പഞ്ചാബ് ഒന്നാമൻ ; മുംബൈയെ ഏഴ്‌ വിക്കറ്റിന്‌ തോൽപ്പിച്ചു

Punjab Kings
വെബ് ഡെസ്ക്

Published on May 27, 2025, 04:44 AM | 2 min read

ജയ്‌പുർ

മുംബൈ ഇന്ത്യൻസിനെ കീഴടക്കി പഞ്ചാബ്‌ കിങ്സ്‌ ഐപിഎൽ ക്രിക്കറ്റിൽ ഒന്നാമതെത്തി. ഏഴ്‌ വിക്കറ്റ്‌ ജയത്തോടെ ഒന്നാം ക്വാളിഫയറിന്‌ അർഹത നേടി. ആദ്യ രണ്ട്‌സ്ഥാനക്കാർ തമ്മിലാണ്‌ ക്വാളിഫയർ. തോൽവിയോടെ മുംബൈ നാലാംസ്ഥാനത്തായി.


മൂന്നാമതെത്തുന്ന ടീമുമായി എലിമിനേറ്റർ കളിക്കണം. ഇന്ന്‌ നടക്കുന്ന അവസാന മത്സരത്തിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെ തോൽപ്പിച്ചാൽ റോയൽ ചലഞ്ചേഴ്‌സ്‌ ബംഗളൂരുവിന്‌ ക്വാളിഫയറിൽ പഞ്ചാബിനെ നേരിടാം. തോറ്റാൽ ഗുജറാത്ത്‌ ടൈറ്റൻസിനാകും അവസരം.


സ്‌കോർ: മുംബൈ 184/7, പഞ്ചാബ്‌ 187/3(18.3)


ജയിക്കാൻ ആവശ്യമായ 185 റൺ മൂന്ന് വിക്കറ്റ്‌ നഷ്‌ടപ്പെടുത്തി പഞ്ചാബ്‌ അനായാസം നേടി. പ്രിയാൻഷ്‌ ആര്യയും ജോഷ്‌ ഇൻഗ്ലിസും നേടിയ അർധസെഞ്ചുറികളാണ്‌ വിജയം എളുപ്പമാക്കിയത്‌. ഇരുവരും ചേർന്ന്‌ രണ്ടാം വിക്കറ്റിൽ 109 റണ്ണടിച്ചു. ഓപ്പണറായ പ്രിയാൻഷ്‌ 35 പന്തിൽ 62 റണ്ണെടുത്തു. ഒമ്പത്‌ ഫോറും രണ്ട്‌ സിക്‌സറും നേടി. ഓസ്‌ട്രേലിയൻ താരമായ ജോഷ്‌ ഇൻഗ്ലിസ്‌ 42 പന്തിൽ 73 റൺ നേടി. ഒമ്പത്‌ ഫോറും മൂന്ന്‌ സിക്‌സറുമടിച്ചു. പ്രഭ്‌ സിമ്രാൻ സിങ്(13) തിളങ്ങിയില്ല. ക്യാപ്‌റ്റൻ ശ്രേയസ്‌ അയ്യരും(26) നേഹൽ വധേരയും(2) പുറത്താകാതെനിന്നു.


സൂര്യകുമാർ യാദവിന്റെ അർധസെഞ്ചുറിയാണ്‌ മുംബൈയ്‌ക്ക്‌ പൊരുതാനുള്ള സ്‌കോർ നൽകിയത്‌. 39 പന്തിൽ 57 റണ്ണടിച്ച സൂര്യകുമാർ ആറ്‌ ഫോറും രണ്ട്‌ സിക്‌സറും കണ്ടെത്തി. ക്യാപ്‌റ്റൻ ഹാർദിക്‌ പാണ്ഡ്യ(26), റ്യാൻ റിക്കിൽട്ടൺ(27), രോഹിത്‌ ശർമ(24) എന്നിവർ സ്‌കോർ ഉയർത്താൻ സഹായിച്ചു.


സൂര്യകുമാർ 34 പന്തിൽ 50 കടന്നു. ഐപിഎൽ ഒരു സീസണിൽ കൂടുതൽ റണ്ണടിക്കുന്ന മുംബൈ താരമെന്ന ബഹുമതി സ്വന്തമാക്കി. സച്ചിൻ ടെണ്ടുൽക്കർ 2010ൽ നേടിയ 618 റൺ റെക്കോഡാണ്‌ മറികടന്നത്‌. 640 റണ്ണുമായി ഈ സീസണിൽ മൂന്നാംസ്ഥാനത്തെത്തി. അഞ്ചാമത്തെ അർധസെഞ്ചുറിയാണ്‌.


അവസാന അഞ്ച്‌ ഓവറിൽ മൂന്ന്‌ വിക്കറ്റ്‌ നഷ്‌ടപ്പെടുത്തി 53 റണ്ണാണ്‌ സാധ്യമായത്‌. വിജയകുമാർ വൈശാഖ്‌ എറിഞ്ഞ പത്തൊമ്പതാം ഓവറിൽ 23 റൺ പിറന്നു. അർഷ്‌ദീപിന്റെ അവസാന ഓവർ മാരകമായിരുന്നു. മൂന്ന്‌ റൺ മാത്രം വിട്ടുകൊടുത്ത്‌ സൂര്യകുമാറിനെയും നമൻ ധീറിനെയും പുറത്താക്കി. 12 പന്തിൽ രണ്ട്‌ സിക്‌സർ അടക്കം 20 റണ്ണെടുത്ത നമൻ ധീറാണ്‌ ആദ്യം പുറത്തായത്‌. സൂര്യകുമാർ അവസാന പന്തിൽ വിക്കറ്റിന്‌ മുമ്പിൽ കുടുങ്ങി. മാർകോ ജാൻസെൻ, അർഷ്‌ദീപ്‌, വിജയകുമാർ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി. .


ഇന്ന്‌ അവസാന 
മത്സരം

പ്ലേഓഫിന്‌ മുമ്പുള്ള അവസാന മത്സരം ഇന്ന്‌ നടക്കും. പുറത്തായ ലഖ്‌നൗ സൂപ്പർ ജയന്റ്‌സും പ്ലേഓഫിൽ കടന്ന റോയൽ ചലഞ്ചേഴ്‌സ്‌ ബംഗളൂരുവും തമ്മിലാണ്‌ കളി.

നാളെ കളിയില്ല. വ്യാഴാഴ്‌ച ആദ്യ ക്വാളിഫയറിൽ ഒന്നും രണ്ടും സ്ഥാനക്കാർ ഏറ്റുമുട്ടും. ജയിക്കുന്നവർ ഫൈനലിൽ കടക്കും. വെള്ളിയാഴ്‌ച മൂന്നും നാലും സ്ഥാനക്കാർ തമ്മിലാണ്‌ എലിമിനേറ്റർ. അതിൽ ജയിക്കുന്നവരും ഒന്നാം ക്വാളിഫയർ തോറ്റവരും തമ്മിൽ ഞായറാഴ്‌ച രണ്ടാം ക്വാളിഫയർ. വിജയികൾ ജൂൺ മൂന്നിന്‌ ഫൈനലിലേക്ക്‌ മുന്നേറും.



deshabhimani section

Related News

View More
0 comments
Sort by

Home