ക്യാപ്റ്റന് കടക്കണം കടമ്പകൾ

മുംബൈ : കഴിഞ്ഞവർഷത്തെ ഇംഗ്ലണ്ട് ടീമിന്റെ ഇന്ത്യൻ പര്യടനം. ഇന്ത്യൻ ക്രിക്കറ്റ് അതിന്റെ പരിവർത്തന കാലഘട്ടത്തിലായിരുന്നു. രോഹിത് ശർമയും വിരാട് കോഹ്‌ലിയും ആർ അശ്വിനും കളി ജീവിതത്തിന്റെ നല്ലകാലം പിന്നിട്ട സമയം. ആ പരമ്പര തുടങ്ങിയത് ഇന്ത്യയുടെ തോൽവിയോടെയായിരുന്നു. എന്നാൽ, തുടർന്ന് നാല് ടെസ്‌റ്റ് ജയിച്ച് ഇന്ത്യ പരമ്പര 4–1ന് സ്വന്തമാക്കി. അന്ന് 20 ടെസ്‌റ്റ് കളിച്ച് ബാറ്റിങ് ശരാശരി കഷ്ടിച്ച് മുപ്പതിന് മുകളിൽ മാത്രമുള്ള ഒരു യുവതാരം ടീമിലുണ്ടായിരുന്നു. തന്റെ സ്ഥാനംതന്നെ ഉറപ്പില്ലാത്ത ആ ഘട്ടത്തിൽ രണ്ട് സെഞ്ചുറികളുമായാണ് ആ ബാറ്റർ ടീമിന് ഉയിർപ്പ് നൽകിയത്. ശേഷം പരിശീലകൻ രാഹുൽ ദ്രാവിഡ് സെലക്ടർമാരോട് പറഞ്ഞു.
ആ ബാറ്ററെ ശ്രദ്ധിക്കൂ. അയാൾ നായകഗുണമുള്ള കളിക്കാരനാണ്. രണ്ടരവർഷത്തിനുശേഷം ദ്രാവിഡിന്റെ വാക്കുകൾ സത്യമായി. അന്നത്തെ യുവതാരം ഇന്ത്യൻ ടെസ്‌റ്റ് ടീമിന്റെ ക്യാപ്‌റ്റനായി-ശുഭ്‌മാൻ ഗിൽ. കളിക്കാരനായി ടീമിലുണ്ടാകുമെന്ന് ഉറപ്പില്ലാത്ത ഘട്ടത്തിലും ടീമിന്റെ ചർച്ചകളിൽ പങ്കാളിയായി. മറ്റുള്ളവരുടെ കളികൾ നിരീക്ഷിച്ചു. കളത്തിൽ എപ്പോഴും ഉത്സാഹിയായിനിന്നു. എല്ലാത്തിനുമുപരി ടെസ്‌റ്റ് ക്രിക്കറ്റിൽ ഏറെ ശ്രദ്ധപതിപ്പിക്കുകയുംചെയ്‌തു. ആ കാലഘട്ടത്തിൽ ഐപിഎൽ ടീം ഗുജറാത്ത് ടൈറ്റൻസിന്റെ നായകനായിരുന്നില്ല. അണ്ടർ 19 വിഭാഗത്തിലും ഇന്ത്യയെ നയിച്ചിട്ടില്ല. രഞ്‌ജിയിൽ ഒരുകളിയിൽ പഞ്ചാബിന്റെ ക്യാപ്‌റ്റനായത് മാത്രമായിരുന്നു ആകെയുള്ള പരിചയസമ്പത്ത്. രണ്ടരവർഷത്തിനിപ്പുറം ഗിൽ ക്യാപ്‌റ്റനെന്ന നിലയിൽ ഏറെ മുന്നേറി. ആശിഷ് നെഹ്‌റയുടെ ശിക്ഷണത്തിൽ ഗുജറാത്ത് ടൈറ്റൻസിന്റെ മികച്ച ക്യാപ്‌റ്റനായി. ആത്മവിശ്വാസവും നിശ്‌ചയദാർഢ്യവും നീക്കങ്ങളിൽ തെളിഞ്ഞു. എങ്കിലും ഇന്ത്യൻ ടീം ക്യാപ്‌റ്റൻ സ്ഥാനത്തേക്ക് അൽപ്പംകൂടി നേരത്തെ ഗില്ലിനെ പരിഗണിക്കണമായിരുന്നു അഭിപ്രായമുയരുന്നുണ്ട്. കഴിഞ്ഞവർഷത്തെ ബംഗ്ലാദേശുമായുള്ള പരമ്പരയിൽ വൈസ് ക്യാപ്‌റ്റനാക്കിയിരുന്നില്ല. തുടർന്നുള്ള ന്യൂസിലൻഡുമായുള്ള പരമ്പരയിലും അതുണ്ടായില്ല. ഓസ്‌ട്രേലിയയുമായുള്ള ആദ്യ ടെസ്‌റ്റിൽ രോഹിത് വിട്ടുനിന്നപ്പോൾ ജസ്‌പ്രീത് ബുമ്രയെയാണ് പരിഗണിച്ചത്. പരിക്കാണ് ബുമ്രയെ സ്ഥിരം ക്യാപ്‌റ്റനാക്കുന്നതിൽനിന്ന് തടഞ്ഞ പ്രധാന ഘടകം. ക്യാപ്‌റ്റനെക്കാൾ ബൗളറെന്ന നിലയിലാണ് ബുമ്രയെ ടീമിന് ആവശ്യം.
അതിനാൽ പേസറുടെ കാര്യത്തിൽ ഒരുപരീക്ഷണത്തിനും ടീം തയ്യാറല്ല. ഇതോടെ ഗില്ലിലേക്കും പന്തിലേക്കും മാത്രമായി ചർച്ച ചുരുങ്ങി. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇന്ത്യയുടെ മികച്ച ബാറ്റർമാർ ഇരുവരുമായിരുന്നു. അതിൽതന്നെ പന്തിന്റെ കാര്യത്തിൽ സെലക്ടർമാർ മറ്റ് കാര്യങ്ങൾകൂടി പരിഗണിച്ചു. കാറപകടത്തിനുശേഷം തിരിച്ചെത്തിയതേയുള്ളൂ. ശേഷം തുടർച്ചയായി ടെസ്‌റ്റ് കളിച്ചെങ്കിലും നിലവിലെ പ്രകടനം ആശ്വാസംപകരുന്നതല്ല. ഗില്ലിന്റെ കാര്യത്തിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടായില്ല. മൂന്നാം നമ്പറിലോ നാലാം നമ്പറിലോ ബാറ്റ് ചെയ്യുക എന്നതിലാണ് ഇരുപത്തഞ്ചുകാരൻ തീരുമാനമെടുക്കേണ്ടത്. അതേസമയം, ബാറ്റിങ് ശരാശരിയുടെ കാര്യത്തിൽ മികച്ചതല്ല കണക്കുകൾ. അതിൽ ഇന്ത്യക്ക് പുറത്ത് മുപ്പതിൽ താഴെയും. എന്നാൽ, കണക്കുകളല്ല പരിഗണിക്കുന്നതെന്ന് ബിസിസിഐ വ്യക്തമാക്കി. കോഹ്‌ലി ഇരുപത്താറാം വയസിൽ ക്യാപ്‌റ്റൻ സ്ഥാനം ഏറ്റെടുക്കുമ്പോൾ ബാറ്റിങ് ശരാശരി മികച്ചതായിരുന്നില്ല. കോഹ്‌ലിക്ക് പക്ഷേ, മാനസിക അടുപ്പമുള്ള പരിശീലകൻ രവി ശാസ്‌ത്രിയുടെ പിന്തുണയുണ്ടായിരുന്നു. മഹേന്ദ്ര സിങ് ധോണിക്ക് കീഴിൽ കളിച്ചതിന്റെ അനുഭവവും ക്യാപ്‌റ്റനെന്ന നിലയിൽ കോഹ്‌ലിയെ സ്വാധീനിച്ചിട്ടുണ്ട്. നിലവിൽ ഗില്ലിന് അത്തരം അലങ്കാരങ്ങളൊന്നുമില്ല. കോഹ്‌ലി ക്യാപ്‌റ്റനായശേഷമായിരുന്നു റണ്ണടിയിൽ ഉന്നതിയിലെത്തിയത്. ഗില്ലിനും വഴി അതാണ്.









0 comments