എല്ലാ സമ്മാനങ്ങളും ബാറ്റർമാർക്ക് , പിച്ചിന്റെ ആനുകൂല്യവും കിട്ടുന്നില്ല മാനസിക സമ്മർദം കൂടുന്നു
‘ബൗളർമാർ ഔട്ട്’ ; ഐപിഎൽ ക്രിക്കറ്റിൽ വേർതിരിവെന്ന് തുറന്നടിച്ച് ആർ അശ്വിൻ

ചെന്നൈ : ആർ അശ്വിൻ അസംതൃപ്‌തനാണ്. ഒപ്പം അമർഷത്തിലും. ഐപിഎൽ ക്രിക്കറ്റിൽ ബൗളർമാരോട് പക്ഷപാതം കാണിക്കുന്നുവെന്നാണ് വലംകൈയൻ സ്‌പിന്നറുടെ വിമർശനം. മത്സരശേഷമുള്ള അവാർഡ് ദാന ചടങ്ങിലും പിച്ച് ഒരുക്കുന്നതിലുമെല്ലാം ബൗളർമാർ ‘ഔട്ട്’ ആയെന്ന് ഇന്ത്യൻ മുൻ താരം പറയുന്നു. ‘ഐപിഎല്ലിൽ ബൗളർമാർ വലിയ അവഗണനയാണ് നേരിടുന്നത്. മത്സരശേഷമുള്ള സമ്മാനങ്ങളിൽ ഒന്നുപോലും ബൗളർമാർക്കില്ല. ബാറ്റർമാർക്ക് യഥേഷ്ടമുണ്ട്. ഒരാൾ നന്നായി പന്തെറിഞ്ഞാൽ, മികച്ച വിക്കറ്റ് നേടിയാൽ ഈ പരിഗണനയില്ല’–-ചെന്നൈ സൂപ്പർ കിങ്‌സ് താരം തുറന്നടിച്ചു. കൂടുതൽ ഫോറടിച്ചതിനും സിക്‌സർ നേടിയതിനും മികച്ച പ്രഹരശേഷിക്കുമെല്ലാം അവാർഡുണ്ട്.
‘സൂപ്പർ സ്‌ട്രൈക്കർ, സൂപ്പർ ഫോർസ്, സൂപ്പർ സിക്‌സസ്, ഇവയെല്ലാമുണ്ട്. എന്നാൽ സൂപ്പർ ബോൾ ഇല്ല. മുമ്പ് മികച്ച വേഗത്തിൽ പന്തെറിയുന്ന താരത്തിന് അവാർഡുണ്ടായിരുന്നു. ഇപ്പോൾ അതുമില്ല’–-അശ്വിൻ മനസ്സുത്തുറന്നു. സ്വന്തം യുട്യൂബ് ചാനലിലൂടെയാണ് മുപ്പത്തെട്ടുകാരന്റെ പ്രതികരണം. ഐപിഎല്ലിലെ പിച്ചിനെ കുറിച്ചും തമിഴ്നാട്ടുകാരൻ വിമർശനമുന്നയിച്ചു. ബാറ്റർമാർക്ക് മാത്രമായുള്ള ഫ്ലാറ്റ് വിക്കറ്റുകളാണ് ഒരുക്കുന്നതെന്നും ബൗളർമാർക്ക് യാതൊരു ആനുകൂല്യവുമില്ലെന്നും പറഞ്ഞു. ‘ഒരു പിന്തുണയും ലഭിക്കാതെ വെറുതെ പന്തെറിയുകയാണ്. ബൗളർമാർ കടുത്ത മാനസിക സമ്മർദത്തിലൂടെയാണ് കടന്നുപോകുന്നത്. എല്ലാവരും സൈക്കോളജിസ്റ്റിനെ കാണേണ്ടി വരും. എല്ലാവരുടെയും ആത്മവിശ്വാസം നഷ്ടപ്പെടുന്ന അവസ്ഥയാണ്’–-അശ്വിൻ അറിയിച്ചു.
ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്‌ക്കിടെ ഇന്ത്യൻ കുപ്പായമഴിച്ച അശ്വിൻ ഫ്രാഞ്ചൈസി ലീഗിലും ആഭ്യന്തര ക്രിക്കറ്റിലും തുടരുമെന്ന് അറിയിച്ചിരുന്നു. ഐപിഎല്ലിൽ ഈ സീസണിലാണ് ചെന്നൈയിൽ തിരിച്ചെത്തിയത്.









0 comments