ജയിച്ച് മടങ്ങി രാജസ്ഥാൻ

ചെന്നെെയുടെ മൂന്ന് വിക്കറ്റ് വീഴ്--ത്തിയ രാജസ്ഥാൻ പേസർ യുദ്ധ്--വീറിനെ (വലത്ത്) അഭിനന്ദിക്കുന്ന ക്യാപ്റ്റൻ സഞ്ജു സാംസൺ

Sports Desk
Published on May 21, 2025, 04:03 AM | 2 min read
ന്യൂഡൽഹി
ഐപിഎൽ ക്രിക്കറ്റിൽ അവസാന സ്ഥാനക്കാരുടെ പോരിൽ രാജസ്ഥാൻ റോയൽസ് ആറ് വിക്കറ്റിന് ചെന്നൈ സൂപ്പർ കിങ്സിനെ കീഴടക്കി. 14 കളിയിൽ നാല് ജയത്തോടെ എട്ട് പോയിന്റുമായി രാജസ്ഥാൻ ഈ സീസൺ അവസാനിപ്പിച്ചു.
സ്‌കോർ: ചെന്നൈ 187/8, രാജസ്ഥാൻ 188/4(17.1)
പതിനാലുകാരൻ ഓപ്പണർ വൈഭവ് സൂര്യവംശിയുടെ അർധ സെഞ്ചുറിയാണ് സവിശേഷത. 33 പന്തിൽ 57 റണ്ണടിച്ച വൈഭവ് നാലുവീതം സിക്‌സറും ഫോറും പറത്തി. യശസ്വി ജെയ്‌സ്വാൾ 19 പന്തിൽ 36 റണ്ണുമായി പിന്തുണച്ചു. ക്യാപ്‌റ്റൻ സഞ്ജു സാംസൺ 31 പന്തിൽ 41 റണ്ണടിച്ച് വിജയദൂരം കുറച്ചു. അതിനിടെ, രണ്ട് സിക്‌സറും മൂന്ന് ഫോറും നേടി. ധ്രുവ് ജുറെലും (12 പന്തിൽ 31) ഷിംറോൺ ഹെറ്റ്‌മയറും (5 പന്തിൽ 12) പുറത്താകാതെ വിജയമൊരുക്കി. മതീഷ് പതിരണയെ തുടരെ രണ്ട് സിക്‌സറടിച്ചാണ് ജുറെൽ അവസാന കളിയിൽ വിജയം ആഘോഷിച്ചത്. റിയാൻ പരാഗ് മൂന്ന് റണ്ണെടുത്ത് പുറത്തായി.
ആർ അശ്വിൻ രണ്ട് വിക്കറ്റെടുത്തു. ചെന്നൈ നേടിയ ബാക്കി രണ്ട് വിക്കറ്റുകൾ അൻഷുൽ കാംബോജും ഖലീൽ അഹമ്മദും പങ്കിട്ടു.
ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ചെന്നൈക്കായി ഓപ്പണർ ആയുഷ് മഹാത്രെ (43), ഡെവാൾഡ് ബ്രെവിസ് (42), ശിവം ദുബെ (39) എന്നിവരാണ് പൊരുതാനുള്ള സ്‌കോർ നൽകിയത്. ആറാം വിക്കറ്റിൽ ബ്രെവിസും ദുബെയും ചേർന്ന് 59 റണ്ണെടുത്തു. മഹേന്ദ്ര സിങ് ധോണിയുടെ സംഭാവന 17 പന്തിൽ 16 റൺ. എട്ടാം ഓവറിൽ 78/5 എന്ന സ്‌കോറിൽനിന്നാണ് കരകയറിയത്. രാജസ്ഥാനുവേണ്ടി പേസർമാരായ യുദ്ധ്‌വീർ സിങ്ങും ആകാശ് മധ്‌വലും മൂന്ന് വിക്കറ്റുവീതം നേടി.
പതിനേഴുകാരൻ ആയുഷിന്റെ ഇന്നിങ്സ് 20 പന്തിൽ എട്ട് ഫോറും ഒരുസിക്‌സറും നിറഞ്ഞതായിരുന്നു. മികച്ച ഷോട്ടുകളുമായി കളംനിറഞ്ഞ ദക്ഷിണാഫ്രിക്കൻ താരം ബ്രെവിസ് 25 പന്തിൽ മൂന്ന് സിക്‌സറും രണ്ട് ഫോറും നേടി. രണ്ടുവീതം ഫോറും സിക്‌സറും കണ്ടെത്തിയ ദുബെ 32 പന്തിലാണ് 39 റൺ നേടിയത്. ധോണിയുടെ ഇന്നിങ്സിൽ ഒറ്റ സിക്‌സറേയുള്ളൂ.
ഇരുടീമുകളും ആദ്യം ഏറ്റുമുട്ടിയപ്പോൾ രാജസ്ഥാൻ ആറ് റണ്ണിന് ജയിച്ചിരുന്നു.
ചെന്നൈ ഞായറാഴ്‌ച അവസാന മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ നേരിടും.









0 comments