കെസിഎല്ലിൽ റോയലാകാൻ ട്രിവാൻഡ്രം

trivandrum royals
വെബ് ഡെസ്ക്

Published on Aug 11, 2025, 03:47 PM | 2 min read

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് (കെസിഎൽ) രണ്ടാം സീസണിൽ റോയലാവാൻ ഒരുങ്ങി ട്രിവാൻഡ്രം റോയൽസ്. ആറ് ബാറ്റർമാരും അഞ്ച് ഓൾ റൗണ്ടർമാരും അഞ്ച് ബൗളർമാരും അടങ്ങുന്ന ടീമിനെ കൃഷ്ണ പ്രസാദാണ് നയിക്കുന്നത്. ഗോവിന്ദ് ദേവ് പൈ ആണ് ഉപനായകൻ. ബേസിൽ തമ്പി, അബ്ദുൾ ബാസിത്ത് എന്നിവരാണ് ടീമിലെ പ്രധാന താരങ്ങൾ.


അബ്ദുൾ ബാസിത്തായിരുന്നു കഴിഞ്ഞ സീസണിൽ ട്രിവാൻഡ്രം റോയൽസ് ടീമിന്റെ നായകൻ. ഗോവിന്ദ് ദേവ് പൈ, സുബിൻ എസ്, വിനിൽ ടി എസ് എന്നിവരെയാണ് റോയൽസ് ടീമിൽ നിലനിർത്തിയത്. കഴിഞ്ഞ സീസണിൽ റോയൽസിനായി ബാറ്റിങ്ങിലും ബോളിങ്ങിലും തിളങ്ങിയ താരമാണ് അബ്ദുൾ ബാസിത്ത്. റോയൽസിന്റെ വിക്കറ്റ് വേട്ടക്കാരിലും ഒന്നാമൻ. നിർണ്ണായക ഘട്ടത്തിൽ ബോൾ കൊണ്ടും ബാറ്റ് കൊണ്ടും കളിയുടെ ഗതി തിരിക്കാൻ കഴിവുള്ള താരമാണ് അബ്ദുൾ ബാസിത്ത്.


അബ്ദുൾ ബാസിതിനൊപ്പം ബേസിൽ തമ്പി കൂടിയെത്തുമ്പോൾ ടീം കൂടുതൽ കരുത്തുറ്റതാവുകയാണ്. കഴിഞ്ഞ സീസണിൽ അഖിൽ സ്‌കറിയയും ഷറഫുദ്ദീനും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ താരം ബേസിൽ തമ്പി ആയിരുന്നു. ബേസിലിന്റെ വർഷങ്ങളുടെ അനുഭവസമ്പത്തും ഐപിഎല്ലിലുൾപ്പടെ പന്തെറിഞ്ഞ പരിചയവും ടീമിന് മുതൽക്കൂട്ടാവും. മാത്രമല്ല അവസാന ഓവറുകളിൽ ബാറ്റ് കൊണ്ടും സംഭാവന നല്കാൻ ബേസിൽ തമ്പിക്കാകും.


കഴിഞ്ഞ സീസണിലും ടീമിലുണ്ടായിരുന്ന ഗോവിന്ദ് ദേവ് പൈയും എസ് സുബിനും സമീപ കാലത്ത് മികച്ച ഫോമിലാണ്. രണ്ട് അർധ സെഞ്ചുറിയടക്കം 300 റൺസ് സ്വന്തമാക്കിയ ഗോവിന്ദ് ആയിരുന്നു കഴിഞ്ഞ സീസണിൽ ടീമിന്റെ ടോപ് സ്‌കോറർ. കൂറ്റനടികളിലൂടെ സ്‌കോർ ഉയർത്താൻ മികവുള്ള സുബിനും അടുത്തിടെ നടന്ന ടൂർണ്ണമെന്റുകളിൽ മികച്ച പ്രകടനം കാഴ്ച വച്ചിരുന്നു. കൃഷ്ണപ്രസാദ്, അഭിജിത് പ്രവീൺ, റിയ ബഷീർ, തുടങ്ങിയ യുവതാരങ്ങളുടെ വരവും ടീമിന് കരുത്തേറ്റിയിട്ടുണ്ട്.


ബൗളിങ് നിരയിൽ അബ്ദുൾ ബാസിദിനും ബേസിൽ തമ്പിക്കും പുറമെ ഫാനൂസ് ഫൈസിനെയും വി അജിത്തിനെയും എം നിഖിലിനെയും കൂടി ടീമിലെത്തിക്കാനായതും നേട്ടമായി. ആലപ്പി റിപ്പിൾസിന് വേണ്ടി കഴിഞ്ഞ സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തിയ താരമാണ് ഫാനൂസ്. വി അജിത്ത് ആകട്ടെ എൻഎസ്‌കെ ട്രോഫിയിൽ ഏറ്റവും മികച്ച ബൗളറായി തെരഞ്ഞെടുക്കപ്പെട്ട താരവുമാണ്. എം നിഖിൽ കഴിഞ്ഞ സീസണിൽ കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസിന് വേണ്ടി മികച്ച പ്രകടനം കാഴ്ച വച്ചിരുന്നു. മുൻ രഞ്ജി താരം എസ് മനോജാണ് ടീമിന്റെ മുഖ്യ പരിശീലകൻ. സംവിധായകൻ പ്രിയദർശൻ, ജോസ് പട്ടാര എന്നിവർ നേതൃത്വം നൽകുന്ന കൺസോർഷ്യത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് ടീം.


സ്‌ക്വാഡ്: കൃഷ്ണ പ്രസാദ് (ക്യാപ്റ്റൻ), ഗോവിന്ദ് ദേവ് പൈ (വൈസ് ക്യാപ്റ്റൻ), റിയാ ബഷീർ, സൻജീവ് സതീശൻ, അബ്ദുൾ ബാസിത്, അനന്തകൃഷ്ണൻ, അഭിജിത്ത് പ്രവീൺ, വിനിൽ ടീ എസ്, നിഖിൽ എസ്, ബേസിൽ തമ്പി, ഫാനൂസ്, ആസിഫ് സലാം, അജിത് വി, അനുരാജ് ജെ എസ്, സുബിൻ എസ്, അദ്വൈത് പ്രിൻസ്.



deshabhimani section

Related News

View More
0 comments
Sort by

Home