രാഹുൽ ദ്രാവിഡ് പരിശീലകസ്ഥാനം ഒഴിഞ്ഞു; സ്ഥിരീകരിച്ച് രാജസ്ഥാൻ റോയൽസ്

ജയ്പുർ: രാജസ്ഥാൻ റോയൽസ് പരിശീലകസ്ഥാനം ഒഴിഞ്ഞ് രാഹുൽ ദ്രാവിഡ്. പുതിയ ഐപിഎൽ സീസണിന് മുന്നോടിയായി രാജസ്ഥാൻ റോയൽസ് തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. റോയൽസിന്റെ യാത്രയിൽ രാഹുൽ ദ്രാവിഡ് നിർണായക പങ്കുവഹിച്ചിട്ടുണ്ടെന്ന് ടീം പ്രസ്താവനയിൽ കുറിച്ചു.
കഴിഞ്ഞ വർഷം ഇന്ത്യൻ ടീമിനെ ട്വന്റി 20 ലോകകപ്പ് ജേതാക്കളാക്കിയശേഷം ഇന്ത്യൻ ടീം പരീശിലക സ്ഥാനം ഒഴിഞ്ഞാണ് ദ്രാവിഡ് രാജസ്ഥാൻ റോയൽസിൻറെ പരിശീലക സ്ഥാനം ഏറ്റെടുത്തത്. എന്നാൽ ടീം മോശം പ്രകടനമാണ് കാഴ്ചവെച്ചത്. 14 മത്സരങ്ങളിൽ നാലു മത്സരം മാത്രം ജയിച്ച രാജസ്ഥാൻ ചെന്നൈ സൂപ്പർ കിംഗ്സിന് തൊട്ടു മുമ്പിൽ ഒമ്പതാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. നേരത്തെ 2012, 2013 ഐപിഎൽ സീസണുകളിൽ രാജസ്ഥാനെ നയിച്ചിരുന്ന ദ്രാവിഡ് തുടർന്നുള്ള രണ്ട് സീസസുണകളിൽ ടീമിന്റെ മെന്ററുടെ റോളിലും എത്തിയിരുന്നു.
രാജസ്ഥാൻ ക്യാപ്റ്റൻ സഞ്‌ജു സാംസന്റെ കൂടുമാറുന്നതുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾക്ക് ചൂടുപിടിക്കുന്ന വേളിയിലാണ് ദ്രാവിഡ് പടിയിറങ്ങുന്നത്. 11 വർഷമായി രാജസ്ഥാൻ റോയൽസിനൊപ്പമാണ് സഞ്‌ജു. എന്നാൽ അവസാന സീസണിൽ മലയാളി വിക്കറ്റ് കീപ്പറും രാജസ്ഥാനും തമ്മിലുള്ള ബന്ധം ഉൗഷ്‌മളമായിരുന്നില്ല. ഒന്നുകിൽ മറ്റൊരു ടീമിലേക്ക് കൈമാറ്റംചെയ്യണം, അല്ലെങ്കിൽ ടീമിൽനിന്ന് വിടുതൽ നൽകണം– ഇതായിരുന്നു സഞ്‌ജു രാജസ്ഥാൻ ടീം മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടത്.









0 comments