാക്കി. പക്ഷേ, ബാറ്റിൽ പഞ്ചാബ് തിളങ്ങിയില്ല. പഞ്ചാബിന്റെ രണ്ടാം ഫൈനലായിരുന്നു ഇത്. രണ്ടിലും തോറ്റു. പാകിസ്ഥാൻ ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യൻ സൈന്യം നടത്തിയ ഓപ്പറേഷൻ സിന്ദൂറിന് ഫൈനൽ വേദിയിൽ ആദരവ് അർപ്പിച്ചു.
മികച്ച താരം
സൂര്യകുമാർ യാദവ് (മുംബെെ ഇന്ത്യൻസ്)
റണ്ണടിക്കാരൻ
സായ് സുദർശൻ (ഗുജറാത്ത് ടെെറ്റൻസ്)
വിക്കറ്റ് വേട്ടക്കാരൻ
പ്രസിദ്ധ് കൃഷ്ണ (ഗുജറാത്ത് ടെെറ്റൻസ്)
യുവതാരം
സായ് സുദർശൻ (ഗുജറാത്ത് ടെെറ്റൻസ്)
അഴകോടെ പതിനെട്ട്
ഐപിഎൽ പതിനെട്ടാം പതിപ്പിൽ 15 കളിയിൽ 657 റണ്ണാണ് വിരാട് കോഹ്‌ലി നേടിയത്. റൺവേട്ടക്കാരിൽ മൂന്നാമൻ. എട്ട് അർധസെഞ്ചുറികൾ. 54.75 ആണ് ബാറ്റിങ് ശരാശരി. 66 ഫോറും 19 സിക്‌സറും. ടൂർണമെന്റിൽ ആകെ നേടിയ ഫോറുകളുടെ എണ്ണത്തിൽ റെക്കൊഡാണ്. 771 എണ്ണം. 2008ലെ കന്നി ഐപിഎൽ മുതൽ ബംഗളൂരു കുപ്പായത്തിലാണ് കോഹ്‌ലി. എല്ലാ സീസണിലും കളിച്ചു പതിനെട്ടാം നമ്പറുകാരൻ.
കലക്കി ക്രുണാൾ
വിരാട് കോഹ്‌ലിയും ബംഗളൂരു ടീമും ക്രുണാൾ പാണ്ഡ്യയോട് കടപ്പെട്ടിരിക്കുന്നു. പഞ്ചാബ് കിങ്‌സ് ബാറ്റർമാരെ വിറപ്പിച്ചുനിർത്തിയ ബൗളിങ് പ്രകടനമായിരുന്നു ഓൾറൗണ്ടറുടേത്. നാലോവറിൽ വഴങ്ങിയത് വെറും 17 റൺ. അപകടകാരികളായ പ്രഭ്‌സിമ്രാൻ സിങ്ങിന്റെയും ജോഷ് ഇൻഗ്ലിസിന്റെയും വിക്കറ്റും നേടി. ഒരു സിക്‌സർ മാത്രമാണ് ക്രുണാളിനെതിരെ പഞ്ചാബ് ബാറ്റർമാർക്ക് നേടിയത്.ഈ സീസണിലെ താരലേലത്തിലാണ് ക്രുണാൾ ബംഗളൂരു ടീമിലെത്തിയത്. 15 കളിയിൽ 17 വിക്കറ്റ് നേടി. വിക്കറ്റ് വേട്ടക്കാരിൽ ഒമ്പതാമൻ.
സ്കോർ ബോർഡ്
ബംഗളൂരു റോയൽ ചലഞ്ചേഴ്സ്
സാൾട്ട് സി ശ്രേയസ് ബി ജാമിസൺ 16, കോഹ്‌ലി സി ആൻഡ് ബി ഒമർസായ് 43, മായങ്ക് സി അർഷ്‌ദീപ് ബി ചഹാൽ 24, പാട്ടീദാർ എൽബിഡബ്ല്യു ബി ജാമിസൺ 26, ലിവിങ്‌സ്‌റ്റൺ എൽബിഡബ്ല്യു ബി ജാമിസൺ 25, ജിതേഷ് ബി വൈശാഖ് 24, ഷെപേർഡ് എൽബിഡബ്ല്യു ബി അർഷ്‌ദീപ് 17, ക്രുണാൾ സി ശ്രേയസ് ബി അർഷ്‌ദീപ് 4, ഭുവനേശ്വർ സി പ്രിയാൻഷ് ബി അർഷ്‌ദീപ് 1, യാഷ് ദയാൽ 1*. എക്‌സ്‌ട്രാസ് 9. ആകെ 190/9 (20).
വിക്കറ്റ് വീഴ്‌ച: 1–-18, 2–-56, 3–-96, 4–-131, 5–-167, 6–-171, 7–-188, 8–-189, 9–-190.
ബൗളിങ്: അർഷ്‌ദീപ് 4–-0–-40–-3, ജാമിസൺ 4–-0–-48–-3, ഒമർസായ് 4–-0–-35–-1, വൈശാഖ് 4–-0–-30–-1, ചഹാൽ 4–-0–-37–-1.
പഞ്ചാബ് കിങ്‌സ്
പ്രിയാൻഷ് സി സാൾട്ട് ബി ഹാസെൽവുഡ് 24, പ്രഭ്‌സിമ്രാൻ സി ഭുവനേശ്വർ ബി ക്രുണാൾ 26, ഇൻഗ്ലിസ് സി ലിവിങ്‌സ്റ്റൺ ബി ക്രുണാൾ 39, ശ്രേയസ് സി ജിതേഷ് ബി ഷെപേർഡ് 1, നെഹാൽ സി ക്രുണാൾ ബി ഭുവനേശ്വർ 15, ശശാങ്ക് 61*, സ്‌റ്റോയിനിസ് സി ദയാൽ ബി ഭുവനേശ്വർ 6, അസ്‌മത്തുള്ള സി മനോജ് (പകരക്കാരൻ) ബി ദയാൽ 1, ജാമിസൻ 0*.
എക്‌സ്‌ട്രാസ് 11, ആകെ 184/7 (20).
വിക്കറ്റ് വീഴ്‌ച: 1–-43, 2–-72, 3–-79, 4–-98, 5–-136, 6–-142, 7–-145.
ബൗളിങ്: ഭുവനേശ്വർ 4–-0–-38–-2, ദയാൽ 3–-0–-18–-1, ഹാസെൽവുഡ് 4–-0–-54–-1, ക്രുണാൾ 4–-0–-17–-2, സുയാഷ് 2–-0–-19–-0, ഷെപേർഡ് 3–-0–-30–-1.









0 comments