എട്ടിൽ ആറും തോറ്റ്‌ രാജസ്ഥാൻ റോയൽസ്‌

ഐപിഎല്ലിൽ രാജസ്ഥാൻ മങ്ങുന്നു ; ഒത്തുകളി ആരോപണം നിഷേധിച്ച്‌ ടീം

Rajasthan Royals in ipl

ലഖ്നൗവിനെതിരെ തോൽവിക്കുശേഷം ഷിംറോൺ ഹെറ്റ്മയർ

വെബ് ഡെസ്ക്

Published on Apr 23, 2025, 03:09 AM | 1 min read


ജയ്‌പുർ : സഞ്‌ജു സാംസൺ ക്യാപ്‌റ്റനായ രാജസ്ഥാൻ റോയൽസ്‌ മങ്ങുന്നു. ഐപിഎല്ലിലെ എട്ട്‌ കളിയിൽ ആറ്‌ തോൽവിയാണ്‌. രണ്ട്‌ ജയത്തോടെ നാല്‌ പോയിന്റും. ഇനിയുള്ള ആറ്‌ കളിയും ജയിച്ചാലും പ്ലേഓഫ്‌ ഉറപ്പിക്കാനാവില്ല. അവസാന നാല്‌ കളിയിലും തോൽവിയായിരുന്നു. അതിൽ കഴിഞ്ഞ രണ്ടെണ്ണത്തിലെ പരാജയം ടീമിന്റെ എല്ലാ ദൗർബല്യങ്ങളും തുറന്നുകാണിക്കുന്നു. ഡൽഹി ക്യാപിറ്റൽസിനോട്‌ സൂപ്പർ ഓവറിൽ തോറ്റപ്പോൾ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനോട്‌ രണ്ട്‌ റണ്ണിന്‌ കീഴടങ്ങി. രണ്ട്‌ മത്സരത്തിലും വിജയം ഉറപ്പിച്ചിടത്തുനിന്നാണ്‌ അപ്രതീക്ഷിത തോൽവി.


രണ്ട്‌ കളിയിലും അവസാന ഓവറിൽ ജയിക്കാൻ ഒമ്പത്‌ റൺ മതിയായിരുന്നു. ആദ്യത്തേതിൽ കയ്യിലുണ്ടായിരുന്നത്‌ ഏഴ്‌ വിക്കറ്റ്‌. രണ്ടാമത്തേതിൽ ആറ്‌ വിക്കറ്റ്‌. രണ്ടിലും ഷിംറോൺ ഹെറ്റ്‌മയറും ധ്രുവ്‌ ജുറെലുമായിരുന്നു ക്രീസിൽ. അവസാന ഓവറിൽ ഇരുവരുടെയും പ്രകടനം ദയനീയമായി. വെസ്‌റ്റിൻഡീസ്‌ ബാറ്ററായ ഹെറ്റ്‌മയറുടെ വിശേഷണം ഫിനിഷർ എന്നാണ്‌. എന്നാൽ, രണ്ട്‌ കളിയും തുലച്ചതിൽ പ്രധാന പങ്കുവഹിച്ചത്‌ ഈ ബാറ്ററാണ്‌. ഇത്തവണ ജോസ്‌ ബട്‌ലറെ ഒഴിവാക്കിയപ്പോൾ കോടികൾ മുടക്കിയാണ്‌ ഇരുവരെയും നിലനിർത്തിയത്‌. ജുറെലിന്റെ വില 14 കോടിയാണ്‌. ഹെറ്റ്‌മയർക്ക്‌ മുടക്കിയത്‌ 11 കോടി.


നാളെ റോയൽ ചലഞ്ചേഴ്‌സ്‌ ബംഗളൂരുവിനെ നേരിടാൻ ഒരുങ്ങുമ്പോൾ ഉയർന്ന ഒത്തുകളി ആരോപണം ടീം മാനേജ്‌മെന്റ്‌ നിഷേധിച്ചിട്ടുണ്ട്‌. ലഖ്‌നൗവിനെതിരായ മത്സരം ഒത്തുകളിയാണെന്ന്‌ രാജസ്ഥാൻ ക്രിക്കറ്റ്‌ അസോസിയേഷൻ അഡ്‌ഹോക്‌ കമ്മിറ്റി കൺവീനർ ജയ്‌ദീപ്‌ ബിഹാനിയാണ്‌ ആരോപിച്ചത്‌. ബിജെപി എംഎൽഎയായ ജയ്‌ദീപ്‌ ഒരുതെളിവുമില്ലാതെ ആരോപണം ഉന്നയിക്കരുതെന്ന്‌ ടീം മാനേജ്‌മെന്റ്‌ വ്യക്തമാക്കി. ജയ്‌ദീപിനെതിരെ നടപടി ആവശ്യപ്പെട്ട്‌ രാജസ്ഥാൻ സർക്കാരിന്‌ കത്തെഴുതി.


രാജസ്ഥാന്റെ പ്രശ്‌നങ്ങൾ തുടങ്ങിയത്‌ കളിക്കാരുടെ ലേലംമുതലാണെന്നാണ്‌ വിലയിരുത്തൽ. ബട്‌ലറെപോലുള്ള ബാറ്ററെ ഒഴിവാക്കിയത്‌ തിരിച്ചടിയായി. ഐപിഎൽ പകുതിയായിട്ടും ബൗളിങ്നിര പൂർണസജ്ജമായിട്ടില്ല. ട്രെന്റ്‌ബോൾട്ട്‌, ആർ അശ്വിൻ, ആവേശ്‌ ഖാൻ, യുസ്‌വേന്ദ്ര ചഹാൽ എന്നിവരെ ഒറ്റയടിക്ക്‌ ഒഴിവാക്കിയാണ്‌ ഇത്തവണ ഇറങ്ങിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Home