അവസാന ഓവർ തോൽവി; രാജസ്ഥാൻ റോയൽസിനെതിരെ ഒത്തുകളി ആരോപണം

ജയ്പൂർ: സഞ്‌ജു സാംസൺ ക്യാപ്‌റ്റനായ രാജസ്ഥാൻ റോയൽസിനെതിരെ ഒത്തുകളി ആരോപണം. ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനോട് രണ്ടു റൺസിന് തോറ്റ മത്സരത്തിനെതിരെയാണ് ആരോപണമുയർന്നത്. രാജസ്ഥാൻ ക്രിക്കറ്റ് അസോസിയേഷൻ അഡ്ഹോക് കമ്മിറ്റി കൺവീനർ ജയ്ദീപ് ബിഹാനിയാണ് ആരോപണം ഉന്നയിച്ചത്. ന്യൂസ് 18ന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം. ഹോം മത്സരത്തിൽ കുറഞ്ഞ റൺസ് ചേസ് ചെയ്യാൻ സാധിക്കാതെ ടീം ഇത്തരത്തിൽ തോൽക്കുമോയെന്ന് അദ്ദേഹം ചോദിക്കുന്നു.
അവസാന ഓവറിൽ ജയിക്കാൻ വേണ്ട ഒമ്പത് റൺസ് മറികടക്കാനാവതെയാണ് രാജസ്ഥാൻ ലഖ്‌നൗവിനോട് തോറ്റത്. ആവേശ്‌ഖാൻ എറിഞ്ഞ അവസാന ഓവറിൽ ആറ് വിക്കറ്റ് ശേഷിക്കെ ജയിക്കാൻ ഒമ്പത് റൺ മതിയായിരുന്നു. ഷിംറോൺ ഹെറ്റ്‌മയർ (12) വിക്കറ്റ് തുലച്ചതോടെ രാജസ്ഥാന് ആറ് റൺമാത്രമാണ് നേടാനായത്. ഇതോടെ എട്ടിൽ ആറും തോറ്റതോടെ രാജസ്ഥാന്റെ പ്ലേ ഓഫ് സാധ്യത മങ്ങി.
രണ്ട് ജയത്തോടെ നാല് പോയിന്റാണ് ടീമിനുള്ളത്. ബാക്കിയുള്ള ആറ് കളിയും ജയിച്ചാലും പ്ലേഓഫ് ഉറപ്പിക്കാനാവില്ല. അവസാന നാല് കളിയിലും തേൽവിയായിരുന്നു. അതിൽ കഴിഞ്ഞ രണ്ടെണ്ണത്തിലെ പരാജയം ടീമിന്റെ എല്ലാ ദൗർബല്യങ്ങളും തുറന്നുകാണിക്കുന്നു. ഡൽഹി ക്യാപിറ്റൽസിനോട് സൂപ്പർ ഓവറിൽ തോറ്റപ്പോൾ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനോട് രണ്ട് റണ്ണിന് കീഴടങ്ങി. രണ്ട് മത്സരത്തിലും വിജയം ഉറപ്പിച്ചിടത്തുനിന്നാണ് അപ്രതീക്ഷിത തോൽവി.
രണ്ട് കളിയിലും അവസാന ഓവറിൽ ജയിക്കാൻ ഒമ്പത് റൺ മതിയായിരുന്നു. ആദ്യത്തേതിൽ കയ്യിലുണ്ടായിരുന്നത് ഏഴ് വിക്കറ്റ്. രണ്ടാമത്തേതിൽ ആറ് വിക്കറ്റ്. രണ്ടിലും ഷിംറോൺ ഹെറ്റ്‌മയറും ധ്രുവ് ജുറെലുമായിരുന്നു ക്രീസിൽ. അവസാന ഓവറിൽ ഇരുവരുടെയും പ്രകടനം ദയനീയമായി. വെസ്‌റ്റിൻഡീസ് ബാറ്ററായ ഹെറ്റ്‌മയറുടെ വിശേഷണം ഫിനിഷർ എന്നാണ്. എന്നാൽ, രണ്ട് കളിയും തുലച്ചതിൽ പ്രധാന പങ്കുവഹിച്ചത് ഈ ബാറ്ററാണ്. ഈ സീസണിൽ ജോസ് ബട്‌ലറെ ഒഴിവാക്കിയപ്പോൾ കോടികൾ മുടക്കിയാണ് ഇരുവരെയും നിലനിർത്തിയത്. ജുറെലിന്റെ വില 14 കോടിയാണ്. ഹെറ്റ്‌മയർക്ക് മുടക്കിയത് 11 കോടി.
രാജസ്ഥാന്റെ പ്രശ്‌നങ്ങൾ തുടങ്ങിയത് കളിക്കാരുടെ ലേലംമുതലാണെന്നാണ് വിലയിരുത്തൽ. ബട്‌ലറെപോലുള്ള ബാറ്ററെ ഒഴിവാക്കിയത് തിരിച്ചടിയാണ്. ബൗളിങ്നിരയാകട്ടെ ഇതുവരെ സജ്ജമായിട്ടില്ല. ട്രെന്റ്‌ബോൾട്ട്, ആർ അശ്വിൻ, ആവേശ്‌ഖാൻ, യുസ്‌വേന്ദ്ര ചഹാൽ എന്നിവരെ ഒറ്റയടിക്ക് ഒഴിവാക്കിയാണ് ഇത്തവണ ഇറങ്ങിയത്. പകരംവന്നവർ താളം കണ്ടെത്തുന്നേയുള്ളൂ. തുടക്കത്തിൽ അടി കിട്ടിയ ജോഫ്ര ആർച്ചെർ ഫോമിലായതാണ് ആശ്വാസം.









0 comments