ആർസിബിയുടെ വിജയഘോഷയാത്ര ഇന്ന് ബംഗളൂരുവിൽ

ബംഗളൂരു: പതിനെട്ട് വർഷം കാത്തിരുന്ന ഐപിഎൽ കിരീടം സ്വന്തമാക്കിയ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ വിജയാഘോഷയാത്ര ഇന്ന് ബംഗളൂരിൽ നടക്കും. ബുധനാഴ്ച വൈകുന്നേരം 3.30ന് വിധാന സൗധയിൽ നിന്ന് ആരംഭിച്ച് ചിന്നിസ്വാമി സ്‌റ്റേഡിയത്തിൽ അവസാനിക്കുന്ന രീതിയിലാണ് ആഘോഷപരിപാടികൾ.
ബാറ്റിൽ നേടാനുള്ളതൊക്കെ സ്വന്തമാക്കിയിട്ടും ഐപിഎൽ കിരീടം മാത്രം അകലെനിന്ന വിരാട് കോഹ്‍ലിയിലായിരുന്നു ഫൈനൽ മത്സരത്തിൽ എല്ലാ കണ്ണുകളും. ഐപിഎൽ ക്രിക്കറ്റിൽ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു ആദ്യമായി കിരീടം നേടുമ്പോൾ കോഹ്‌ലിയുടെ സ്വപ്‌നം കൂടിയാണ് പൂവണിയുന്നത്. ഐപിഎല്ലിന്റെ ആദ്യ പതിപ്പ് മുതൽ മുപ്പത്താറുകാരൻ ബംഗളൂരു ടീമിന്റെ ഭാഗമാണ്.
'അത് എന്നെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട നിമിഷമാണ്. ആർസിബി ടീമിനെ പോലെ തന്നെ ആരാധകരും ഒരുപോലെ അർഹിച്ച കിരീടനേട്ടമാണിത്. കിരീട നേട്ടത്തിനായി സാധ്യമായതെല്ലാം ചെയ്തു. ഐപിഎലിൽ എന്റെ നല്ല കാലം ക്രിസ് ഗെയ്‌ലും ഡിവില്ലിയേഴ്സും അടക്കമുള്ള താരങ്ങൾക്കൊപ്പമാണ് ആർസിബി ജഴ്സിയിൽ ഞാൻ ചെലവഴിച്ചത്. ഞങ്ങൾ ഒരുമിച്ച് ഈ കിരീടത്തിനായി പലവട്ടം ശ്രമിച്ചതുമാണ്. അന്നെല്ലാം കയ്യകലത്താണ് ഞങ്ങൾക്കിത് നഷ്ടമായത്'- കോഹ്‍ലി പറഞ്ഞു. തന്റെ സ്വപ്നം ആർസിബി നിറവേറ്റിയെന്നും ഒരിക്കലും മറക്കാനാവാത്ത സീസണാണ് കടന്ന് പോകുന്നതെന്നുമാണ് കോഹ്‍ലി ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. മുൻ ആർസിബി താരങ്ങളായ ക്രിസ് ഗെയ്‌ലും ഡിവില്ലിയേഴ്‌സും ഫൈനൽ മത്സരം കാണാൻ അഹമ്മദാബാദിൽ എത്തിയിരുന്നു. കിരീട നേട്ടത്തിനു പിന്നാലെ ഇരുവർക്കുമൊപ്പം കോഹ്‍ലി വിജയം ആഘോഷിക്കുകയും ചെയ്തു.
അഹമ്മദാബാദിലെ റണ്ണൊഴുകും പിച്ചിൽ ബംഗളൂരു ആദ്യം ബാറ്റ് ചെയ്‌ത നേടിയത് ഒമ്പതിന് 190 റൺ. പഞ്ചാബിന്റെ കിടയറ്റ ബാറ്റിങ് നിര ആ ലക്ഷ്യം എളുപ്പത്തിൽ നേടുമെന്നായിരുന്നു കണക്കുകൂട്ടൽ. പക്ഷേ, കിരീടത്തിനായി അത്രയേറെ സ്വപ്‌നം കണ്ട ബംഗളൂരുവും കോഹ്‌ലിയും ഒരിഞ്ച് വിട്ടുകൊടുത്തില്ല. സമർഥമായ ബൗളിങ് കൊണ്ട് പഞ്ചാബ് ബാറ്റിനെ നിശ്ശബ്‌ദമാക്കി. അവസാന ഓവറുകളിൽ ശശാങ്ക് സിങ് (28 പന്തിൽ 49) നടത്തിയ ഒറ്റയാൾ പോരാട്ടത്തിന് പഞ്ചാബിനെ കിരീടത്തിലേക്കെത്തിക്കാനായില്ല. ഏഴിന് 184ൽ പഞ്ചാബ് അവസാനിപ്പിച്ചു.
ആര്‍സിബിയുടെ വിജയത്തില്‍ നിര്‍ണായകമായത് ഓള്‍റൗണ്ടര്‍ ക്രുണാല്‍ പാണ്ഡ്യയുടെ ബൗളിങ് സ്‌പെല്ലായിരുന്നു. പഞ്ചാബ് കിങ്‌സ് ബാറ്റർമാരെ വിറപ്പിച്ചുനിർത്തിയ ബൗളിങ് പ്രകടനമായിരുന്നു ഓൾറൗണ്ടറുടേത്. നാലോവറിൽ വഴങ്ങിയത് വെറും 17 റൺ. അപകടകാരികളായ പ്രഭ്‌സിമ്രാൻ സിങ്ങിന്റെയും ജോഷ് ഇൻഗ്ലിസിന്റെയും വിക്കറ്റും നേടി. ഒരു സിക്‌സർ മാത്രമാണ് ക്രുണാളിനെതിരെ പഞ്ചാബ് ബാറ്റർമാർ നേടിയത്. ഈ സീസണിലെ താരലേലത്തിലാണ് ക്രുണാൾ ബംഗളൂരു ടീമിലെത്തിയത്. 15 കളിയിൽ 17 വിക്കറ്റ് നേടി. വിക്കറ്റ് വേട്ടക്കാരിൽ ഒമ്പതാമൻ.









0 comments