സെഞ്ചുറിയിൽ ധോണിയെ മറികടന്നു
‘പന്തും’ പന്തും!


Sports Desk
Published on Jun 22, 2025, 12:00 AM | 2 min read
ലീഡ്‌സ്
റണ്ണടിക്കുന്ന പന്ത് ഇന്ത്യക്കൊപ്പമായിരുന്നു! എന്നാൽ വിക്കറ്റ് വീഴ്‌ത്തുന്ന പന്ത് ഇംഗ്ലണ്ടിന്റെ കൈവശവും. വിക്കറ്റ്‌കീപ്പർ ഋഷഭ് പന്തിന്റെ സെഞ്ചുറിക്കരുത്തിൽ (134) ഇന്ത്യ 471 റണ്ണിന്റെ ഒന്നാം ഇന്നിങ്സ് ഒരുക്കി. കുതിച്ചുകയറിയ ഇന്ത്യൻ ബാറ്റർമാരെ ഒതുക്കിയത് ബെൻ സ്‌റ്റോക്സിന്റെയും ജോഷ് ടങിന്റെയും ചൂടൻ പന്തുകളായിരുന്നു. ഇന്ത്യയുടെ അവസാന ഏഴ് വിക്കറ്റുകൾ 41 റണ്ണെടുക്കുന്നതിനിടെ നഷ്‌ടമായി. സ്‌റ്റോക്‌സും ടങും നാലുവീതം വിക്കറ്റെടുത്തപ്പോൾ 430/7 എന്ന വമ്പൻ സ്‌കോറിൽനിന്ന് ഇന്ത്യ മൂക്കുകുത്തി.
ഒന്നാം ക്രിക്കറ്റ് ടെസ്‌റ്റിൽ മറുപടി ബാറ്റിങ് തുടങ്ങിയ ഇംഗ്ലണ്ട് രണ്ടാം ദിവസം 31 ഓവറിൽ രണ്ട് വിക്കറ്റ് നഷ്‌ടത്തിൽ 129 റണ്ണെടുത്തിട്ടുണ്ട്. ഒല്ലിപോപ്പും (60), ജോ റൂട്ടും (1) ആണ് ക്രീസിൽ. ബെൻ ഡക്കറ്റിനെയും (62) സാക് ക്രോളിയെയും (4) നഷ്‌ടമായി. ഇംഗ്ലണ്ട് ഇപ്പോഴും 342 റൺ പിറകിലാണ്.
ഇന്ത്യയുടെ മൂന്ന് ബാറ്റർമാർ സെഞ്ചുറി നേടിയപ്പോൾ മൂന്നുപേർ പൂജ്യത്തിന് പുറത്തായി. ക്യാപ്‌റ്റൻ ശുഭ്‌മാൻ ഗില്ലും (147) ഋഷഭ് പന്തും (134) യശസ്വി ജെയ്‌സ്വാളും (101) സെഞ്ചുറിയുടെ മധുരം നുണഞ്ഞപ്പോൾ സായ് സുദർശനും കരുൺ നായരും ജസ്‌പ്രീത് ബുമ്രയും റണ്ണില്ലാത്തതിന്റെ കയ്‌പറിഞ്ഞു. കെ എൽ രാഹുൽ (42)മാത്രമാണ് തെളിഞ്ഞ മറ്റൊരു ബാറ്റർ. രവീന്ദ്ര ജഡേജയും (11) ശാർദുൾ ഠാക്കൂറും (1) നിരാശപ്പെടുത്തി. പ്രസിദ്ധ്‌കൃഷ്‌ണ ഒരു റണ്ണുമായി മടങ്ങിയപ്പോൾ മുഹമ്മദ് സിറാജ് മൂന്ന് റണ്ണുമായി പുറത്താകാതെനിന്നു.
നാലാം വിക്കറ്റിൽ ഗില്ലും പന്തും ചേർന്നെടുത്ത 209 റണ്ണാണ് ഇന്ത്യക്ക് മികച്ച സ്‌കോർ സമ്മാനിച്ചത്. മൂന്ന് വിക്കറ്റ് നഷ്‌ടത്തിൽ 359 റണ്ണുമായി രണ്ടാം ദിവസം തുടങ്ങിയ ഇന്ത്യക്ക് ആദ്യം ക്യാപ്‌റ്റനെ നഷ്‌ടമായി. സ്‌പിന്നർ ഷൊയ്‌ബ് ബഷീറാണ് ഗില്ലിനെ വീഴ്‌ത്തിയത്. അതോടെ ഇന്ത്യയുടെ പിടി അയഞ്ഞു. അടുത്ത 12.5 ഓവറിൽ എല്ലാവരും കൂടാരം കയറി.
227 പന്തിൽ 147 റണ്ണടിച്ച ഗിൽ 19 ഫോറും ഒരു സിക്‌സറും നേടി. കരുൺ നായർ റണ്ണെടുക്കാതെ മടങ്ങിയപ്പോൾ ഋഷഭ് സിക്‌സറടിച്ചാണ് ഏഴാം സെഞ്ചുറി തികച്ചത്. 146 പന്തിലാണ് മൂന്നക്കം കടന്നത്. ടങിന്റെ പന്തിൽ വിക്കറ്റിനുമുന്നിൽ കുരുങ്ങി പുറത്താകുമ്പോൾ 12 ഫോറും ആറ് സിക്‌സറും അടിച്ചിരുന്നു. ആകെ 178 പന്ത് നേരിട്ടു. സ്‌റ്റോക്‌സും ടങും കനപ്പിച്ചതോടെ ബാറ്റർമാർക്ക് മറുപടിയുണ്ടായില്ല. സ്‌റ്റോക്‌സ് 20 ഓവറിൽ 66 റൺ വഴങ്ങിയാണ് നാല് വിക്കറ്റെടുത്തത്. ടങ് നാല് വിക്കറ്റിനായി 84 റൺ വിട്ടുകൊടുത്തു.
ഇംഗ്ലണ്ട് ബാറ്റെടുക്കുംമുമ്പ് മഴപെയ്‌ത സന്തോഷത്തിൽ പന്തെറിഞ്ഞ ഇന്ത്യക്കായി ബുമ്ര ഓപ്പണർ സാക് ക്രോളിയെ ആദ്യ ഓവറിൽ മടക്കി. എന്നാൽ രണ്ടുതവണ ബെൻ ഡക്കറ്റിനെ വിട്ടുകളഞ്ഞതിന് ഇന്ത്യ വലിയ വില നൽകേണ്ടിവന്നു. ഒരു റണ്ണെടുത്ത് നിൽക്കെ ബുമ്രയുടെ പന്തിൽ ജെയ്‌സ്വാളും 15 റണ്ണുള്ളപ്പോൾ രവീന്ദ്ര ജഡേജയും ക്യാച്ച് വിട്ടു. രണ്ട് വിക്കറ്റും ബുമ്രയ്-ക്കാണ്.
സെഞ്ചുറിയിൽ ധോണിയെ മറികടന്നു
ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ സെഞ്ചുറികൾ നേടിയ വിക്കറ്റ് കീപ്പറായി ഋഷഭ് പന്ത്. മഹേന്ദ്ര സിങ് ധോണിയെയാണ് മറികടന്നത്. ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്‌റ്റിൽ കുറിച്ചത് ഉൾപ്പെടെ ഏഴ് സെഞ്ചുറിയായി പന്തിന്. ധോണിക്ക് ആറെണ്ണം.
ഇംഗ്ലണ്ടിൽ മൂന്നാം തവണയാണ് പന്ത് മൂന്നക്കം കടക്കുന്നത്. 3000 റണ്ണും തികച്ചു. 44 ടെസ്‌റ്റിൽ 15 അർധസെഞ്ചുറികളും കുറിച്ചിട്ടുണ്ട്.









0 comments