മുനമ്പത്തെ താമസക്കാർക്ക് നികുതിയടയ്‌ക്കാമെന്ന് ഹൈക്കോടതി

thanthra vidya peedam
വെബ് ഡെസ്ക്

Published on Nov 26, 2025, 12:22 PM | 1 min read

കൊച്ചി: മുനമ്പത്തെ താമസക്കാർക്ക് ഭൂനികുതി അടയ്ക്കാമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. അന്തിമ വിധി വരുന്നത് വരെ താൽകാലികാടിസ്ഥാനത്തിൽ കരം സ്വീകരിക്കാൻ റവന്യൂവകുപ്പിനോട് കോടതി നിർദേശിച്ചു. ഭൂനികുതി സ്വീകരിക്കാനും മറ്റ് റവന്യു നടപടികൾക്കും അധികൃതർക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് വഖഫ് തർക്കം നിലനിന്നിരുന്ന മുനമ്പത്തെ താമസക്കാർ നൽകിയ ഹർജിയിലാണ് ഉത്തരവ്.


1950ൽ ഫാറൂഖ് കോളേജിന് ഇഷ്ടദാനം ലഭിച്ച ഭൂമി 2019ൽ വഖഫ് ആണെന്ന് വഖഫ് ബോർഡ് പ്രഖ്യാപിച്ചതോടെയാണ് അവിടത്തെ താമസക്കാരിൽനിന്ന്‌ നികുതി ഇ‍ൗടാക്കാതിരുന്നത്. ഭുനികുതി കൈപ്പറ്റാൻ തഹസിൽദാർ നിർദേശിച്ചെങ്കിലും ഈ ഭൂമിയുടെ പോക്കുവരവ്, വിൽപ്പന, പണയം തുടങ്ങിയവയ്‌ക്ക് റവന്യു അധികൃതർ അനുമതി നൽകുന്നില്ലെന്ന് പരാതിപ്പെട്ടാണ് ഭൂസംരക്ഷണ സമിതിയും ചില താമസക്കാരും 2023 ൽ ഹർജി നൽകിയത്.


മുനമ്പത്തേത്‌ വഖഫ് ഭൂമിയല്ലെന്ന ഡിവിഷൻ ബെഞ്ച് ഉത്തരവിന്റെ അടിസ്ഥാനത്തിൽ മുനമ്പത്തെ താമസക്കാർക്ക് ഭൂനികുതി അടയ്ക്കാൻ അനുമതി നൽകണമെന്ന സർക്കാർ നിലപാട് കോടതിയെ നേരത്തെ അറിയിച്ചിരുന്നു.


മുനമ്പത്തെ അറുന്നൂറോളം കുടുംബങ്ങളെ വഴിയാധാരാമാക്കില്ലെന്ന ദൃഢനിശ്ചയത്തോടെ സംസ്ഥാന സർക്കാർ കൈക്കൊണ്ട നടപടികളാണ്‌ ഡിവിഷൻ ബെഞ്ചിന്റെ ചരിത്രവിധിയിലൂടെ അംഗീകരിക്കപ്പെട്ടത്‌. മുനമ്പത്തേത് വഖഫ് ഭൂമിയായി കണക്കാക്കാനാകില്ലെന്നാണ്‌ ഡിവിഷൻ ബെഞ്ച്‌ വ്യക്തമാക്കിയത്‌. 1950ലെ ആധാരപ്രകാരം ഭൂമി ഫാറൂഖ് കോളേജിന് ദാനം കിട്ടിയതാണ്. ഇത് വഖഫ് നിയമത്തിന് കീഴിൽ വരില്ലെന്നുമാണ്‌ കോടതി വ്യക്തമാക്കിയത്‌.


മുഹമ്മദ് സിദ്ദിഖ് സേട്ട് കോഴിക്കോട് ഫാറൂഖ് കോളേജിന് നല്‍കിയ ഭൂമി ഇഷ്ടദാനമാണോ വഖഫാണോ എന്നതായിരുന്നു തർക്കവിഷയം. തർക്കം ഉയർന്നപ്പോൾതന്നെ സർക്കാർ പ്രശ്‌നത്തിൽ ഇടപെട്ടു. വഖഫ്‌ ബോർഡിന്റെ നോട്ടീസ്‌ പ്രകാരം താമസക്കാർ കരമടയ്‌ക്കുന്നത്‌ തടഞ്ഞപ്പോൾ കരമടയ്‌ക്കാൻ പ്രത്യേക അനുമതി നൽകി. മുഖ്യമന്ത്രി ഭൂവുടമകളുമായി നേരിട്ട്‌ സംസാരിച്ചു. മുനന്പം നിവാസികളുടെ അവകാശം സംരക്ഷിക്കുമെന്ന ഉറപ്പോടെ തുടർനടപടികളുടെ ഭാഗമായി ജസ്‌റ്റിസ്‌ സി എൻ രാമചന്ദ്രൻനായർ കമീഷനെയും നിയോഗിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Home