ഓൺലൈൻ ഗെയിമിങ് ബിൽ; ഇന്ത്യൻ ടീമിന്റെ സ്‌പോൺസർഷിപ്പിൽ നിന്ന് പിന്മാറാൻ ഡ്രീം ഇലവൻ

PHOTO: Facebook/Indian Cricket Team
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ടൈറ്റിൽ സ്‌പോൺസർഷിപ്പിൽ നിന്ന് പിന്മാറാനൊരുങ്ങി ഡ്രീം ഇലവൻ. പണം വച്ചുള്ള ഓൺലൈൻ ഗെയിമുകളുടെ പ്രവർത്തനം, പരസ്യം എന്നിവ നിരോധിച്ചുകൊണ്ടുള്ള ‘പ്രൊമോഷൻ ആൻഡ് റെഗുലേഷൻ ഓഫ് ഓൺലൈൻ ഗെയിമിങ് ബിൽ 2025’ പാർലമെന്റിന്റെ ഇരുസഭകളിലും പാസാക്കിയതോടെയാണ് ഡ്രീം ഇലവന്റെ പിന്മാറ്റം. ബിൽ നിലവിൽ വരുന്നതോടെ വരുമാനം നിലക്കുന്നതിനാൽ സ്‌പോൺസർഷിപ്പിൽ നിന്ന് പിന്മാറുന്നതിനുള്ള തീരുമാനം ഡ്രീം ഇലവൻ ബിസിസിഐയെ അറിയിച്ചെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
2023 മുതൽ ബിസിസിഐയുമായി ഒപ്പുവച്ച ഡ്രീം ഇലവന്റെ കരാർ 2026ലാണ് അവസാനിക്കുക. 358 കോടി ചിലവഴിച്ചാണ് ഡ്രീം ഇലവൻ മൂന്ന് വർഷത്തേക്ക് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സ്‌പോൺസർമാരായത്. ഇന്ത്യയിലെ പ്രധാന ഫുട്‌ബോൾ ലീഗായ ഐഎസ്‌എല്ലിന്റെ ഫാന്റസി പങ്കാളികളും ഡ്രീം ഇലവനാണ്.
ഓൺലൈൻ ഗെയിമിങ് ബിൽ നിലവിൽ വരുന്നതോടെ ഇന്ത്യൻ ക്രിക്കറ്റിനും താരങ്ങൾക്കും വൻ വരുമാനനഷ്ടമാണുണ്ടാവുന്നത്. ഡ്രീം ഇലവൻ, മൈ 11 സർക്കിൾ പോലെയുള്ള പ്ലാറ്റ്‌ഫോമുകൾ വഴി 1,000 കോടിയിലധികം രൂപയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമും, ഐപിഎല്ലുമെല്ലാം സമ്പാദിക്കുന്നത്.
എല്ലാ ഓൺലൈൻ ഗെയിമിങ് ആപ്പുകളെയും നിയമപരമായ ചട്ടക്കൂടിനുള്ളിലാക്കുക, ഡിജിറ്റൽ വാതുവയ്‍പ്പ് കുറ്റകരമാക്കുക, ഓൺലൈൻ ഗെയിമുകളുടെ പേരിലുള്ള തട്ടിപ്പുകൾ പരമാവധി തടയുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഓൺലൈൻ ഗെയിമിങ് ബിൽ പാസാക്കിയത്. ഇത്തരം കളികളിലൂടെ കള്ളപ്പണം വ്യാപകമായി വെളുപ്പിക്കുന്നുണ്ടെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു കേന്ദ്രസർക്കാരിന്റെ നടപടി.









0 comments