പാട്ടിന്റെ അമൃതമഴ; ഓർമകളിൽ ബിച്ചു തിരുമല

ബിച്ചു തിരുമല( എഐ നിർമിത ചിത്രം)
മലയാളികൾക്ക് ഓർമയിലൊരു ശിശിരം സമ്മാനിച്ച ഗാനരചയിതാവ് ബിച്ചു തിരുമല വിടപറഞ്ഞിട്ട് നാല് വർഷം. വിരഹത്തിലും വേദനയിലും പ്രണയത്തിലും മലയാളിമനസ്സിൽ ഓടിയെത്തുന്ന ഭാവഗാനങ്ങളുടെ സ്രഷ്ടാവായിരുന്നു ബിച്ചു തിരുമല. അയ്യായിരത്തിലധികം ഗാനങ്ങൾ ആസ്വാദകർക്കേകിയാണ് ബിച്ചുതിരുമലയുടെ വിടവാങ്ങൽ.
മൈനാകം കടലിൽ നിന്നുയരുന്നുവോ, ഏഴു സ്വരങ്ങളും തഴുകി വരുന്നൊരു, തേനും വയമ്പും, മനസിൽ നിന്നും മനസിലേക്കൊരു മൗനസഞ്ചാരം, രാകേന്ദുകിരണങ്ങൾ, വാകപ്പൂമരം ചൂടും, ശ്രുതിയിൽ നിന്നുയരും, തേനും വയമ്പും, ആലിപ്പഴം പെറുക്കാം, ഓലത്തുമ്പത്തിരുന്നൂയലാടും, മാമാങ്കം പലകുറി.. തുടങ്ങി ബിച്ചുവിന്റെ തൂലികയിൽ വിരിഞ്ഞ എത്രയെത്ര ഗാനങ്ങളാണ് വർഷങ്ങൾ പിന്നിട്ടിട്ടും മലളയാളികളുടെ ചുണ്ടിൽ മായാതെ നിൽക്കുന്നത്.
മെലഡി പാട്ടുകളായിരുന്നു ബിച്ചുവിന്റെ തട്ടകമെങ്കിലും ഫാസ്റ്റ് ഹിറ്റ് നമ്പറുകളും യുഗ്മ ഗാനങ്ങളും പ്രണയഗാനങ്ങളുമെല്ലാം സിനിമ ലോകത്തെ വേറിട്ട അനുഭവങ്ങളായി. ഉന്നംമറന്ന് തെന്നിപറന്ന, ഒരു മധുരക്കിനാവിൻ തുടങ്ങിയവ തലമുറകളുടെ വൈബ് പാട്ടാണ്. ഇന്നും ആഘോഷ വേദികളും ഉത്സവ പറമ്പുകളും അടക്കിവാഴുന്നതും ഇതേ പാട്ടുകൾ തന്നെ. റീമേക്കുകളിലും പാട്ടുകൾ ഇടം പിടിച്ചുവെന്നതും ശ്രദ്ദേയം.
മണിച്ചിത്രത്താഴിലെ ചില ഗാനങ്ങളും എ ആർ റഹ്മാൻ ഈണം നൽകിയ ‘യോദ്ധ’യിലെ ഗാനങ്ങളും ബിച്ചുവിന്റേതാണ്. കുനുകുനെ, പടകാളി തുടങ്ങിയവ മലയാളികളുടെ എക്കാലത്തെയും പ്രിയഗാനങ്ങളാണ്. വരികളിലെ പ്രകൃതിയും, ബന്ധങ്ങളും, വികാരങ്ങളും ബിച്ചു തിരുമലയുടെ ഗാനങ്ങളെ വ്യത്യസ്തമാക്കി. ആസ്വാദകർക്ക് കാതിന് ഇമ്പമേകുന്ന തരത്തിലാണ് ബിച്ചുവിന്റെ പാട്ടെഴുത്ത്. കഥാ സന്ദർഭം ആവശ്യപ്പെടുന്ന തരത്തിൽ പാട്ടുകളെ പ്രതിഫലിപ്പിക്കാൻ ബിച്ചു തിരുമലയുടെ വരികൾക്ക് എന്നും കഴിഞ്ഞിരുന്നു.
1941 ൽ ശാസ്തമംഗലം പട്ടാണിക്കുന്ന് വീട്ടിൽ പാറുക്കുട്ടിയമ്മയുടെയും സി ജി ഭാസ്‌കരൻനായരുടെയും മൂത്തമകനായി ജനനം. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽനിന്ന് ബി എ ബിരുദം നേടി. ബിച്ചു എന്നറിയപ്പെട്ട ശിവശങ്കരൻ നായർ, സംവിധായകൻ എം കൃഷ്ണൻനായർ 1970-ൽ സംവിധാനം ചെയ്ത ‘ശബരിമല ശ്രീ ധർമശാസ്താ' ചിത്രത്തിൽ സഹസംവിധായകനായാണ് സിനിമാരംഗത്തെത്തിയത്.
സി ആർ കെ നായരുടെ ‘ഭജഗോവിന്ദം’ ചിത്രത്തിന് രചിച്ച 'ബ്രാഹ്മമുഹൂർത്തം' എന്നു തുടങ്ങുന്ന ഗാനമാണ് ആദ്യ ചലച്ചിത്രഗാനം. ചിത്രം റിലീസായില്ല. നടൻ മധു സംവിധാനം ചെയ്‌ത 'അക്കൽദാമ'യാണ് ബിച്ചു ഗാനമെഴുതി റിലീസായ ആദ്യചിത്രം. 1981ലും 1991ലും മികച്ച ഗാനരചനയ്ക്കുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചു.
1985-ൽ പുറത്തിറങ്ങിയ 'സത്യം' സിനിമയിലൂടെ സംഗീത സംവിധായകനുമായി. 'ശക്തി' സിനിമയുടെ കഥയും സംഭാഷണവും 'ഇഷ്ടപ്രാണേശ്വരി' ചിത്രത്തിന്റെ തിരക്കഥയും രചിച്ചു. നിരവധി ഗാനങ്ങളും ആലപിച്ചു. ആദ്യ കവിതാസമാഹാരമായ 'അനുസരണയില്ലാത്ത മനസിന്' 1990ലെ വാമദേവൻ പുരസ്കാരം ലഭിച്ചു. ‘കാലത്തിന്റെ കണക്കുപുസ്തകം’ എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അങ്ങനെ അങ്ങനെ കലാസൃഷ്ടികളുടെ വലിയ സംഭാവന ആസ്വാദകർക്ക് സമ്മാനിച്ച് 2021 നവംബർ 26ന് ആ അതുല്യ പ്രതിഭ ലോകത്തോട് വിടപറഞ്ഞു.








0 comments