റഷ്യ ഉക്രെയിൻ കരാറിലെ ട്രംപിന്റെ നീക്കത്തിൽ ആശങ്കയുമായി യൂറോപ്യൻ യൂണിയൻ

russia ukrain war
വെബ് ഡെസ്ക്

Published on Nov 26, 2025, 12:51 PM | 2 min read

അബുദാബി: റഷ്യ-ഉക്രെയിൻ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന കരാറിന് യുക്രൈൻ സർക്കാർ അംഗീകാരം നൽകിയതായി റിപ്പോർട്ട്. പ്രധാന വ്യവസ്ഥകളിൽ ധാരണയായി , ചില ചെറിയ കാര്യങ്ങൾ കൂടി മാത്രമേ തീരുമാനിക്കാനുള്ളൂവെന്ന് ഉക്രെയിൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റുസ്തം ഉമറോവും ഇടനില വഹിച്ച യുഎസ് ഉദ്യോഗസ്ഥരും വ്യക്തമാക്കിയതായി സിബിഎസ് ന്യൂസ് റിപ്പോർട്ട് ചെയ്തു.


 “ജനീവയിൽ ചർച്ച ചെയ്ത കരാറിന്റെ പ്രധാന വ്യവസ്ഥകളെക്കുറിച്ച് ഒരു പൊതു ധാരണയിലെത്തി” എന്ന് എക്‌സിലെ ഒരു പോസ്റ്റിൽ റുസ്തം ഉമെറോവ് കുറിച്ചിരുന്നു.


ചൊവ്വാഴ്ചയ്ക്കകം സമാധാന കരാർ അംഗീകരിക്കണമെന്നായിരുന്നു ട്രംപ് ഉക്രെയിന് നൽകിയ അന്ത്യശാസനം. ഇതിനിടെ റഷ്യയ്ക്ക് അനുകൂലമായ കരാറിൽ ഒപ്പിടാൻ ട്രംപ് ഭരണകൂടം നീക്കം നടത്തുന്നതായി യൂറോപ്യൻ യൂണിയനിൽ  ആശങ്ക നിലനിൽക്കുന്നതായി റിപ്പോർടുകൾ പുറത്തായി. കരാർ വ്യവസ്ഥകളിലെ റഷ്യൻ പക്ഷപാതിത്വം സംശയിച്ചാണ് ചർച്ചകൾ.


ആശങ്ക തള്ളിയാണ് റുസ്തം ഉമറോവ് കുറിപ്പ് തുർടന്നത്. “ഞങ്ങളുടെ തുടർന്നുള്ള നടപടികളിൽ ഞങ്ങളുടെ യൂറോപ്യൻ പങ്കാളികളുടെ പിന്തുണ ഞങ്ങൾ ഇപ്പോൾ പ്രതീക്ഷിക്കുന്നു,” എന്ന് ഉമെറോവ് എഴുതി.


അമേരിക്ക തയ്യാറാക്കിയ പ്രാരംഭ കരാറിൽ റഷ്യയും ഉക്രെയ്‌നും നിരസിച്ച നിരവധി പഴയ നിർദേശങ്ങൾ വീണ്ടും ഉൾപ്പെട്ടിരുന്നു. ഇതിൽ ഉക്രെയ്ൻ ചില പ്രദേശങ്ങൾ വിട്ടുകൊടുക്കണം, സൈനിക ശേഷി കുറയ്ക്കണം, നാറ്റോയിൽ ചേരില്ലെന്ന് ഉറപ്പുനൽകണം എന്നിങ്ങനെ ഉപാധികൾ ഉണ്ടായിരുന്നു. റഷ്യയുടെ പഴയ ആവശ്യങ്ങൾക്ക് വഴങ്ങി നിൽക്കുന്ന തരത്തിലാണ് ഇതെന്ന് ആശങ്ക പരന്നു.


കരാറിൽ ആശങ്ക ഉന്നയിച്ച് മൂന്ന് കർശന “റെഡ് ലൈൻസ്” യൂറോപ്യൻ യൂണിയൻ ഞായറാഴ്ച പ്രഖ്യാപിക്കയുണ്ടായി. ഇതിന് പിന്നാലെ “ഉക്രെയ്‌ന്റെ അതിർത്തികൾ ബലം പ്രയോഗിച്ച് മാറ്റാൻ സാധിക്കില്ല,” എന്ന് യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ‍് ഉഴ്സുല വോൺ ഡെർ ലേയൻ വ്യക്തമാക്കി.


“ഒരു സ്വതന്ത്ര രാഷ്ട്രമായതുകൊണ്ട് ഭാവിയിൽ ആക്രമണത്തിന് വഴിയൊരുക്കുന്ന തരത്തിൽ ഉക്രെയ്‌ന്റെ സൈനിക ശേഷി കുറയ്ക്കാനോ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനോ പാടില്ല,” എന്നും കൂട്ടിച്ചേർത്തു.


“യൂറോപ്യൻ യൂണിയന്റെ കേന്ദ്രപങ്ക് സമാധാനത്തിൽ പ്രതിഫലിക്കണം. ഉക്രെയ്ൻ രാജ്യത്തിന് അവരുടെ ഭാവി സ്വതന്ത്രമായി തീരുമാനിക്കാനുള്ള അവകാശം നിലനിർത്തണം. അവർ അതിനായി തെരഞ്ഞെടുത്തിരിക്കുന്നത് യൂറോപ്യൻ വഴിയാണ്,” എന്നും വോൺ ഡെർ ലേയൻ ട്രംപിനെ ഓർമ്മപ്പെടുത്തി.


ചർച്ചകളും ആക്രമണവും


ചൊവ്വാഴ്ച ഇരു രാജ്യങ്ങളും പരസ്പരം ആക്രമിച്ചിരുന്നു. വിവധ സ്ഥലങ്ങളിലായി 10 പേർ കൊല്ലപ്പെടുകയും ചെയ്തു.


ആർമി സെക്രട്ടറി ഡാൻ ഡ്രിസ്‌കോളിന്റെ നേതൃത്വത്തിലുള്ള യുഎസ് സംഘം അബുദാബിയിൽ റഷ്യൻ പ്രതിനിധികളുമായി ചർച്ച തുടരുകയാണ്. പുടിനുമായി ചർച്ചകൾക്ക് പ്രതിനിധിയെ റഷ്യയിലേക്ക് അയക്കുന്നതായി ട്രംപ് പറഞ്ഞിരുന്നു.


യുക്രൈൻ പ്രസിഡന്റ് വോളോദിമിർ സെലെൻസ്‌കി അമേരിക്ക സന്ദർശിച്ചേക്കുമെന്ന് സൂചനയുണ്ട്. പ്രദേശങ്ങൾ വിട്ടുനൽകുന്നത് സംബന്ധിച്ചും മറ്റ് നിർണ്ണായക വിഷയങ്ങളിലും ട്രംപും സെലെൻസ്‌കിയും തമ്മിലുള്ള നേരിട്ടുള്ള ചർച്ചയിലാകും അന്തിമ തീരുമാനങ്ങൾ.


"ജനീവയിലെ മീറ്റിംഗുകൾക്ക് ശേഷം, സമാധാനത്തിലേക്കുള്ള പാത യാഥാർത്ഥ്യമാക്കാൻ കഴിയുന്ന നിരവധി സാധ്യതകൾ ഞങ്ങൾ കാണുന്നു. ശക്തമായ ഫലങ്ങൾ ഉണ്ട്, ഇനിയും ഒരുപാട് കാര്യങ്ങൾ മുന്നിലുണ്ട്." എന്നാണ് ബുധനാഴ്ച രാവിലെ എക്‌സിലെ ഒരു പോസ്റ്റിൽ സെലെൻസ്‌കി കുറിച്ചത്.  



deshabhimani section

Related News

View More
0 comments
Sort by

Home