2 മിനിറ്റ് ആലോചന, ബവുമ ഇന്ത്യയെ തള്ളിവിട്ടത് ഭൂലോക തോൽവിയിലേക്ക്

ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ടെംബ ബവുമ Photo AFP
ഗുവാഹത്തി: ഗുവാഹത്തി ടെസ്റ്റിൽ ആതിഥേയരായ ഇന്ത്യയെ ഫോളോ ഓൺ ചെയ്യിപ്പിക്കാനുള്ള അവസരം നഷ്ടപ്പെടുത്തിയെന്ന് വിമർശിച്ചവർക്ക് ചരിത്ര വിജയത്തിലൂടെ മറുപടി നൽകി ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ടെംബ ബവുമ. കറുത്തവനെന്നും കുള്ളനെന്നുമുള്ള പരിഹാസം സ്വന്തം ആരാധകരിൽനിന്നുപോലും കേട്ട ബവുമയ്ക്ക് കളി ജീവിതത്തിലെ ഈ വിമർശനങ്ങളൊന്നും ഏൽക്കില്ല.
ഒന്നാം ഇന്നിങ്സിൽ ഇന്ത്യയെ 201ന് പുറത്താക്കി 288 റൺസിന്റെ ലീഡ് സ്വന്തമാക്കിയിട്ടും, ഫോളോ ഓൺ ചെയ്യിക്കാതെ രണ്ടാം ഇന്നിങ്സിൽ ദക്ഷിണാഫ്രിക്ക ബാറ്റിങ്ങിന് ഇറങ്ങിയതിനെതിരായാണ് വിമർശനം ഉയർന്നത്. ഇന്ത്യ ഓൾഔട്ടായതിന് പിന്നാലെ അമ്പയർമാർ ഫോളോ ഓൺ ചെയ്യുന്നുണ്ടോ എന്ന് ബവുമയോട് ചോദിച്ചപ്പോൾ, രണ്ട് മിനിറ്റ് സമയം ചോദിച്ച് ടീം മാനേജ്‌മെന്റിനോട് കൂടിയാലോചിച്ച ശേഷമാണ് ക്യാപ്റ്റൻ തീരുമാനമെടുത്തത്. ഫോളോ ഓൺ ഉപേക്ഷിച്ച ബവുമയുടെ തീരുമാനം ഏവർക്കും കൗതുകമായിരുന്നു. റണ്ണടിസ്ഥാനത്തിൽ ഇന്ത്യയുടെ വലിയ തോൽവിയിലേക്ക് തള്ളിവിട്ടത് ക്യാപ്റ്റൻ ഈ തന്ത്രമാണ്.
ഇന്ത്യൻ മണ്ണിലെ സമ്പൂർണ്ണ വിജയം ദക്ഷിണാഫ്രിക്കയ്ക്ക് ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പ് കിരീടം വാങ്ങിക്കൊടുത്ത ബവുമയുടെ കിരീടത്തിലെ മറ്റൊരു പെൻതൂവലായി. ദക്ഷിണാഫ്രിക്ക ആദ്യമായാണ് ഇന്ത്യൻ മണ്ണിൽ ഒരു സമ്പൂർണ പരമ്പര വിജയം സ്വന്തമാക്കുന്നത്. കൊൽക്കത്തിൽ നടന്ന ആദ്യ ടെസ്റ്റിൽ 30 റൺസിന് ജയച്ചിപ്പോൾ ഗുവാഹത്തിയിൽ 408 റൺസിന്റെ ചരിത്ര വിജയമാണ് ടീം സ്വന്തമാക്കിയത്.
ദക്ഷിണാഫ്രിക്കൻ ടെസ്റ്റ് ടീമിലെ ആദ്യ കറുത്തവംശജനായ ബാറ്ററായി 2014ലാണ് ബുവുമയുടെ അരങ്ങേറ്റം. ഏകദിന, ട്വന്റി20 ടീമിനുപിന്നാലെ 2023ൽ ടെസ്‌റ്റ് ക്യാപ്‌റ്റനായി. തോൽവി അറിയാത്ത ടെസ്റ്റ് ക്യാപ്റ്റൻ കൂടിയാണ് താരം. 12 മത്സരങ്ങളിൽ ക്യാപ്റ്റനായി ഇറങ്ങിയപ്പോൾ 11ലും ജയിച്ചു. ഒരു മത്സരം സമനിലയായി.
അതേസമയം സമീപകാലത്തെ ഏറ്റവും മോശം അവസ്ഥയിലൂടെയാണ് ഇന്ത്യ കടന്നു പോകുന്നത്. 2017 മുതൽ 2024വരെ സ്വന്തംതട്ടകത്തിൽ 28 ടെസ്‌റ്റിൽ നാലെണ്ണത്തിൽ മാത്രമായിരുന്നു തോൽവി. എന്നാൽ കഴിഞ്ഞ പതിമൂന്ന് മാസത്തിനിടെ ഏഴ് കളിയിൽ അഞ്ചും തോറ്റു. പരിശീലകൻ ഗൗതം ഗംഭീറും മുഖ്യ സെലക്ടർ അജിത് അഗാർക്കറുമാണ് ചോദ്യമുനയിൽ. ഗംഭീറിന് കീഴിൽ ഇന്ത്യൻ ടെസ്‌റ്റ് ടീമിന്റെ ഭാവി ശോഭനമല്ലെന്നാണ് മുൻ താരങ്ങളുടെ വിമർശം. ദുർബലരായ വെസ്‌റ്റിൻഡീസിനെതിരെയുള്ള പരമ്പരയാണ് ഇൗ കാലയളവിൽ ആകെയുള്ള നേട്ടം. കഴിഞ്ഞ 53 വർഷത്തിനിടെ ആദ്യമായാണ് ഇതുപോലൊരു തകർച്ച.1969–72 കാലഘട്ടത്തിലാണ് ഇതിന് മുമ്പ് ആറ് കളിയിൽ നാലും തോറ്റത്.








0 comments