പന്താട്ടം ; ഏഴ് വർഷത്തിനുശേഷം ഋഷഭ് പന്തിന് ഐപിഎൽ സെഞ്ചുറി


Sports Desk
Published on May 28, 2025, 04:28 AM | 1 min read
ലഖ്‌നൗ
സെഞ്ചുറി നേടിയശേഷം ഋഷഭ് പന്ത് പിച്ചിലൊന്ന് കരണംമറിഞ്ഞു. പിന്നെ രണ്ട് കൈയും ഉയർത്തി സ്‌റ്റേഡിയത്തെ നോക്കി ചിരിച്ചു. അതിൽ നിറയെ ആത്മവിശ്വാസവും സന്തോഷവുമായിരുന്നു. ഐപിഎൽ ക്രിക്കറ്റിലെ അവസാന മത്സരത്തിൽ സെഞ്ചുറി നേടി വിക്കറ്റ്‌കീപ്പർ ബാറ്റർ എല്ലാ കളങ്കവും മായ്‌ച്ചു.
റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെതിരായ മത്സരത്തിൽ 61 പന്തിൽ 118 റണ്ണുമായി പുറത്താവാതെ നിന്നു. 11 ഫോറും എട്ട് സിക്‌സറും അകമ്പടിയായ രണ്ടാമത്തെ ഐപിഎൽ സെഞ്ചുറിയാണ്. ആദ്യത്തേത് ഏഴ്‌വർഷം മുമ്പായിരുന്നു. ഡൽഹി ക്യാപിറ്റൽസിനായി സൺറൈസേഴ്‌സ് ഹൈദരാബദിനെതിരെ 63 പന്തിൽ പുറത്താകാതെ 128 റണ്ണടിച്ചു. 54 പന്തിലാണ് 100 കടന്നത്.
ഈ സീസണിൽ മോശം ഫോമിന്റെ നെല്ലിപ്പടി കണ്ട പന്തിന് ഈ സെഞ്ചുറി നൽകുന്ന ആശ്വാസം ചെറുതല്ല. നാലാം ഓവറിൽ ഓപ്പണർ മാത്യു ബ്രീറ്റ്‌സ്‌കി(14) പുറത്തായപ്പോൾ മൂന്നാമനായാണ് ക്രീസിലെത്തിയത്. മികച്ച ഫോമിലുള്ള ഓപ്പണർ മിച്ചെൽ മാർഷുമൊത്ത് രണ്ടാം വിക്കറ്റിൽ 152 റൺ അടിച്ചെടുത്തു.
നേരിട്ട നാലാമത്തെ പന്ത് സിക്‌സർ അടിച്ചാണ് ഋഷഭ് വെടിക്കെട്ടിന് തിരികൊളുത്തിയത്. പിന്നീട് സ്വതഃസിദ്ധമായ ഷോട്ടുകളുമായി കളം നിറഞ്ഞു. ഈ സീസണിലെ 12 ഇന്നിങ്സിൽ 151 റൺ മാത്രമായിരുന്നു സമ്പാദ്യം. ഒരേയൊരു അർധസെഞ്ചുറി(63) മാത്രം. ആ കണക്കെല്ലാം മാറ്റിയെഴുതിയാണ് പന്തിന്റെ പന്താട്ടം.
ക്യാപ്റ്റന്നെ നിലയിലും പന്തിന്റെ ദിവസമായി. തോറ്റെങ്കിലും കളത്തിലെ പെരുമാറ്റം കൊണ്ട് മനംകവർന്നു. 17–ാം ഓവറിന്റെ അഞ്ചാം പന്തിൽ ദിഗ്-വേഷ് രതി മങ്കാദിങ്ങിലൂടെ ബംഗളൂരുവിന്റെ ജിതേഷ് ശർമയെ പുറത്താക്കാൻ ശ്രമിച്ചു. എന്നാൽ പന്ത് വന്ന് അമ്പയറോട് അപ്പീൽ പിൻവലിക്കുന്നതായി അറിയിക്കുകയായിരുന്നു. കളിഗതിപോലും പരിഗണിക്കാതെ ആ മാന്യത കാട്ടിയ പന്തിനെ പുണർന്നുകൊണ്ടായിരുന്നു ജിതേഷിന്റെ -നന്ദി അറിയിച്ചത്.









0 comments