'വിലായത്ത് ബുദ്ധ'യ്ക്ക് സൈബർ ആക്രമണം; താനടക്കം എല്ലാവരോടുമുള്ള ക്രൂരത: ഷമ്മി തിലകൻ

കൊച്ചി: പൃഥ്വിരാജും ഷമ്മി തിലകനും പ്രധാന വേഷത്തിലെത്തിയ 'വിലായത്ത് ബുദ്ധ'യ്ക്ക് എതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ പ്രതികരണവുമായി നടൻ ഷമ്മി തിലകൻ. ചിത്രത്തിൽ അഭിനയിച്ച താനടക്കമുള്ള എല്ലാവരോടുമുള്ള ക്രൂരതയാണ് ചിത്രത്തിന് എതിരായ സൈബർ ആക്രമണമെന്ന് അദ്ദേഹം പറഞ്ഞു.
''നിർമ്മാതാവിന് സാമ്പത്തിക നഷ്ടമുണ്ടാകുന്നതോടൊപ്പം ഞങ്ങള്‍ക്ക് ഇത്തരത്തിലുള്ള വേഷം കിട്ടുന്നത് ആണ്ടിനും സംക്രാന്തിക്കുമൊക്കെയാണ്. പൃഥ്വിരാജ് ഉൾപ്പെടെ വിലായത്ത് ബുദ്ധയിൽ അഭിനയിച്ച ഞാനടക്കമുള്ള എല്ലാവരോടുമുള്ള ക്രൂരതയാണ് ചിത്രത്തിന് എതിരായ സൈബർ ആക്രമണം എന്നാണ് തോന്നുന്നത്. ജനങ്ങൾക്ക് ചിത്രം ഇഷ്ടപ്പെട്ട ഒരു അവസ്ഥയുണ്ട്. ആ സമയത്ത് ഇങ്ങനെയുള്ള ഹേറ്റ് കാമ്പയിൻ വരുമ്പോള്‍ ഈ മനസ്ഥിതിയില്ലാത്ത ചിത്രം കാണാത്തവർക്ക് കാണാൻ പോകേണ്ട എന്ന തോന്നലുണ്ടാക്കും. അത് ഞങ്ങള്‍ക്കൊക്കെയാണ് ദോഷമുണ്ടാക്കുന്നത്. പ്രകടനം നല്ലതാവട്ടെ ചീത്തയാവട്ടെ അത് ജനങ്ങള്‍ കണ്ടില്ലെങ്കിൽ ഞങ്ങളൊക്കെ ഈ പണി ചെയ്തിട്ട് എന്ത് കാര്യം'', ഷമ്മി തിലകൻ ആരാഞ്ഞു.
ശ്രദ്ധേയ എഴുത്തുകാരനായ ജി ആർ ഇന്ദുഗോപന്‍റെ പ്രശസ്തമായ നോവലിനെ ആസ്പദമാക്കി അതേപേരിൽ ജയൻ നമ്പ്യാർ ഒരുക്കിയ 'വിലായത്ത് ബുദ്ധ'യെ ലക്ഷ്യമിട്ടുകൊണ്ട് മതപരവും രാഷ്ട്രീയപരവുമായ വിദ്വേഷ പ്രചാരണങ്ങൾ നടത്തിയ യൂട്യൂബ് ചാനലിനെതിരെ കഴിഞ്ഞദിവസം സൈബർ സെല്ലിൽ സിനിമയുടെ നിർമ്മാതാവ് സന്ദീപ് സേനൻ പരാതി നൽകിയിരുന്നു. 'ഫസ്റ്റ് റിപ്പോർട്ട് ഓൺലൈൻ' എന്ന യൂട്യൂബ് ചാനലിനെതിരെയാണ് പരാതി. സിനിമയെയും അണിയറപ്രവർത്തകരെയും വ്യക്തിപരമായി അധിക്ഷേപിക്കുന്നതും മത-രാഷ്ട്രീയ വിദ്വേഷം വളർത്തുന്ന രീതിയിലാണ് സിനിമയ്ക്ക് എതിരെയുള്ള പ്രചാരണം നടക്കുന്നത്. അതേസമയം ചിത്രത്തിന് എല്ലാത്തരം പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
'തൊണ്ടിമുതലും ദൃക്‌സാക്ഷിയും', 'സത്യം പറഞ്ഞാൽ വിശ്വസിക്കുവോ', 'സൗദി വെള്ളക്ക' തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഉർവ്വശി തിയെറ്റേഴ്സിൻ്റെ ബാനറിൽ സന്ദീപ് സേനൻ ഒരുക്കിയിരിക്കുന്ന ചിത്രമാണ് 'വിലായത്ത് ബുദ്ധ'. എവിഎ പ്രൊഡക്ഷൻസിനുവേണ്ടി എ വി അനൂപുമായി ചേർന്നാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ജി.ആർ. ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേർന്നാണ് 'വിലായത്ത് ബുദ്ധ'യുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷമ്മി തിലകൻ, രാജശ്രീ, പ്രിയംവദ, അനു മോഹൻ, ടി ജെ അരുണാചലം തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിലുള്ളത്.








0 comments