മുംബൈ ഭീകരാക്രമണം: നടുക്കുന്ന ഓർമകൾക്ക് 17 വയസ്

ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണം നടന്നിട്ട് 17 വർഷം പിന്നിടുന്നു. അമേരിക്കയിലെ സെപ്‌തംബർ 11 ആക്രമണംപോലെ ഭീകരാക്രമണങ്ങളുടെ പട്ടികയിൽ മുൻനിരയിലാണ് 2008 നവംബർ 26നുണ്ടായ മുംബൈ ആക്രമണം. മൂന്നുദിവസം മുംബൈ നഗരത്തെയും രാജ്യത്തെയാകെയും പത്തംഗ ഭീകരസംഘം മുൾമുനയിൽ നിർത്തി. അഞ്ചിടത്തായി അരങ്ങേറിയ ആക്രമണത്തിൽ 166 പേർ കൊല്ലപ്പെട്ടു. മുന്നൂറിലേറെ പേർക്ക് പരിക്കേറ്റു.
അക്രമണം ആസൂത്രണം ചെയ്‌ത ലഷ്‌കറെ തയ്‌ബയുടെ പത്തംഗ സംഘത്തിൽ ഒമ്പതുപേരും കൊല്ലപ്പെട്ടു. അജ്‌മൽ കസബ് എന്ന ഭീകരനെ മുംബൈ പൊലീസ് ജീവനോടെ പിടികൂടി. ഇയാളെ 2012 നവംബർ 21ന് തൂക്കിലേറ്റി. ആക്രമണഘട്ടത്തിൽ ആഭ്യന്തര മന്ത്രിയായിരുന്ന ശിവ്‌രാജ് പാട്ടീലും ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരുന്ന എം കെ നാരായണനും രാജിവച്ചു.
2008 നവംബർ 21നാണ് ആയുധങ്ങളും സ്‌ഫോടനവസ്‌തുക്കളുമായി കറാച്ചിയിൽനിന്ന് ഭീകരർ കടൽമാർഗം ഇന്ത്യൻ തീരം ലക്ഷ്യമാക്കി നീങ്ങിയത്. നാല് മത്സ്യത്തൊഴിലാളികളെ കൊന്ന് ബോട്ട് തട്ടിയെടുത്ത് ക്യാപ്‌റ്റനെ ഭീഷണിപ്പെടുത്തി ഇന്ത്യൻ ദിശയിൽ നീങ്ങി. നവംബർ 26ന് തീരത്തോട് നാല് നോട്ടിൽ മൈൽ അടുത്തെത്തിയ ഘട്ടത്തിൽ ക്യാപ്‌റ്റനെയും കൊന്നു. സംഘത്തിലെ ആറുപേർ രാത്രി 8.10ന് കൊളാബയ്‌ക്കു സമീപം ഇറങ്ങി. ശേഷിച്ചവർ ബദ്‌വാർപാർക്കിൽ തീരമണഞ്ഞു. കൊളാബയിൽ ലിയോപോൾഡ് കഫേയിൽ ആദ്യ ആക്രമണം.
നാല് ഭീകരർ താജ്‌മഹൽ ഹോട്ടലിലും രണ്ടുപേർ വീതം ഒബ്‌റോയ് ട്രിഡന്റിലും ജൂതരുടെ ചബാദ്‌ഹൗസിലും ഇരച്ചുകയറി ആളുകളെ ബന്ദികളാക്കി. അജ്‌മൽ കസബും ഇസ്‌മായിലും ടാക്‌സിയിൽ സിഎസ്‌ടി സ്‌റ്റേഷനിലെത്തി യാത്രികർക്കു നേരെ വെടിയുതിർത്തു. 58 പേർ മരിച്ചു. പിന്നീട് കാമ ആശുപത്രിയിൽ. ഇവിടെ ചെറുക്കാൻ ശ്രമിച്ച എടിഎസ് തലവൻ ഹേമന്ത് കാക്കറെയടക്കം മൂന്ന് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തി.
ഒരു വാഹനം തട്ടിയെടുത്ത് കടക്കാൻ ശ്രമിച്ച ഭീകരരെ പൊലീസ് സംഘം തടഞ്ഞു. ഇസ്‌മയിൽ കൊല്ലപ്പെട്ടു. കസബിനെ ജീവനോടെ പിടികൂടി. നവംബർ 28ന് ഒബ്‌റോയ് ഹോട്ടലിലെയും ചബാദ്‌ഹൗസിലെയും ഭീകരരെ കൊലപ്പെടുത്തി. അടുത്ത ദിവസം താജ്‌മഹൽ ഹോട്ടലും മോചിപ്പിച്ചു. ഏറ്റുമുട്ടലിൽ മലയാളി മേജർ സന്ദീപ് ഉണ്ണികൃഷ്‌ണനും കൊല്ലപ്പെട്ടിരുന്നു. മുംബെെ ഭീകരാക്രണ കേസ് പ്രതി തഹാവൂർ റാണയെ കഴിഞ്ഞ ഏപ്രിൽ 10ന് അമേരിക്ക ഇന്ത്യയ്ക്ക് കൈമാറി.








0 comments