ആശങ്ക; ഇംഗ്ലണ്ട് ടെസ്റ്റിന് മുമ്പ് കരുൺ നായർക്ക് പരിക്ക്

photo credit: X
ലീഡ്‌സ്: ഇന്ത്യയും -ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്‌റ്റ് പരമ്പരയ്‌ക്ക് നാളെ തുടക്കം കുറിക്കുമ്പോൾ ക്രിക്കറ്റ് ആരാധകരെ ആശങ്കയിലാക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. പരിശീലനത്തിനിടെ പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ ബോളിൽ നിന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം ബാറ്റ്സ്മാൻ കരുൺ നായർക്ക് പരിക്കെന്ന് റിപ്പോർട്ടുകൾ പറയുന്നു. നെറ്റ്സിലെ പരിശീലനത്തിനിടെ പേസ് ബൗളർ പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ പന്ത് കരുണിന്റെ വാരിയെല്ലില്‍ കൊള്ളുകയായിരുന്നു. എന്നാൽ പരിക്ക് സാരമല്ലെന്നാണ് വൃത്തങ്ങൾ പറയുന്നത്. ഫിസിയോയും മറ്റും പരിശോധിച്ച് ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്. 2017 ന് ശേഷമുള്ള കരുണിന്റെ ആദ്യ മത്സരമാണ്. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനമാണ് കരുണിന് ഇന്ത്യന്‍ ടീമിലേക്ക് വഴി തുറന്നത്.
2016 -ലാണ് അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിൽ ഇംഗ്ലണ്ടിനെതിരേ കരുൺ അരങ്ങേറ്റം കുറിക്കുന്നത്.ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ചറിനേടിയ രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് കരുണ്‍. 2013 ഇന്ത്യൻ പ്രീമിയർ ലീഗിൽ ബാംഗളൂർ റോയൽ ചലഞ്ചേഴിന്റെ ടീമിൽ അംഗമായിരുന്ന കരുൺ 2014 -ൽ രാജസ്ഥാൻ റോയൽസിലും 2016 -ൽ ഡൽഹി ഡെയർ ഡെവിൽസിലും അംഗമായിരുന്നു.









0 comments