ഗിൽ മുഴങ്ങി ; രണ്ടാം ടെസ്റ്റിൽ ഇന്ത്യ 310/5

ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ സെഞ്ചുറി നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെ ആഹ്ലാദം

Sports Desk
Published on Jul 03, 2025, 04:05 AM | 2 min read
എഡ്‌ജ്‌ബാസ്‌റ്റൺ
ക്യാപ്‌റ്റൻ കുപ്പായത്തിൽ ഒരിക്കൽക്കൂടി ശുഭ്‌മാൻ ഗില്ലിന്റെ റൺക്കൊയ്‌ത്ത്. ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്‌റ്റിൽ സെഞ്ചുറിയുമായി മിന്നിയ ഗിൽ ആദ്യദിനം ഇന്ത്യക്ക് മികച്ച സ്‌കോറൊരുക്കി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ അഞ്ചിന് 310 റണ്ണാണ് നേടിയത്. 114 റണ്ണുമായി ഗില്ലും 41 റണ്ണോടെ രവീന്ദ്ര ജഡേജയുമാണ് ക്രീസിൽ. അഞ്ചാം വിക്കറ്റിൽ ഇരുവരും 99 റണ്ണിന്റെ കൂട്ടുകെട്ടുണ്ടാക്കി.
ലീഡ്‌സിൽ സെഞ്ചുറി നേടിയ ഗിൽ എഡ്‌ജ്‌ബാസ്‌റ്റണിലും നേട്ടം ആവർത്തിക്കുകയായിരുന്നു. ക്യാപ്‌റ്റൻ കുപ്പായത്തിലെ ആദ്യ രണ്ട് ടെസ്‌റ്റിലും സെഞ്ചുറി നേടുന്ന അഞ്ചാമത്തെ ഇന്ത്യൻ താരമാണ് ഇരുപത്തഞ്ചുകാരൻ. ടെസ്‌റ്റിൽ ഏഴ് സെഞ്ചുറിയും പൂർത്തിയാക്കി. പ്രതിസന്ധി ഘട്ടത്തിലായിരുന്നു ഗില്ലിന്റെ മികച്ച പ്രകടനം കണ്ടത്. അഞ്ചിന് 211 റണ്ണെന്ന നിലയിൽ തകർച്ചയെ മുന്നിൽക്കാണവെ ജഡേജയുമായി ചേർന്ന് മികച്ച സ്‌കോറിലേക്ക് നയിച്ചു. 12ഫോറായിരുന്നു ഇന്നിങ്‌സിൽ. ജഡേജ അഞ്ച് ഫോർ പറത്തി.
മാറ്റങ്ങളുമായെത്തിയ ഇന്ത്യക്ക് എഡ്‌ജ്‌ബാസ്‌റ്റണിൽ തുടക്കം മികച്ചതായിരുന്നില്ല. 15 റണ്ണെടുക്കുന്നതിനിടെ ആദ്യ വിക്കറ്റ് നഷ്ടമായി. ഒന്നാം ടെസ്‌റ്റിൽ മനോഹരമായി കളിച്ച ഓപ്പണർ കെ എൽ രാഹുലിന് മികവ് ആവർത്തിക്കാനായില്ല. രാഹുലിനെ (2) ക്രിസ് വോക്‌സ് ബൗൾഡാക്കി.
മൂന്നാമനായി സ്ഥാനക്കയറ്റം കിട്ടിയ കരുൺ നായർ തുടക്കത്തിൽ പതറിയെങ്കിലും തുടർന്ന് ഒന്നാന്തരം ബൗണ്ടറികളുമായി ജയ്‌സ്വാളിന് പിന്തുണ നൽകി. ഈ സഖ്യം 90 പന്തിൽ 80 റണ്ണാണ് നേടിയത്. കളി അതിവേഗത്തിൽ മുന്നേറവേ കരുണിന്റെ (50 പന്തിൽ 31) ഏകാഗ്രത തെറ്റിച്ച് ബ്രൈഡൻ കാർസീ റണ്ണൊഴുക്ക് തടഞ്ഞു. തുടർന്ന് ഗിൽ–-ജയ്സ്വാൾ സഖ്യം പ്രതീക്ഷ നൽകി. മറ്റൊരു സെഞ്ചുറിയിലേക്ക് മുന്നേറുകയായിരുന്ന ജയ്‌സ്വാൾ ഇംഗ്ലീഷ് ക്യാപ്‌റ്റൻ സ്‌റ്റോക്‌സിന്റെ പന്തിൽ അനാവശ്യ ഷോട്ടിന് ശ്രമിച്ച് മടങ്ങി. 107 പന്ത് നേരിട്ട ഇടംകൈയന്റെ ഇന്നിങ്‌സിൽ 13 ഫോർ ഉൾപ്പെട്ടു.
ലീഡ്‌സ് ടെസ്‌റ്റിന്റെ രണ്ട് ഇന്നിങ്‌സിലും സെഞ്ചുറി നേടിയ ഋഷഭ് പന്ത് (42 പന്തിൽ 25) മികച്ച തുടക്കം പാഴാക്കി മടങ്ങി. സ്‌പിന്നർ ഷോയിബ് ബഷീറിനെ സിക്‌സർ പറത്താനുള്ള ശ്രമം സാക്ക് ക്രോളിയുടെ കൈയിലൊതുങ്ങുകയായിരുന്നു. വോക്‌സിന്റെ പന്ത് ഒഴിവാക്കാൻ ശ്രമിച്ച നിതീഷ് കുമാർ റെഡ്ഡിയുടെ (1) കുറ്റിതെറിച്ചു. ഇംഗ്ലണ്ടിനായി വോക്സ് രണ്ട് വിക്കറ്റെടുത്തു. കാർസീ, സ്--റ്റോക്-സ്, ബഷീർ എന്നിവർ ഓരോ വിക്കറ്റ് നേടി.
മൂന്ന് മാറ്റമാണ് ആദ്യ ടെസ്‌റ്റ് കളിച്ച ടീമിൽ വരുത്തിയത്. പേസർ ജസ്‌പ്രീത് ബുമ്രയ്‌ക്ക് വിശ്രമം അനുവദിച്ചപ്പോൾ പകരം ആകാശ് ദീപ് എത്തി. ശാർദുൾ ഠാക്കൂറിനെയും ബി സായ് സുദർശനെയും ഒഴിവാക്കി. പകരം ഓൾറൗണ്ടർമാരായ നിതീഷ് കുമാർ റെഡ്ഡിയും വാഷിങ്‌ടൺ സുന്ദറും ഇടംകണ്ടു. രവീന്ദ്ര ജഡേജ ഉൾപ്പെടെ മൂന്ന് ഓൾ റൗണ്ടർമാർ ടീമിലെത്തി.









0 comments