തകർത്തടിച്ച് ഗിൽ


Sports Desk
Published on Apr 29, 2025, 12:00 AM | 1 min read
ജയ്‌പുർ : ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരെ തകർത്തടിച്ച് ഗുജറാത്ത് ടൈറ്റൻസ്. ക്യാപ്‌റ്റൻ ശുഭ്‌മാൻ ഗില്ലിന്റെയും (50 പന്തിൽ 84) ജോസ് ബട്‌ലറുടെയും (26 പന്തിൽ 50) തകർപ്പൻ ബാറ്റിങ് പ്രകടനത്തിന്റെ മികവിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 209 റണ്ണാണ് ഗുജറാത്ത് അടിച്ചുകൂട്ടിയത്. പരിക്കുമാറാത്ത സഞ്‌ജു സാംസൺ രാജസ്ഥാൻ നിരയിലുണ്ടായിരുന്നില്ല. ക്യാപ്‌റ്റൻ റിയാൻ പരാഗ് ടോസ് നേടി ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു.
മൂർച്ചകുറഞ്ഞ രാജസ്ഥാൻ ബൗളർമാരെ ഗില്ലും സായ് സുദർശനും (30 പന്തിൽ 39) ചേർന്ന് കണക്കിനുശിക്ഷിച്ചു. സുദർശന്റെ ക്യാച്ച് തുടക്കത്തിൽ ഷിംറോൺ ഹെറ്റ്‌മയർ പാഴാക്കിയത് രാജസ്ഥാന് തിരിച്ചടിയായി. സ്‌കോർ 93ൽവച്ചാണ് ഗുജറാത്തിന് ആദ്യ വിക്കറ്റ് നഷ്ടമാകുന്നത്. ഒരു സിക്‌സറും നാല് ഫോറും പറത്തിയ സുദർശനെ മഹീഷ് തീക്ഷണയാണ് പുറത്താക്കിയത്. സീസണിൽ 456 റണ്ണുമായി റൺവേട്ടക്കാരിൽ ഒന്നാമനാണ് ഗുജറാത്ത് ഓപ്പണർ.
മൂന്നാമനായെത്തിയ ജോസ് ബട്‌ലർ ഗില്ലിന് പറ്റിയ കൂട്ടായി. മുൻ ടീമായ രാജസ്ഥാനോട് ദയാരഹിതമായ ആക്രമണമായിരുന്നു ബട്‌ലറുടേത്. ഗില്ലും ബട്‌ലറും ചേർന്ന് രണ്ടാം വിക്കറ്റിൽ 38 പന്തിൽ 74 റൺ അടിച്ചുകൂട്ടി. തുടക്കത്തിൽ പതുക്കെ കളിച്ച ഇംഗ്ലീഷുകാരൻ വണീന്ദു ഹസരങ്കയെ കടന്നാക്രമിച്ചാണ് ട്രാക്കിലായത്. പിന്നെ തിരിഞ്ഞുനോക്കിയില്ല. നാല് സിക്‌സറും മൂന്ന് ഫോറും പറത്തി പുറത്താകാതെനിന്നു.
സെഞ്ചുറിയിലേക്ക് കുതിച്ച ഗില്ലിനെ തീക്ഷണയാണ് മടക്കിയത്. നാല് സിക്‌സറും അഞ്ച് ഫോറുമായിരുന്നു ക്യാപ്‌റ്റന്റെ ഇന്നിങ്‌സിൽ. വാഷിങ്‌ടൺ സുന്ദർ എട്ട് പന്തിൽ 13 റണ്ണോടെ മടങ്ങി. രാജസ്ഥാൻ ബൗളർമാരിൽ തീക്ഷണ രണ്ട് വിക്കറ്റെടുത്തു.









0 comments