ലേബർ കോഡിന്റെ പകർപ്പ്‌ കത്തിച്ച് പ്രതിഷേധം; സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി പങ്കെടുത്തത് ആയിരങ്ങൾ

chandranpilla citu

സംയുക്ത ട്രേഡ്‌ യൂണിയൻ കേന്ദ്രസർക്കാർ പ്രാബല്യത്തിലാക്കിയ തൊഴിലാളിവിരുദ്ധ ലേബര്‍ കോഡുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്‌ എറണാകുളം ബിഎസ്എൻഎൽ ഓഫീസിന് മുൻപിൽ നടത്തിയ പ്രതിഷേധ യോഗം സിഐടിയു ദേശീയ സെക്രട്ടറി കെ ചന്ദ്രൻ പിള്ള ഉദ്‌ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 26, 2025, 01:06 PM | 1 min read

കൊച്ചി: മോദി സർക്കാരിന്റെ തൊഴിലാളി– കർഷകദ്രോഹ നിലപാടുകൾക്കെതിരായി ഒരു നീണ്ട സമരപോരാട്ടത്തിന് ട്രേഡ്‌യ‍ൂണിയനുകളും കർഷകസംഘടനകളും തുടക്കം കുറിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രകടനവും ധർണയും നടത്തി.


സംയുക്ത ട്രേഡ്‌ യൂണിയന്റെ നേതൃത്വത്തിൽ തൊഴിലാളിവിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട്‌ എറണാകുളം ബിഎസ്എൻഎൽ ഓഫീസിന് മുൻപിൽ നടത്തിയ പ്രതിഷേധ യോഗം സിഐടിയു ദേശീയ സെക്രട്ടറി കെ ചന്ദ്രൻ പിള്ള ഉദ്‌ഘാടനം ചെയ്തു. ലേബർ കോഡിന്റെ പകർപ്പ്‌ കത്തിച്ചായിരുന്നു പ്രതിഷേധം.


5a043f78-8418-4fc4-a217-07ab1d8a6165

എറണാകുളം ബിഎസ്എൻഎൽ ഓഫീസിന് മുൻപിൽ നടത്തിയ പ്രതിഷേധ യോഗത്തിൽ

സിഐടിയു സെക്രട്ടറി കെ ചന്ദ്രൻ പിള്ളയുടെ നേതൃത്വത്തിൽ ലേബര്‍ കോഡിന്റെ പകർപ്പ്‌ കത്തിക്കുന്നു


ബിഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ വലിയ വിജയത്തിന്‌ പിന്നാലെ തൊഴിലാളികളുടെ അവകാശങ്ങൾ കവർന്നെടുക്കുന്ന നാല്‌ ലേബൻ കോഡുകൾ ഏകപക്ഷീയമായി പ്രാബല്യത്തിലാക്കിയ സർക്കാർ നടപടലി രാജ്യവ്യാപക പ്രക്ഷോഭത്തെ കൂടുതൽ തീഷ്‌ണമാക്കും.


കാർഷിക നിയമങ്ങൾക്കെതിരായി കർഷകസംഘടനകൾ ട്രേഡ്‌യ‍‍ൂണിയനുകളുടെ പിന്തുണയോടെ ഒറ്റക്കെട്ടായി നടത്തിയ ഐതിഹാസിക കർഷകസമരത്തിന്റെ അഞ്ചാം വാർഷികം മുൻനിർത്തി ബുധനാഴ്‌ച രാജ്യവ്യാപക പ്രക്ഷോഭം നേരത്തെ തന്നെ നിശ്‌ചയിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് സമരം ആരംഭിച്ചിരിക്കുന്നത്.


കർഷകസമരം ഒത്തുതീർപ്പായ ഘട്ടത്തിൽ എംഎസ്‌പി നിയമാനുസൃതമാക്കും എന്നതടക്കം സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കുക, ലേബർ കോഡുകൾ പിൻവലിക്കുക, വൈദ്യുതി ഭേദഗതി ബില്ലിൽ നിന്ന്‌ പിൻവാങ്ങുക, വിത്തുബില്ല്‌ അസാധുവാക്കുക തുടങ്ങിയ ആവശ്യങ്ങളാണ്‌ കർഷകസംഘടനകളും ട്രേഡ്‌യൂണിയനുകളും മുന്നോട്ടുവെച്ചിരുന്നത്‌. എന്നാൽ തൊഴിലാളികളുടെയും കർഷകരുടെയും ആവശ്യത്തിന്‌ പുല്ലുവില കൽപ്പിച്ച സർക്കാർ ഏകപക്ഷീയമായി ലേബർ കോഡുകൾ നടപ്പാക്കി. കോർപ്പറേറ്റുകളുടെ താൽപ്പര്യം മാത്രം മുൻനിർത്തിയുള്ള സർക്കാർ നടപടി രാജ്യത്തെ തൊഴിലാളികൾക്കും കർഷകർക്കുമിടയിൽ വലിയ രോഷമാണുയർത്തിയിട്ടുള്ളത്‌.


ഭാവി സമരപരിപാടികൾക്ക്‌ ട്രേഡ്‌യൂണിയനുകളും കർഷകസംഘടനകളും സംയുക്തമായി രൂപം നൽകും. തൊഴിലാളികൾക്കും കർഷകർക്കും അൽപ്പമെങ്കിലും ആശ്വാസം പകരുന്ന സംസ്ഥാനങ്ങളുടെ അധികാരങ്ങൾ കേന്ദ്രസർക്കാർ കവരുന്നതും തൊഴിലാളി– കർഷകസംഘടനകൾ വിഷയമാക്കുന്നു. ജിഎസ്‌ടി പരിഷ്‌ക്കരണവും വൈദ്യുതി ബിൽ ഭേദഗതിയും ദേശീയ സഹകരണ നയവും പുതിയ വിദ്യാഭ്യാസ നയവുമെല്ലാം ഇതിന്‌ ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു. തൊഴിലാളി– കർഷകദ്രോഹ നിലപാടുകളിൽ നിന്ന്‌ പിന്തിരിയുന്നതിനൊപ്പം ഫെഡറൽ തത്വങ്ങളുടെ സംരക്ഷണം ക‍‍ൂടിയാണ്‌ ട്രേഡ്‌യൂണിയനുകളും കർഷകസംഘടനകളും താൽപ്പര്യപ്പെടുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Home