ദക്ഷിണാഫ്രിക്കയുടെ കറുത്ത വംശജനായ ആദ്യ ക്യാപ്റ്റനാണ് ടെംബ ബവുമ
ലോർഡ്‌സിലെ സർവസൈന്യാധിപൻ


Sports Desk
Published on Jun 15, 2025, 01:49 AM | 1 min read
ലോർഡ്‌സ്
ജീവിതം അവസാനിക്കാത്ത പോരാട്ടമാണ് ടെംബ ബവുമയ്‌ക്ക്. ആക്ഷേപവും അവഗണനയും ശീലമായി. കറുത്തവനെന്നും കുള്ളനെന്നുമുള്ള പരിഹാസം സ്വന്തം ആരാധകരിൽനിന്നുപോലും കേട്ട കളിജീവിതം. എന്നിട്ടും തോറ്റുകൊടുക്കാൻ മുപ്പത്തഞ്ചുകാരൻ തയ്യാറായില്ല. ലോർഡ്‌സിൽ ദക്ഷിണാഫ്രിക്ക ചരിത്രം കുറിച്ചപ്പോൾ സർവസൈന്യാധിപനായി ബവുമയുണ്ട‍്.
തകർന്നു തരിപ്പണമായ ഒരുസംഘത്തെ അജയ്യരാക്കി മാറ്റിയത് ബവുമ എന്ന ക്യാപ്‌റ്റനാണ്. ദക്ഷിണാഫ്രിക്കയുടെ ആദ്യ കറുത്തവംശജനായ നായകൻ. ഓസ്‌ട്രേലിയക്കെതിരായ ഫൈനലിലും ആ വീര്യം കണ്ടു. പേശിവലിവിനെ തുടർന്ന് വേദനയാൽ പുളഞ്ഞെങ്കിലും തോൽക്കാൻ തയ്യാറായില്ല. രണ്ടാം ഇന്നിങ്‌സിൽ 134 പന്തിൽ 66 റണ്ണുമായി കളംവിടുമ്പോൾ ആഫ്രിക്ക ജയത്തിന് അടുത്തെത്തിയിരുന്നു.
രണ്ടാം ഇന്നിങ്‌സിൽ പരീക്ഷണങ്ങളായിരുന്നു ബവുമയ്‌ക്ക് മുന്നിൽ. രണ്ട് റൺ എടുത്തുനിൽക്കവെ പുറത്താകേണ്ടതായിരുന്നു. എന്നാൽ മിച്ചെൽ സ്റ്റാർക്കിന്റെ പന്തിൽ നൽകിയ ക്യാച്ച് സ്‌റ്റീവൻ സ്‌മിത്ത് വിട്ടുകളഞ്ഞു. കഴിഞ്ഞില്ല, 24–-ാം ഓവറിൽ റണ്ണെടുക്കാൻ ഓടുന്നതിനിടെ കാലിന് പേശിവലിവുണ്ടായി. പിന്നാലെ ചായക്കും പിരിഞ്ഞു. ഈ വിശ്രമവേളയിൽ പരിക്കുമാറാനുള്ള പ്രയത്‌നത്തിലായിരുന്നു. വേദനയെ അവഗണിച്ച് എയ്‌ദെൻ മാർക്രവുമൊത്ത് ബാറ്റ് വീശി. ഈ കൂട്ടുകെട്ട് നിർണായകമായി.
ദക്ഷിണാഫ്രിക്കൻ ടെസ്റ്റ് ടീമിലെ ആദ്യ കറുത്തവംശജനായ ബാറ്ററായി 2014ലാണ് അരങ്ങേറ്റം. ഏകദിന, ട്വന്റി20 ടീമിനുപിന്നാലെ 2023ൽ ടെസ്‌റ്റ് ക്യാപ്‌റ്റനായി. ഇടയ്‌ക്ക് ഫോം നഷ്ടപ്പെടുകയും ട്വന്റി 20 ടീമിൽനിന്ന് പുറത്താക്കപ്പെടുകയും ചെയ്‌തു. പ്രഥമ ദക്ഷിണാഫ്രിക്കൻ ട്വന്റി 20 ലീഗിൽ ഒരു ടീമും സ്വന്തമാക്കാത്ത അവസ്ഥയുമുണ്ടായി. എന്നിട്ടും തളർന്നില്ല. ഈ ലോക ചാമ്പ്യൻഷിപ്പിൽ ആദ്യ അഞ്ച് കളിയിൽ മൂന്നിലും തോറ്റ ടീമിനെ തുടർച്ചയായ ഏഴ് കളി ജയിപ്പിച്ചാണ് ഫൈനലിൽ എത്തിച്ചത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ദക്ഷിണാഫ്രിക്കയ്‌ക്കായി കൂടുതൽ റണ്ണടിച്ച താരമാണ്. 25 കളിയിൽ മൂന്ന് സെഞ്ചുറി ഉൾപ്പെടെ 1896 റൺ. അമ്പതിനടുത്താണ് ബാറ്റിങ് ശരാശരി.









0 comments