ഗിൽ മല ; ഇന്ത്യക്ക് ഒന്നാം ഇന്നിങ്സിൽ 587 റൺ


Sports Desk
Published on Jul 04, 2025, 12:00 AM | 2 min read
എഡ്‌ജ്‌ബാസ്‌റ്റൺ
സച്ചിൻ ടെൻഡുൽക്കറും വിരാട് കോഹ്‌ലിയും അവശേഷിപ്പിച്ചുപോയ നാലാം നമ്പറിൽ പുതിയൊരു സൂര്യൻ പിറന്നു. എഡ്‌ജ്‌ബാസ്‌റ്റണിലെ തെളിഞ്ഞ ആകാശത്ത് ഇതിഹാസങ്ങളുടെ പിൻമുറക്കാരൻ ബാറ്റ് വീശിയപ്പോൾ റണ്ണടിയിലെ റെക്കോഡുകൾ പലതും മാഞ്ഞു. ചരിത്രമെഴുതിയാണ് ഇന്ത്യൻ ടെസ്‌റ്റ് ടീമിന്റെ പുതിയ നായകൻ ശുഭ്‌മാൻ ഗിൽ ക്രീസ് വിട്ടത്.
387 പന്തുകൾ നേരിട്ട് ഇരുപത്തഞ്ചുകാരൻ നേടിയ 269 റൺ ടെസ്‌റ്റ് ക്രിക്കറ്റിലെ ഏറ്റവും മനോഹരവും ആധികാരികവുമായ ഇന്നിങ്‌സുകളിലൊന്നായി മാറി. ഒരു ഇന്ത്യൻ താരത്തിന്റെ ഇംഗ്ലീഷ് മണ്ണിലെ ഏറ്റവും മുന്തിയ സ്‌കോർ. ടെസ്‌റ്റിൽ ഒരു ഇന്ത്യൻ ക്യാപ്‌റ്റന്റെ ഉയർന്ന സ്‌കോറും ഇതാണ്.
ഗില്ലിന്റെ റൺമലയിൽ ഇന്ത്യൻ സ്‌കോറും കുതിച്ചുകയറി. 587 റണ്ണാണ് ഒന്നാം ഇന്നിങ്‌സിൽ സ്വന്തമാക്കിയത്. മറുപടിക്കെത്തിയ ഇംഗ്ലീഷ് ബാറ്റർമാരെ ഇന്ത്യൻ പേസർമാർ വിറപ്പിച്ചു. പ്രതേ-്യകിച്ചും ജസ്-പ്രീത് ബുമ്രയ്-ക്ക് പകരമെത്തിയ ആകാശ് ദീപ്. രണ്ട് വിക്കറ്റെടുത്ത ആകാശ് ഇംഗ്ലണ്ടിനെ മൂന്നിന് 77ൽ ഒതുക്കി. ഒരു വിക്കറ്റ് മുഹമ്മദ് സിറാജിനാണ്. ലീഡ്സ് ടെസ്റ്റിലെ സെഞ്ചുറിക്കാരായ ബെൻ ഡക്കറ്റിനെയും ഒല്ലീ പോപ്പിനെയും റണ്ണെടുക്കുംമുമ്പ് ആകാശ് തുടർച്ചയായ പന്തുകളിൽ മടക്കി. സാക്ക് ക്രോളിയെ (19) സിറാജ് പുറത്താക്കി. ജോ റൂട്ടും (18) ഹാരി ബ്രൂക്കും (30) ആണ് ക്രീസിൽ.
രണ്ടാം ടെസ്‌റ്റിന്റെ രണ്ടാംദിനം പൂർണമായും ഗില്ലും കൂട്ടരും കൈക്കലാക്കി. 89 റണ്ണെടുത്ത രവീന്ദ്ര ജഡേജയും 42 റണ്ണോടെ വാഷിങ്‌ടൺ സുന്ദറും ക്യാപ്‌റ്റന് മികച്ച പിന്തുണ നൽകി.
ടെസ്‌റ്റിൽ ഇന്ത്യൻ താരങ്ങളിലെ മികച്ച ഏഴാമത്തെ സ്‌കോറാണിത്. മൂന്ന് സിക്‌സറും 30 ഫോറും കൂടിച്ചേർന്നതായിരുന്നു മനോഹര ഇന്നിങ്‌സ്. ബാറ്റിങ്ങിനെ അകമഴിഞ്ഞു പിന്തുണച്ച പിച്ചിൽ പിഴവുകളൊന്നുമില്ലാതെയായിരുന്നു മുന്നേറ്റം. ക്യാപ്‌റ്റൻ സ്ഥാനം ഏറ്റെടുത്തശേഷം രണ്ട് ടെസ്‌റ്റിലും സെഞ്ചുറി നേടി. അതിലൊന്ന് ഇരട്ടസെഞ്ചുറിയും. ഏഷ്യൻ ക്യാപ്‌റ്റൻമാരിൽ ആദ്യ ഇരട്ടസെഞ്ചുറിയാണ് ഇംഗ്ലണ്ടിൽ.
അഞ്ചിന് 310 റണ്ണെന്ന നിലയിലാണ് രണ്ടാംദിനം കളി തുടങ്ങിയത്. ആദ്യ ടെസ്‌റ്റിൽ രണ്ട് ഇന്നിങ്‌സിലും വാലറ്റം നിസാര റണ്ണിന് കൂടാരം കയറിയപ്പോൾ എഡ്‌ജ്‌ബാസ്‌റ്റണിൽ കളിമാറി. വാലറ്റത്തെ കൂട്ടുപിടിച്ച് ക്യാപ്‌റ്റൻ നയിച്ചു. ജഡേജയുമായി ചേർന്ന് 203 റണ്ണാണ് ആറാം വിക്കറ്റിൽ കൂട്ടിച്ചേർത്തത്. അതിൽ 106ഉം ഗില്ലിന്റെ ബാറ്റിൽനിന്നായിരുന്നു. 137 നേരിട്ട ജഡേജ ഒരു സിക്‌സറും പത്ത് ഫോറും നേടി. ജോഷ് ടങ്ങിന്റെ പന്തിൽ മടങ്ങുകയായിരുന്നു.
തുടർന്ന് സുന്ദറായിരുന്നു ഗില്ലിന് കൂട്ട്. ഏഴാം വിക്കറ്റിൽ 144 റണ്ണാണ് പിറന്നത്. ഒരു സിക്‌സറും മൂന്ന് ഫോറും പായിച്ച സുന്ദറിനെ ജോ റൂട്ട് ബൗൾഡാക്കി. 300 റണ്ണെന്ന അനുപമനേട്ടത്തിലേക്ക് അനായാസം മുന്നേറിയ ഗിൽ ഒടുവിൽ ടങ്ങിന്റെ പന്തിൽ മടങ്ങി.
അവസാന അഞ്ച് വിക്കറ്റിൽ 376 റണ്ണാണ് ഇന്ത്യ നേടിയത്.









0 comments