പരിശീലനത്തിനിടെ പോൾ ഒടിഞ്ഞു വീണു, ബാസ്കറ്റ് ബോൾ താരം മരിച്ചു

ഹരിയാന: ബാസ്കറ്റ് ബോൾ പരിശീലനത്തിനിടെ പോൾ ഒടിഞ്ഞുവീണ് ദേശീയ താരത്തിന് ദാരുണാന്ത്യം. പതിനാറുകാരനായ ഹാർദിക് രാത്തിയാണ് മരിച്ചത്. ദേശീയ യൂത്ത് ചാംപ്യൻഷിപ്പുകളിൽ നിരവധി മെഡലുകൾ നേടിയ താരമാണ് ഹാർദിക്.
റോത്തക്കിലെ ലഖൻ മജ്ര ഗ്രാമത്തിലെ ബാസ്കറ്റ് ബോള്‍ കോര്‍ട്ടിൽ കളിക്കാനെത്തിയ ഹാർദിക് ബോളെടുത്ത് ബാസ്കറ്റിലേക്ക് ഇടുകയായിരുന്നു. അതിനുശേഷം പോളിൽ തൂങ്ങിയപ്പോഴാണ് ഒടിഞ്ഞു ദേഹത്തുവീണത്.
ലഖൻ മജ്ര ഗ്രാമത്തിലെ സ്പോർട്സ് ഗ്രൗണ്ടിൽ രാവിലെ 10 മണിയോടെയാണ് സംഭവം നടന്നത്. അവിടെ താരം ബാസ്കറ്റ്ബോൾ കോർട്ടിൽ ഒറ്റയ്ക്ക് പരിശീലനം നടത്തുകയായിരുന്നു.

ഹാർദിക്കിന്റെ നെഞ്ചിലേക്കാണ് ഇരുമ്പുകൊണ്ടുള്ള പോൾ വീണത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ഹാര്‍ദ്ദിക്കിന്‍റെ മരണത്തെത്തുടര്‍ന്ന് ഹരിയാനയിലെ എല്ലാ കായികമേളകളും മത്സരങ്ങളും അടുത്ത മൂന്ന് ദിവസത്തേക്ക് നിര്‍ത്തിവെക്കുമെന്ന് സംസ്ഥാന ഒളിമ്പിക് അസോസിയേഷന്‍ അറിയിച്ചു. അപകടത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.








0 comments