തെളിയാത്ത പന്ത്


Sports Desk
Published on Apr 29, 2025, 12:00 AM | 1 min read
ലഖ്‌നൗ : ഐപിഎൽ മത്സരങ്ങൾ അവസാന ഘട്ടത്തിലെത്തിയിട്ടും ഋഷഭ് പന്തിന്റെ മോശം പ്രകടനത്തിന് മാറ്റമില്ല. മുംബൈ ഇന്ത്യൻസുമായുള്ള കളിയിൽ നാല് റണ്ണെടുത്താണ് ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് ക്യാപ്‌റ്റനായ പന്ത് മടങ്ങിയത്. 54 റണ്ണിന് ലഖ്‌നൗ തോറ്റു. കുറഞ്ഞ ഓവർ നിരക്കിന് 24 ലക്ഷം രൂപ പിഴയും പന്തിന് കിട്ടി. അതേസമയം, വിമർശങ്ങൾക്കെതിരെ ക്യാപ്‌റ്റൻ രംഗത്തുവന്നു. എല്ലാസമയത്തും ഒരു കളിക്കാരനെമാത്രം കുറ്റപ്പെടുത്തുന്നത് ശരിയായ രീതിയല്ലെന്നായിരുന്നു പ്രതികരണം. ലഖ്‌നൗ ടീം ഉപദേശകൻ സഹീർ ഖാനും ക്യാപ്‌റ്റന് പിന്തുണയുമായെത്തി.
അവസാന നാല് കളിയിൽ മൂന്നാം തോൽവിയാണ് ലഖ്‌നൗ വഴങ്ങിയത്. പട്ടികയിൽ ആറാംസ്ഥാനം. പത്ത് മത്സരം പൂർത്തിയാക്കിയ ലഖ്‌നൗവിന് ശേഷിക്കുന്ന എല്ലാ മത്സരങ്ങളും ജയിക്കേണ്ടിവരും. ഇതുവരെ ടീമിന്റെ പ്രകടനത്തിലാണ് പന്ത് അൽപ്പമെങ്കിലും പിടിച്ചുനിന്നത്.
ഈ സീസണിൽ പത്ത് കളികളിൽ ഒമ്പതിലും ബാറ്റ് ചെയ്ത പന്ത് ആകെ നേടിയത് 110 റൺ. ബാറ്റിങ് ശരാശരി 12.22. പ്രഹരശേഷി 98.21ഉം. ഓപ്പണറായും നാലാം നമ്പറിലും ഏഴാം നമ്പറിലും ഇറങ്ങിയ ഇടംകൈയന് ഒരു കളിയിൽമാത്രമാണ് ശോഭിക്കാനായത്. ചെന്നൈ സൂപ്പർ കിങ്‌സിനെതിരെ നേടിയ 63 റണ്ണാണ് ഉയർന്ന സ്‌കോർ. ആറ് കളിയിൽ രണ്ടക്കം കണ്ടില്ല. രണ്ടെണ്ണത്തിൽ റണ്ണെടുക്കുംമുമ്പ് പുറത്തായി. അഞ്ച് സിക്‌സറും ഒമ്പത് ഫോറുമാണ് ആകെ നേടിയത്.
ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ തുകയായ 27 കോടി രൂപയ്‌ക്കാണ് പന്ത് ലഖ്‌നൗവിൽ എത്തിയത്. അതിന്റെ സമ്മർദം ക്യാപ്‌റ്റൻസിയെയും ബാറ്റിങ്ങിനെയും ബാധിച്ചിട്ടുണ്ടാകുമെന്ന് ഇന്ത്യൻ ടീം മുൻ ക്യാപ്‌റ്റനും പരിശീലകനുമായ അനിൽ കുംബ്ലെ പറഞ്ഞു.
ഐപിഎൽ ചരിത്രത്തിൽ ആദ്യമായാണ് പന്തിന്റെ ഇത്രയും മോശം പ്രകടനമുണ്ടാകുന്നത്. കാറപകടത്തെ തുടർന്ന് രണ്ട് സീസൺ നഷ്ടമായ ഇരുപത്തേഴുകാരൻ കഴിഞ്ഞവർഷമാണ് ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയത്. ഡൽഹി ക്യാപിറ്റൽസിനുവേണ്ടി 13 കളിയിൽ 446 റണ്ണടിച്ചു. 155.40 ആയിരുന്നു പ്രഹരശേഷി. മൂന്ന് അർധസെഞ്ചുറിയും കുറിച്ചു. 40.55 ആയിരുന്നു ബാറ്റിങ് ശരാശരി. ഇക്കുറി പക്ഷേ, തീർത്തും മങ്ങി. മെയ് നാലിന് പഞ്ചാബ് കിങ്‌സുമായാണ് ലഖ്‌നൗവിന്റെ അടുത്ത മത്സരം.









0 comments