102 റൺ ലക്ഷ്യം പത്തോവറിൽ നേടി
ബംഗളൂരു ഫെെനലിൽ ; ക്വാളിഫയറിൽ പഞ്ചാബിനെ കീഴടക്കി

പഞ്ചാബ് കിങ്സിന്റെ മൂന്ന് വിക്കറ്റ് വീഴ്--ത്തിയ ബംഗളൂരു പേസർ ജോഷ് ഹാസെൽവുഡ് (വലത്തുനിന്ന് രണ്ടാമത്) വിരാട് കോഹ്--ലിയടക്കമുള്ള സഹതാരങ്ങൾക്കൊപ്പം സന്തോഷം പങ്കിടുന്നു

Sports Desk
Published on May 30, 2025, 01:30 AM | 2 min read
മുല്ലൻപുർ
കാത്തിരുന്ന സ്വപ്‌നകിരീടത്തിലേക്ക് റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് ഒരു ചുവട് കൂടി. ഐപിഎൽ ക്രിക്കറ്റ് ആദ്യ ക്വാളിഫയറിൽ പഞ്ചാബ് കിങ്‌സിനെ തകർത്തെറിഞ്ഞ് ബംഗളൂരു ഫൈനലിലേക്ക് കുതിച്ചു. ഉശിരോടെ പന്തെറിഞ്ഞ ബൗളർമാർ എട്ട് വിക്കറ്റിന്റെ ആധികാരിക ജയമൊരുക്കി. പഞ്ചാബിന്റെ കരുത്തുറ്റ ബാറ്റിങ് നിരയെ ബംഗളൂരു 14.1 ഓവറിൽ 101ൽ ഒതുക്കി. മറുപടിക്ക് വെറും പത്തോവർ മതിയായിരുന്നു അവർക്ക്.
സ്‌കോർ: പഞ്ചാബ് 101 (14.1), ബംഗളൂരു 106/2 (10)
മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തിയ സ്‌പിന്നർ സുയാഷ് ശർമയും പേസർ ജോഷ് ഹാസെൽവുഡുമായിരുന്നു ബംഗളൂരുവിന്റെ വിജയശിൽപ്പികൾ. ബാറ്റിങ്ങിൽ ഓപ്പണർ ഫിൽ സാൾട്ടും (26 പന്തിൽ 55) മിന്നി.
ജൂൺ മൂന്നിനാണ് ഫൈനൽ. ബംഗളൂരുവിന്റെ നാലാം ഫൈനലാണ്. കഴിഞ്ഞ മൂന്നുതവണയും തോൽവിയായിരുന്നു ഫലം. തോറ്റെങ്കിലും പഞ്ചാബിന്റെ സാധ്യതകൾ അവസാനിച്ചിട്ടില്ല. ഇന്ന് നടക്കുന്ന ഗുജറാത്ത് ടൈറ്റൻസ് x മുംബൈ ഇന്ത്യൻസ് എലിമിനേറ്റർ മത്സരത്തിലെ ജേതാക്കളെ തോൽപ്പിച്ചാൽ മതി. ജൂൺ ഒന്നിനാണ് രണ്ടാം ക്വാളിഫയർ.
അവസാന കളിയിൽ മുംബൈയെ തകർത്തുവന്ന പഞ്ചാബിന് ബംഗളൂരുവിനെതിരെ തൊട്ടതെല്ലാം പിഴച്ചു. മറുവശത്ത് ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെ ആധികാരികമായി കീഴടക്കിയ ബംഗളൂരു അതേ മികവ് ആവർത്തിക്കുകയായിരുന്നു. ടോസ് നേടി ബൗളിങ് തെരഞ്ഞെടുക്കാനുള്ള ക്യാപ്‌റ്റൻ രജത് പാട്ടീദാറിന്റെ തീരുമാനം തെറ്റിയില്ല. രണ്ടാം ഓവറിൽ അതിന്റെ തെളിവ് കിട്ടി. പഞ്ചാബിന്റെ റൺവേട്ടക്കാരിൽ മിടുക്കനായ പ്രിയാൻഷ് ആര്യയെ (7) യാഷ് ദയാൽ ബൗൾഡാക്കി. അടുത്ത ഓവറിൽ പ്രഭ്‌സിമ്രാൻ സിങ്ങിനെ (18) ഭുവനേശ്വർ കുമാറും മടക്കിയതോടെ പഞ്ചാബ് അപകടം മണത്തു.
തുടർന്ന് പന്തെറിയാനെത്തിയ ഹാസെൽവുഡാണ് കളി പൂർണമായും പഞ്ചാബിൽനിന്ന് പിടിച്ചെടുത്തത്. ക്യാപ്‌റ്റൻ ശ്രേയസ് അയ്യർ (4), ഓസ്‌ട്രേലിയക്കാരൻ ജോഷ് ഇൻഗ്ലിസ് (4) എന്നിവർ ഹാസെൽവുഡിന്റെ ഇരകളായി. നേഹൽ വധേര (8) യാഷിന്റെ രണ്ടാം വിക്കറ്റായി മടങ്ങി. ഏഴോവറിൽ 52/5 എന്നതായി പഞ്ചാബ് സ്‌കോർ.
മാർകസ് സ്‌റ്റോയിനിസിലും ശശാങ്ക് സിങ്ങിലുമായിരുന്നു ശേഷിക്കുന്ന പ്രതീക്ഷകൾ. സുയാഷ് പന്തെടുത്തതോടെ അതും പൊലിഞ്ഞു. ഒരോവറിൽ ശശാങ്കിനെയും (3) സ്വാധീന താരമായെത്തിയ മുഷീർ ഖാനെയും (0) ആണ് സുയാഷ് തീർത്തത്. 17 പന്തിൽ 26 റണ്ണുമായി പഞ്ചാബിന്റെ ടോപ് സ്‌കോററായ സ്‌റ്റോയിനിസിനും സുയാഷിന്റെ പന്തിലാണ് അടിതെറ്റിയത്. കുറ്റി തെറിച്ചുമടങ്ങുകയായിരുന്നു ഓസീസ് താരം.
പന്ത്രണ്ട് റണ്ണെടുത്ത അഷ്‌മത്തുള്ള ഒമർസായിയെ വിക്കറ്റ് കീപ്പർ ജിതേഷ് ശർമയുടെ കൈകളിലെത്തിച്ച് ഹാസെൽവുഡ് പഞ്ചാബ് ഇന്നിങ്‌സ് തീർത്തു.
മറുപടിയിൽ ബംഗളൂരുവിന് വിരാട് കോഹ്‌ലിയുടെയും (12 പന്തിൽ 12) മായങ്ക് അഗർവാളിന്റെയും (13 പന്തിൽ 19) വിക്കറ്റുകൾ മാത്രമാണ് നഷ്ടമായത്. സാൾട്ട് മൂന്ന് സിക്‌സറും ആറ് ഫോറും പായിച്ചു. പാട്ടീദാർ (8 പന്തിൽ 15) മുഷീറിനെ സിക്‌സർ പറത്തി ജയം പൂർത്തിയാക്കുകയായിരുന്നു.
അകത്തേക്കോ പുറത്തേക്കോ ; എലിമിനേറ്റർ ഇന്ന്
മുമ്പേ കുതിച്ച്, പിന്നെ പതറിപ്പോയ ഗുജറാത്ത് ടൈറ്റൻസും തുടക്കം തകർന്നശേഷം തുടർ ജയങ്ങളുമായി മുന്നേറിയ മുംബൈ ഇന്ത്യൻസും ഇന്ന് നേർക്കുനേർ. ഐപിഎൽ ക്രിക്കറ്റിലെ എലിമിനേറ്റർ പോരാട്ടമാണ്. തോൽക്കുന്നവർ പുറത്താകും. ജയിക്കുന്ന ടീമിന് രണ്ടാം ക്വാളിഫയർ കളിക്കാം.
അഞ്ച് തവണ ജേതാക്കളാണ് മുംബൈ. കഴിഞ്ഞ നാല് സീസണിൽ മൂന്നിലും പ്ലേ ഓഫ് കളിച്ച ടീമാണ് ഗുജറാത്ത്. 2002ൽ അവരുടെ ആദ്യ പതിപ്പിൽ ചാമ്പ്യൻമാരുമായി. അന്ന് ഗുജറാത്തിന്റെ ക്യാപ്‌റ്റൻ ഹാർദിക് പാണ്ഡ്യയായിരുന്നു. ഇന്ന് മുംബൈയെ നയിക്കുന്നത് ഹാർദിക്കാണ്. ആധികാരിക പ്രകടനവുമായി മുന്നേറിയ ഗുജറാത്തിന് അവസാന രണ്ട് കളിയിൽ തിരിച്ചടിയേറ്റു. അതോടെ ക്വാളിഫയറിന് യോഗ്യത നേടാനും കഴിഞ്ഞില്ല. മറുവശത്ത് അവസാന കളിയിൽ പഞ്ചാബിനോട് തോറ്റത് മുംബൈക്ക് ക്ഷീണമായി. ലീഗ് മത്സരത്തിൽ ഇരുടീമുകളും രണ്ട് തവണ ഏറ്റുമുട്ടിയപ്പോൾ വിജയം ഗുജറാത്തിനൊപ്പമായിരുന്നു.









0 comments