ഏകസംഭാവന വൈഭവ് സൂര്യവംശി
റോയലായില്ല രാജസ്ഥാൻ ; 14 കളിയിൽ പത്ത് തോൽവി

വൈഭവ് സൂര്യവംശി
ജയ്‌പുർ
ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനവുമായി സഞ്‌ജു സാംസൺ ക്യാപ്‌റ്റനായ രാജസ്ഥാൻ റോയൽസ് അവസാനിപ്പിച്ചു. ചെന്നൈ സൂപ്പർ കിങ്സിനെ ആറ് വിക്കറ്റിന് തോൽപ്പിച്ചാണ് മടക്കം. 14 കളിയിൽ നാല് ജയം മാത്രം. പത്ത് തോൽവി. നേടിയത് എട്ട് പോയിന്റ്.
കളിക്കാരുടെ ലേലത്തിൽ തുടങ്ങിയ അബദ്ധങ്ങൾ കളിയിലുടനീളം തുടർന്നു. ബാറ്റർമാരിൽ യശസ്വി ജയ്‌സ്വാൾ മാത്രമാണ് ഫോം നിലനിർത്തിയത്. 14 കളിയിൽ 559 റണ്ണുമായി മുൻനിരയിലെത്തി. പരിക്ക് വലച്ച ക്യാപ്‌റ്റൻ സഞ്‌ജു സാംസൺ 9 കളിയിൽ 285 റണ്ണടിച്ചു. റിയാൻ പരാഗിനും(393) ധ്രുവ് ജറെലിനും(333) കളികൾ ജയിക്കാനുള്ള കരുത്തില്ലായിരുന്നു. സഞ്‌ജുവിന് പരിക്കേറ്റ സമയത്ത് കളിക്കാനിറങ്ങിയ പതിനാലുകാരൻ വൈഭവ് സൂര്യവംശിയെ അവതരിപ്പിച്ചതാണ് ഈ സീസണിൽ രാജസ്ഥാന്റെ ഏകസംഭാവന. കൗമാരതാരം ഏഴ് കളിയിൽ 252 റണ്ണാണ് അടിച്ചുകൂട്ടിയത്. ഷിംറോൺ ഹെറ്റ്‌മയർ ദുരന്തമായി. 14 കളിയിൽ നേടിയത് 239 റൺ. ഹെറ്റ്‌മയർക്ക് മുടക്കിയത് 11 കോടിയാണ്.
ക്യാപ്‌റ്റനായും കളിക്കാരനായും സഞ്‌ജുവിന്റെ അഭാവം ടീമിന്റെ പ്രകടനത്തെ ബാധിച്ചു. ആദ്യ മൂന്ന് കളിയിൽ റിയാൻ പരാഗായിരുന്നു ക്യാപ്‌റ്റൻ. കളിക്കാരുടെ ലേത്തിൽ ജോസ് ബട്‌ലറെ ഒഴിവാക്കിയത് ഭീമാബദ്ധമായി.
ബൗളർമാരിൽ ട്രെന്റ്‌ബോൾട്ട്, ആർ അശ്വിൻ, ആവേശ്‌ഖാൻ, യുസ്‌വേന്ദ്ര ചഹാൽ എന്നിവരെ ഒറ്റയടിക്ക് ഒഴിവാക്കിയതും തിരിച്ചടിയായി. വിക്കറ്റ് നേട്ടത്തിൽ ജോഫ്ര ആർച്ചെർ, വണീന്ദു ഹസരങ്ക, മഹീഷ് തീക്ഷ്‌ണ എന്നിവർ 25–-ാം സ്ഥാനത്താണ്. മൂവർക്കും 11 വിക്കറ്റാണുള്ളത്.









0 comments