ഗിൽകാലം

ഓവൽ: ഇന്ത്യൻ ക്രിക്കറ്റിൽ ഇനി ശുഭ്മാൻ ഗില്ലിന്റെ കാലം. ക്യാപ്റ്റനായുള്ള അരങ്ങേറ്റ പരമ്പരയിൽ എല്ലാ സംശയങ്ങൾക്കും വിമർശങ്ങൾക്കും മറുപടി നൽകി. രോഹിത് ശർമ സ്ഥാനമൊഴിഞ്ഞതോടെയാണ് ഇരുപത്തഞ്ചുകാരനെ ഇന്ത്യൻ ക്യാപ്റ്റനാക്കിയത്. വിരാട് കോഹ്ലി, രോഹിത്, ആർ അശ്വിൻ എന്നീ പരിചയസമ്പന്നർ വിരമിച്ചശേഷമുള്ള ആദ്യ പരമ്പരയായിരുന്നു. യുവനിരയെന്നതും കളിക്കാരുടെ പരിക്കും വെല്ലുവിളിയായിരുന്നു. വിദേശമണ്ണിൽ റണ്ണടിക്കാത്ത ബാറ്ററെന്ന മുൻവിധിയും.
അഞ്ച് മത്സര പരമ്പര അവസാനിച്ചപ്പോൾ അരങ്ങേറ്റ ക്യാപ്റ്റനായുള്ള ഇന്ത്യക്കാരന്റെ മികച്ച പ്രകടനവുമായാണ് മടക്കം. 10 ഇന്നിങ്സിൽ ഒരു ഇരട്ട സെഞ്ചുറിയും മൂന്ന് സെഞ്ചുറിയും ഉൾപ്പെടെ 754 റൺ. ശരാശരി 75.40. ഉയർന്ന സ്കോർ 269. പരമ്പരയുടെ താരമായും തെരഞ്ഞെടുക്കപ്പെട്ടു. ഇംഗ്ലണ്ട് കോച്ച് ബ്രണ്ടൻ മക്കല്ലമാണ് ഗില്ലിനെ പരമ്പരയുടെ താരമായി തെരഞ്ഞെടുത്തത്. ഇംഗ്ലീഷ് ബാറ്റർ ഹാരി ബ്രൂക്കും ഇൗ പുരസ്കാരം പങ്കിട്ടു. ഇന്ത്യൻ കോച്ച് ഗൗതം ഗംഭീറാണ് ബ്രൂക്കിനെ തെരഞ്ഞെടുത്തത്.
ഇൗ പര്യടനത്തിലെ മികച്ച ബാറ്ററാകണമെന്ന ആഗ്രഹം ഗിൽ പരമ്പരക്കുമുമ്പ് പങ്കുവച്ചിരുന്നു. വലംകൈയൻ ബാറ്റർക്ക് അത് സാധിക്കാനായി. ടൂർണമെന്റിലെ മികച്ച റൺവേട്ടക്കാരനായെന്നുമാത്രമല്ല പ്രതിസന്ധികളെ ഫലപ്രദമായി നേരിടുകയും ചെയ്തു. പേസ് നിരയിലെ സൂപ്പർ താരം ജസ്പ്രീത് ബുമ്ര രണ്ട് കളിയിലും വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് അവസാന ടെസ്റ്റിലും പുറത്തിരുന്നിട്ടും ടീമിനെ ചരിത്ര ജയത്തിലേക്ക് നയിച്ചു. ഓവലിൽ ജയം നേടുന്ന മൂന്നാമത്തെ ഇന്ത്യൻ ക്യാപ്റ്റനാണ്. അജിത് വഡേക്കർ (1971), വിരാട് കോഹ്ലി (2021) എന്നിവരാണ് മുൻഗാമികൾ.









0 comments