പാകിസ്ഥാനും അഫ്ഗാനിസ്ഥാനും നേർക്കുനേർ, ഡ്യൂറണ്ട് ലൈനിൽ സംഘർഷം കനക്കുന്നു

പാകിസ്ഥാനും അഫ്ഗാനിസ്ഥാനും സൈന്യത്തെ അണിനിരത്തി 'പൂർണ്ണ' ഏറ്റുമുട്ടലിനെക്കുറിച്ച് മുന്നറിയിപ്പ് നൽകി. ഡ്യൂറണ്ട് രേഖയിൽ സംഘർഷം രൂക്ഷമാവുന്നു. ഇരു രാജ്യങ്ങളും അതിർത്തി സ്ഥാനങ്ങളിലേക്ക് കനത്ത പീരങ്കികളും അധിക സൈനികരെയും നീക്കി തുടങ്ങി.
വളരെക്കാലമായി സംഘർഷത്തിന് കാരണമായിട്ടുള്ള സ്ഥലങ്ങളിൽ ഏറ്റുമുട്ടലുകളും വെടിവയ്പ്പുകളും വർധിച്ചു. ഇതിന് പുറമെ വലിയ തോതിലുള്ള സൈനിക വിന്യാസവും നിരീക്ഷണ പ്രവർത്തനങ്ങളും സജീവമായതോടെ യുദ്ധാശങ്ക വർധിക്കുന്ന സാഹചര്യമാണ്.
പാകിസ്ഥാൻ അഫ്ഗാൻ താലിബാനെ എഴുതിത്തള്ളുകയാണെന്നും ആ ഗ്രൂപ്പിൽ നിന്ന് ഇനി ഒരു നല്ല പ്രതീക്ഷയും ഇല്ലെന്നും പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് ചൊവ്വാഴ്ച പ്രതികരിച്ചു. ബന്ധം നിരന്തരം പിരിമുറുക്കത്തിലാണ്. അത് കുറയുന്ന ലക്ഷണമൊന്നും കാണിക്കുന്നില്ല എന്നും വ്യക്തമാക്കി.
ബുധനാഴ്ച രാവിലെ അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടത്തിന്റെ വക്താവ് സബിയുള്ള മുജാഹിദ് പാകിസ്ഥാനെതിരെ രംഗത്ത് വന്നു. ഖോസ്റ്റ് പ്രവിശ്യയിൽ ബോംബ് വർഷിക്കുകയും കുനാർ, പക്തിക പ്രവിശ്യകളിൽ വ്യോമാക്രമണം നടത്തുകയും ചെയ്തുവെന്ന് പറഞ്ഞു.

ഡ്യൂറണ്ട് ലൈനിന് ഇരുവശവും ചാമൻ-സ്പിൻ ബോൾഡിക്, അംഗൂർ അദ്ദ, കുറം-നംഗഹാർ, തോർഖാം എന്നിവയുൾപ്പെടെ ഒന്നിലധികം മേഖലകളിൽ വ്യോമ നിരീക്ഷണം ആരംഭിച്ചതായി റിപ്പോർട് വന്നു. ചമൻ-സ്പിൻ ബോൾഡിക്, തോർഖാം എന്നീ സ്ഥലങ്ങളിൽ ഉൾപ്പെടെ ഇരുപക്ഷവും ജാഗ്രത വർധിപ്പിച്ചു.
കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ സൈന്യം വ്യോമാക്രമണം നടത്തിയതായി താലിബാൻ ചൊവ്വാഴ്ച ആരോപിച്ചിരുന്നു. ഈ ആക്രമണത്തിൽ 9 കുട്ടികളും ഒരു സ്ത്രീയും കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പാകിസ്ഥാനെതിരെ അടുത്തിടെ നടന്ന നിരവധി ആക്രമണങ്ങളെ തുടർന്നാണ് ബോംബാക്രമണം നടത്തിയത് എന്നാണ് പാകിസ്ഥാൻ പ്രതികരിച്ചത്.
കഴിഞ്ഞ മാസം വ്യോമാക്രമണങ്ങളിലും കരയുദ്ധത്തിലും ഡസൻ കണക്കിന് ആളുകൾ കൊല്ലപ്പെട്ടിരുന്നു. 2021 ൽ അഫ്ഗാൻ താലിബാൻ അധികാരം പിടിച്ചെടുത്തതിനുശേഷം ഉണ്ടായ ഏറ്റവും മാരകമായ ഏറ്റുമുട്ടലാണ് ഉണ്ടായത്.
ചർച്ചകൾ അവസാനിപ്പിച്ച് ആക്ഷൻ
നിരോധിത ഭീകര സംഘടനയായ തെഹ്രീക്-ഇ-താലിബാൻ പാകിസ്ഥാൻ (ടിടിപി) ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രധാന തർക്കവിഷയമായി തുടരുന്നു.
അതിർത്തി കടന്നുള്ള ഭീകരത തടയാൻ കാബൂളിലെ ഭരണാധികാരികൾ നടപടിയെടുക്കണമെന്ന് പാകിസ്ഥാൻ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ പാകിസ്ഥാനിൽ ആക്രമണം നടത്താൻ അഫ്ഗാൻ മണ്ണ് ഉപയോഗിക്കാൻ തീവ്രവാദികളെ അനുവദിച്ചുവെന്ന ആരോപണങ്ങൾ അഫ്ഗാൻ താലിബാൻ നിഷേധിക്കുന്നു.
ഒക്ടോബറിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ചയിൽ ശാശ്വത സമാധാനത്തിനും സ്ഥിരതയ്ക്കും വേണ്ടിയുള്ള പ്രവർത്തനങ്ങൾ തുടരുമെന്ന് പ്രതിജ്ഞയെടുത്തിരുന്നു.
ഒക്ടോബർ 25 ന് ഇരുപക്ഷവും തമ്മിലുള്ള രണ്ടാം ഘട്ട ചർച്ചകൾ ഇസ്താംബൂളിൽ നടന്നു. ചർച്ചകൾ "ഒരു പ്രായോഗിക പരിഹാരം കൊണ്ടുവരുന്നതിൽ പരാജയപ്പെട്ടു" എന്നായിരുന്നു അന്ന് ഇൻഫർമേഷൻ വിഭാഗം മന്ത്രി അത്തൗല്ല തരാർ പ്രതികരിച്ചത്.
മധ്യസ്ഥരായ തുർക്കിയും ഖത്തറും ഇടപെട്ട് സംഭാഷണ പ്രക്രിയ പുനരാരംഭിച്ചു. ഒക്ടോബർ 31 ന് സംയുക്ത പ്രസ്താവന ഇറക്കി.
നവംബർ 7 ന്, മൂന്നാം ഘട്ട ചർച്ച നടന്നു എങ്കിലും അതിർത്തി കടന്നുള്ള ഭീകരതയെ അഭിസംബോധന ചെയ്യുന്ന ചർച്ചകൾ അഭിപ്രായവ്യത്യാസത്തിലേക്ക് എത്തി.
ചർച്ച പരാജയപ്പെട്ടതിനെത്തുടർന്ന്, അഫ്ഗാൻ താലിബാൻ ഇസ്ലാമാബാദുമായുള്ള വ്യാപാര ബന്ധം താൽക്കാലികമായി നിർത്തിവച്ചു. ഒക്ടോബറിലെ ഏറ്റുമുട്ടലുകൾക്ക് തൊട്ടുപിന്നാലെ പാകിസ്ഥാൻ വ്യാപാരത്തിനായുള്ള അതിർത്തി അടച്ചിരുന്നു.
ഇസ്ലാമാബാദിനും കാബൂളിനും ഇടയിലുള്ള സംഘർഷാവസ്ഥ ചർച്ച ചെയ്യാൻ ഉന്നത ഉദ്യോഗസ്ഥർ പാകിസ്ഥാൻ സന്ദർശിക്കുമെന്ന് തുർക്കി പ്രഖ്യാപിച്ചിരുന്നു. നവംബർ 14 ന് തുർക്കിയെയുടെയും ദോഹയുടെയും ശ്രമങ്ങളെ പാകിസ്ഥാൻ സ്വാഗതം ചെയ്തു. എങ്കിലും പ്രതിനിധി സംഘത്തിന്റെ വരവും ചർച്ചയും നിശ്ചയിക്കാൻ കഴിയാത്ത അനിശ്ചിതത്വത്തിലേക്ക് കാര്യങ്ങൾ മുന്നേറി.








0 comments