അശ്വിൻ ഐപിഎൽ മതിയാക്കി


Sports Desk
Published on Aug 28, 2025, 12:00 AM | 1 min read
ചെന്നൈ
ആർ അശ്വിൻ ഐപിഎൽ ക്രിക്കറ്റിൽനിന്ന് വിരമിച്ചു. സമൂഹമാധ്യമത്തിലൂടെയാണ് മുപ്പത്തെട്ടുകാരന്റെ പ്രഖ്യാപനം. 16 സീസണുകളിലായി അഞ്ച് ക്ലബ്ബുകൾക്കായി കളിച്ചിട്ടുണ്ട്. 221 കളിയിൽ 187 വിക്കറ്റുണ്ട്. ഐപിഎൽ ചരിത്രത്തിലെ എക്കാലത്തെയും മികച്ച നാലാമത്തെ വിക്കറ്റ് വേട്ടക്കാരനാണ്. കഴിഞ്ഞവർഷം രാജ്യാന്തര വേദി വിട്ട അശ്വിൻ ഇനി വിദേശ ലീഗുകളിൽ കളിക്കുമെന്ന് അറിയിച്ചു.
2009ൽ ചെന്നൈ സൂപ്പർ കിങ്‌സിലൂടെയാണ് വലംകൈയൻ അരങ്ങേറിയത്. തൊട്ടടുത്ത വർഷം ഇന്ത്യൻ നിരയിലെത്തി. 2016 സീസണിൽ റൈസിങ് പുണെ ജയന്റ്‌സിലായിരുന്നു. 2018ൽ കിങ്‌സ് ഇലവൻ പഞ്ചാബിലെത്തി. അവിടെ ക്യാപ്‌റ്റനുമായി. ഡൽഹി ക്യാപിറ്റൽസിനായും രാജസ്ഥാൻ റോയൽസിനായും പന്തെറിഞ്ഞ ശേഷമാണ് കഴിഞ്ഞവർഷം ചെന്നൈയിൽ തിരിച്ചെത്തിയത്. അടുത്ത സീസണിൽ ടീമിൽ തുടരുമോ എന്ന കാര്യത്തിൽ വ്യക്തതയുണ്ടായിരുന്നില്ല. ടീം വിടാൻ അശ്വിൻ ആവശ്യപ്പെട്ടതായും വാർത്തകൾ വന്നിരുന്നു. ഐപിഎല്ലിൽ റിട്ടയേർഡ് ഒൗട്ടായ ആദ്യ താരമാണ്. കൂടാതെ, നോൺസ്‌ട്രൈക്ക് ബാറ്ററെ ബൗൾ ചെയ്യുന്നതിനുമുമ്പ് റണ്ണൗട്ടാക്കിയ കളിക്കാരനുമാണ്.









0 comments