തീവ്രന്യൂനമർദം സെൻയാർ ചുഴലിക്കാറ്റായി: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദവും ശക്തി പ്രാപിക്കുന്നു; സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: മലാക്ക കടലിടുക്കിനും ഇന്തോനേഷ്യയ്ക്കും മുകളിലായി സെൻയാർ ചുഴലിക്കാറ്റ് രൂപപ്പെട്ടു. പ്രത്യക്ഷത്തില്‍ ചുഴലിക്കാറ്റ് ഇന്ത്യന്‍ തീരത്തിനു ഭീഷണിയില്ലെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. എന്നാൽ ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ചതോടെ അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.
സെൻയാർ ചുഴലിക്കാറ്റ്
മലാക്ക കടലിടുക്കിനു മുകളിലുള്ള തീവ്ര ന്യൂനമർദമാണ് ചുഴലിക്കാറ്റായി മാറിയത്. മണിക്കൂറിൽ 10 കിലോമീറ്റർ വേഗതയിലാണ് ചുഴലിക്കാറ്റ് പടിഞ്ഞാറോട്ട് നീങ്ങിയതെന്ന് ഐഎംഡി വ്യക്തമാക്കി. ബുധനാഴ്ച പുലർച്ചെ 5:30 വരെ, സെൻയാർ ചുഴലിക്കാറ്റ് മലാക്ക കടലിടുക്കിനും വടക്കുകിഴക്കൻ ഇന്തോനേഷ്യയുടെ സമീപ ഭാഗങ്ങൾക്കും മുകളിലായിരുന്നു സ്ഥിതി ചെയ്തിരുന്നത്.
അടുത്ത 24 മണിക്കൂർ നേരത്തേക്ക് ചുഴലിക്കാറ്റിന്റെ തീവ്രത നിലനിർത്താനും പിന്നീട് ക്രമേണ ദുർബലമാകാനും സാധ്യതയുണ്ട്. ഇന്ന് ഉച്ചക്ക് ശേഷം കൊടുങ്കാറ്റ് ഇന്തോനേഷ്യ തീരം തൊടുമെന്ന് പ്രതീക്ഷിക്കുന്നു. അറബിയില്‍ സിംഹം എന്ന അര്‍ത്ഥമുള്ള സെൻയാർ എന്ന പേര് ചുഴലിക്കാറ്റിന് നിര്‍ദേശിച്ചത് യുഎഇയാണ്.
നവംബർ 26 നും ഡിസംബർ 1 നും ഇടയിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് ഐഎംഡി കനത്ത മഴയ്ക്കുള്ള മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചു. 26ന് കേരളത്തിലും മാഹിയിലും, നവംബർ 29 മുതൽ ഡിസംബർ 1 വരെ തീരദേശ ആന്ധ്രാപ്രദേശ്, യാനം, റായലസീമ എന്നിവിടങ്ങളിലും, നവംബർ 26 മുതൽ 29വരെ ആൻഡമാൻ നിക്കോബാർ ദ്വീപുകളിലും കനത്ത മഴ പെയ്യുമെന്നും കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു.








0 comments