രോഹിത്‌ ശർമ വിരമിച്ചേക്കുമെന്ന്‌ റിപ്പോർട്ടുകൾ

Rohit Sharma

രോഹിത് ശർമ. ഫോട്ടോ: ഫെയ്സ്ബുക്ക്

വെബ് ഡെസ്ക്

Published on Dec 31, 2024, 09:29 AM | 1 min read

മെൽബൺ > ഇന്ത്യൻ ക്രിക്കറ്റ്‌ ടീം ക്യാപ്‌റ്റൻ രോഹിത്‌ ശർമ ടെസ്റ്റിൽ നിന്ന്‌ വിരമിച്ചേക്കുമെന്ന്‌ റിപ്പോർട്ടുകൾ. ദേശീയ മാധ്യമങ്ങളാണ്‌ രോഹിത്‌ വിരമിക്കാൻ ഒരുങ്ങുകയാണെന്ന റിപ്പോർട്ടുമായി രംഗത്തെത്തിയത്‌. വിരമിക്കുന്നത്‌ സംബന്ധിച്ചുള്ള തീരുമാനത്തിൽ രോഹിത്‌ എത്തിയെന്നും ബിസിസിഐ സെലക്‌ടർമാർ താരവുമായി ഇക്കാര്യങ്ങൾ ചർച്ച ചെയ്തതായും റിപ്പോർട്ടുകളുണ്ട്‌. വിരമിക്കൽ പ്രഖ്യാപനം എപ്പോൾ ഉണ്ടാകുമെന്ന കാര്യത്തിൽ വ്യക്തതതയില്ലെങ്കിലും ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലെ അവസാന മത്സരത്തിന്‌ ശേഷമായിരിക്കും എന്നാണ്‌ സൂചന. ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ്‌ ഫൈനലിലേക്ക്‌ ടീം യോഗ്യത നേടിയാൽ ആ മത്സരം കളിക്കാൻ അനുവദിക്കണമെന്ന്‌ സെലക്‌ടർമാരോട്‌ രോഹിത്‌ പറഞ്ഞതായും വാർത്തകളുണ്ട്‌.


ഓസ്‌ട്രേലിയയുമായുള്ള ബോർഡർ ഗവാസ്‌കർ ട്രോഫിയിലുൾപ്പെടെ (ബിജിടി) മോശം ഫോമിലാണ്‌ രോഹിത്‌ ശർമ ഈ വർഷം ടെസ്റ്റിൽ ബാറ്റ്‌ ചെയ്തത്‌. ആറ്‌ ഇന്നിങ്‌സുകളിൽ നിന്നായി 31 റൺസാണ്‌ താരത്തിന്റെ ബിജിടിയിലെ സമ്പാദ്യം. ഇന്ത്യയുടെ വൈസ്‌ ക്യാപ്‌റ്റൻ ജസ്‌പ്രീത്‌ ബുമ്ര പരമ്പരയിൽ നേടിയ വിക്കറ്റുകളുടെ എണ്ണം 30 ആണ്‌. രോഹിത്‌ ശർമയ്‌ക്കെതിരെ ഈ രണ്ട്‌ കണക്കുകൾ വച്ചുള്ള വിമർശനങ്ങളും സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ സജീവമാണ്‌. 2024ൽ 26 ഇന്നിങ്‌സുകളിൽ രോഹിത്‌ ശർമ ബാറ്റ്‌ ചെയ്തപ്പോൾ സ്‌കോർബോർഡിൽ കൂട്ടിച്ചേർക്കാനായത്‌ 24.76 ശരാശരിയിൽ 619 റൺസ്‌ മാത്രമാണ്‌. ഇതിൽ രണ്ട്‌ വീതം സെഞ്ചുറികളും അർധ സെഞ്ചുറികളും ഉൾപ്പെടും.


ടീമിലെ സീനിയർ താരമായ വിരാട്‌ കോഹ്‌ലിക്ക്‌ എതിരെയും മോശം ഫോമിന്റെ പേരിൽ കടുത്ത വിമർശനങ്ങൾ ഉയരുന്നുണ്ട്‌. ഇരുവരും വിരമിക്കണമെന്നും രോഹിത്‌ ക്യാപ്‌റ്റൻസി ഒഴിയണമെന്നുമൊക്കെയുള്ള ആവശ്യങ്ങളും സജീവമാണ്‌. രോഹിത്‌ ശർമ ഇല്ലാതിരുന്ന ബിജിടിയിലെ ആദ്യ ടെസ്റ്റിൽ ഓസീസിനെതിരെ ജസ്‌പ്രീത്‌ ബുമ്രയുടെ ക്യാപ്‌റ്റൻസിയിൽ ഇന്ത്യ ജയം പിടിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home