ടെസ്റ്റ് പരീക്ഷ പാസാകണം; ഗ്ലില്ലും ടീമും ഇംഗ്ലണ്ടിൽ

ലണ്ടൻ: ക്യാപ്റ്റൻ ശുഭ്‌മാൻ ഗില്ലിന് കീഴിൽ ശുഭാരംഭംകുറിക്കാൻ ഇന്ത്യൻ ടീം ഇംഗ്ലണ്ടിലെത്തി. ജൂൺ 20 മുതൽ ആഗസ്‌ത് നാല് വരെ നടക്കുന്ന അഞ്ച് ടെസ്‌റ്റ് പരമ്പരയ്ക്കായാണ് ടീം ഇംഗ്ലണ്ടിലെത്തിയത്. വെള്ളിയാഴ്ച രാത്രി മുംബൈയിൽ നിന്നാണ് ടീം ഇന്ത്യ യുകെയിലേക്ക് പുറപ്പെട്ടത്.
രോഹിത് ശർമ, വിരാട് കോഹ്‌ലി, ആർ അശ്വിൻ എന്നിവർ വിരമിച്ചശേഷമുള്ള ആദ്യ ടെസ്‌റ്റ് പരമ്പരയിലാണ് ഇരുപത്തഞ്ചുകാരൻ ശുഭ്‌മാൻ ഗിൽ ക്യാപ്‌റ്റനായി അരങ്ങേറുന്നത്. പഞ്ചാബുകാരനായ ഗിൽ 32 ടെസ്‌റ്റിൽ കളിച്ചു. 2020-21ലെ ഓസ്‌ട്രേലിയൻ പര്യടനത്തിലായിരുന്നു അരങ്ങേറ്റം. 35.05 ബാറ്റിങ് ശരാശരിയിൽ 1893 റണ്ണാണ് സമ്പാദ്യം. അതേസമയം, നിരന്തരമായ പരിക്കുകൾ കാരണമാണ് പേസർ ജസ്‌പ്രീത് ബുമ്രയെ ക്യാപ്‌റ്റൻ സ്ഥാനത്ത് പരിഗണിക്കാത്തതിന് കാരണമന്നാണ് റിപ്പോർട്ട്. ഇംഗ്ലണ്ടിൽ ബുമ്ര അഞ്ച് ടെസ്‌റ്റും കളിക്കാൻ സാധ്യതയില്ല.
വിക്കറ്റ് കീപ്പർ ഋഷഭ് പന്താണ് വൈസ് ക്യാപ്‌റ്റൻ. പതിനെട്ടംഗ ടീമിൽ മലയാളിതാരം കരുൺ നായരും ഉൾപ്പെട്ടു. എട്ട് വർഷത്തിനുശേഷമാണ് കരുൺ ഇന്ത്യൻ ടീമിൽ തിരിച്ചെത്തുന്നത്. ബി സായ് സുദർശനും അർഷ്‌ദീപ് സിങ്ങുമാണ് പുതുമുഖങ്ങൾ.
ഇംഗ്ലണ്ട് ലയൺസിനെതിരായ ചതുർദിന ക്രിക്കറ്റിൽ പരമ്പരയ്ക്കായി ഇന്ത്യ എ ടീമിന്റെ ഭാഗമായി നിരവധി ഇന്ത്യൻ കളിക്കാർ ഇതിനകം ഇംഗ്ലണ്ടിൽ എത്തിയിരുന്നു. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ കെ എൽ രാഹുല്‍ സെഞ്ചുറി നേടി. ഇംഗ്ലണ്ട് ലയൺസിനെതിരായ ആദ്യ മത്സരത്തിൽ മലയാളി ബാറ്റർ കരുൺ നായർ ഇരട്ടസെഞ്ചുറിയും നേടിയിരുന്നു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കു മുമ്പുള്ള പ്രകടനം താരങ്ങളുടെ ആത്മവിശ്വാസമുയർത്തും.
ഇന്ത്യക്കെതിരായ ടെസ്‌റ്റ് പരമ്പരയിൽ ഇംഗ്ലണ്ടിനെ ബെൻ സ്‌റ്റോക്‌സാണ് നയിക്കുന്നത്. മൂന്ന് വർഷത്തിനുശേഷം പേസർ ജാമി ഒവർട്ടൺ ഇംഗ്ലണ്ട് ടെസ്റ്റ് ടീമിൽ തിരിച്ചെത്തി. 2022 ജൂണിൽ ന്യൂസിലൻഡിനെതിരെയാണ് ഒവർട്ടൺ ഏക ടെസ്റ്റ് കളിച്ചത്. സിംബാബ്‌വെയ്‌ക്കെതിരായ പരമ്പരയിൽനിന്നും പരിക്കുകാരണം പിൻമാറിയ പേസർ ക്രിസ് വോക്‌സും മടങ്ങിയെത്തി. ജോഫ്ര ആർച്ചർ, മാർക് വുഡ് എന്നിവർ പുറത്താണ്. ഇരുവർക്കും പരിക്കാണ്.
ടീം ഇന്ത്യ: ശുഭ്‌മാൻ ഗിൽ (ക്യാപ്‌റ്റൻ), യശസ്വി ജയ്‌സ്വാൾ, കെ എൽ രാഹുൽ, ഋഷഭ് പന്ത്, ധ്രുവ് ജുറേൽ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, ജസ്‌പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, പ്രസിദ്ധ് കൃഷ്‌ണ, സായ് സുദർശൻ, അഭിമന്യു ഈശ്വരൻ, കരുൺ നായർ, നിതീഷ് കുമാർ റെഡ്ഡി, വാഷിങ്‌ടൺ സുന്ദർ, ശാർദുൽ ഠാക്കൂർ, അർഷ്‌ദീപ് സിങ്.
ടീം ഇംഗ്ലണ്ട്: ബെൻ സ്‌റ്റോക്‌സ് (ക്യാപ്‌റ്റൻ), ഷൊയബ് ബഷീർ, ജോകബ് ബെതെൽ, ഹാരി ബ്രൂക്, ബ്രൈഡൻ കാർസ്, സാം കുക്ക്, സാക് ക്രൗളി, ബെൻ ഡക്കറ്റ്, ജാമി ഒവർട്ടൺ, ഒല്ലി പോപ്, ജോ റൂട്ട്, ജാമി സ്‌മിത്ത്, ജോഷ് ടങ്, ക്രിസ് വോക്‌സ്.









0 comments