പരിശീലന ക്യാമ്പ് തിരുവനന്തപുരത്ത് , പുതിയ അതിഥി താരമെത്തും ,ജലജ് തുടരും

രഞ്ജി ട്രോഫി ക്രിക്കറ്റ് ; കേരളം ഒരുങ്ങുന്നു

sachin
avatar
എസ് കിരൺബാബു

Published on Jul 09, 2025, 12:00 AM | 1 min read


തിരുവനന്തപുരം

കഴിഞ്ഞ രഞ്ജി ട്രോഫിയിലെ ജയസമാനമായ റണ്ണറപ്പ്‌ നേട്ടത്തിന്റെ ആത്മവിശ്വാസവുമായി കേരള ടീം പുതിയ സീസണിൽ തയ്യാറെടുപ്പ് തുടങ്ങുന്നു. ശാരീരികക്ഷമതാ ക്യാമ്പും പരിശീലനവും അടുത്തയാഴ്ച തിരുവനന്തപുരത്ത് തുടങ്ങും.


സഞ്ജു സാംസണും ജലജ് സക്‌സേനയും ഉൾപ്പെടെ പരിശീലന ക്യാമ്പിൽ പങ്കെടുക്കും. മുഖ്യപരിശീലകൻ അമയ്‌ ഖുറേസിയയുടെ കീഴിലാണ് പരിശീലനം. ഇതിന് പിന്നാലെ കശ്‌മീരിലും വിദേശത്തും സൗഹൃദമത്സരങ്ങൾ കളിക്കാനും പദ്ധതിയുണ്ട്. ഈ സീസണിലും മികച്ച പ്രകടനം നടത്തുമെന്നും അതിനായി കളിക്കാരുടെ ശാരീരികക്ഷമത നിലനിർത്തുന്നതിനടക്കം പ്രത്യേക ശ്രദ്ധ നൽകുമെന്നും കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) സെക്രട്ടറി വിനോദ് എസ് കുമാർ പറഞ്ഞു.


വിദർഭയുടെ ഓൾറൗണ്ടറായിരുന്ന ആദിത്യ സർവാതെ ഈ സീസണിൽ തുടരില്ല. പകരമായി ഒരു ഇടംകൈയൻ സ്‌പിന്നറെ അതിഥിതാരമായി ഉൾപ്പെടുത്തും. ഒമാൻ ദേശീയ ടീമിനോട് കേരളം സൗഹൃദമത്സരം കളിച്ചിരുന്നു. കഴിഞ്ഞ സീസണിൽ റണ്ണറപ്പായെങ്കിലും മുൻനിര ബാറ്റർമാർ തിളങ്ങാത്തതായിരുന്നു പോരായ്‌മ. ഇത്തവണ സഞ്ജു കൂടി എത്തുന്നതോടെ ഇത് പരിഹരിക്കാനാകും. രഞ്ജിയിൽ കരുത്തരായ സൗരാഷ്ട്ര, ചണ്ഡീഗഢ്, കർണാടകം, മഹാരാഷ്ട്ര, മധ്യപ്രദേശ്, പഞ്ചാബ്, ഗോവ എന്നീ ടീമുകളുൾപ്പെട്ട എലൈറ്റ് ഗ്രൂപ്പ് ബി-യിലാണ് കേരളം. ആദ്യഘട്ടം ഒക്ടോബർ 15 മുതൽ നവംബർ 19 വരെയും നോക്കൗട്ട് മത്സരങ്ങൾ ഫെബ്രുവരി ആറുമുതൽ 28 വരെയും നടക്കും.


കേരളം കരുത്തർ: സച്ചിൻ ബേബി

കേരള ടീമിനെ ആരും കുറച്ചുകാണുന്നില്ലെന്ന്‌ കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സച്ചിൻ ബേബി പറഞ്ഞു. എലൈറ്റ് ഗ്രൂപ്പ് ബി-യിലെ കരുത്തരായ ടീമാണ്‌. ഒത്തൊരുമയുടേയും കഠിനാധ്വാനത്തിന്റേയും ഫലമാണ് കഴിഞ്ഞ വർഷത്തെ ഫലം. ഇത്തവണയും മികച്ച പ്രകടനം തുടരാനാകുമെന്ന് സച്ചിൻബേബി പറഞ്ഞു.






deshabhimani section

Related News

View More
0 comments
Sort by

Home