മുംബൈ വിജയകുതിപ്പ് തുടരുന്നു; രാജസ്ഥാനെതിരെ 100 റൺസ് ജയം

മുംബൈ: വിജയവഴിയിൽ തിരിച്ചെത്തിയ മുംബൈ ഇന്ത്യൻസ് കുതിപ്പ് തുടരുന്നു. ഐപിഎൽ ക്രിക്കറ്റിൽ രാജസ്ഥാൻ റോയൽസിനെതിരെ 100 റൺസിന്റെ വിജയമാണ് ടീം നേടിയത്. ഇതോടെ 11 കളിയിൽ നിന്ന് 14 പോയന്റുമായി മുംബൈ പോയന്റ് പട്ടികയിൽ ഒന്നാമതെത്തി. സ്‌കോര്‍: മുംബൈ ഇന്ത്യന്‍സ് 217/2. രാജസ്ഥാന്‍ റോയല്‍സ് 117/10 (16.1).
ആദ്യ അഞ്ച് കളിയിൽ നാലും തോറ്റ മുൻ ചാമ്പ്യൻമാർ അടുത്ത ആറു കളിയും ജയിച്ചാണ് കുതിപ്പ് തുടരുന്നത്. മുംബൈയുടെ ബൗളർമാരാണ് രാജസ്ഥാന്റെ കഥ കഴിച്ചത്. ട്രെന്റ് ബോൾട്ടും കരൺ ശർമയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ ജസ്‌പ്രീത് ബുമ്ര രണ്ട് വിക്കറ്റും ദീപക് ചാഹറും ഹാർദിക് പാണ്ഡ്യയും ഓരോ വിക്കറ്റും നേടി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുബൈയ്ക്ക് ഓപ്പണർമാരായ റ്യാൻ റിക്കിൾട്ടണും (38 പന്തിൽ 61) രോഹിത് ശർമയും (36 പന്തിൽ 53) മികച്ച തുടക്കമാണ് നൽകിയത്. ഇരുവരും ചേർന്ന് 116 റൺസിന്റെ ഓപ്പണിങ് കൂട്ടുകെട്ടാണുണ്ടാക്കിയത്. 11മത്തെ ഓവറിൽ റിക്കിൾട്ടണെയും 12 മത്തെ ഓവറിൽ രോഹിത് ശർമയെയും പുറത്താക്കിയത് രാജസ്ഥാന് നേരിയ ആശ്വസം നൽകി. സ്‌പിന്നർ മഹീഷ് തീക്ഷണയ്ക്ക് മുമ്പിലാണ് റ്യാൻ റിക്കിൾട്ടൺ വീണത്. രാജസ്ഥാൻ ക്യാപ്റ്റൻ റിയാൻ പരാഗിന്റെ പന്തിൽ യശ്വസി ജയ്‌സ്വാൾ പിടിച്ചാണ് രോഹിത് ശർമ മടങ്ങിയത്. എന്നാൽ പിന്നീട് കളത്തിലിറങ്ങിയ സൂര്യകുമാർ യാദവും (23 പന്തിൽ 48) ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയും (23 പന്തിൽ 48) ചേർന്ന് മുംബൈ സ്കോർ 200 കടത്തുകയായിരുന്നു. മൂന്നാം വിക്കറ്റിൽ 44 പന്തിൽ നിന്ന് ഇരുവരും ചേർന്ന് 94 റൺസാണ് നേടിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്റെ തുടക്കം തർച്ചയോടെയായിരുന്നു. ടീം സ്കോർ 18ൽ എത്തി നിൽക്കെ ഓപ്പണർമാരായ യശ്വസി ജയ്‌സ്വാളിനെയും (6 പന്തിൽ 13) വൈഭവ് സൂര്യവംശിയെയും (2 പന്തിൽ 0) ടീമിന് നഷ്ടമായി. ഗുജറാത്തിനെതിരെ സെഞ്ചുറി നേടി ചരിത്രം കുറിച്ച രാജസ്ഥാന്റെ അത്ഭുതബാലൻ വൈഭവിനെ റൺസെടുക്കും മുമ്പേ ദീപക് ചാഹറാണ് മടക്കിയത്. രണ്ടാം ഓവറിൽ തന്നെ രണ്ട് സിക്സടിച്ച ജയ്‌സ്വാളിനെ ട്രെന്റ് ബോൾട്ടും പുറത്താക്കി. പിന്നാലെ കളത്തിലെത്തിയ നിതീഷ് റാണയെ (11 പന്തിൽ 9) തിലക്‌വർമയുടെ കൈകളിലെത്തിച്ച് ബോൾട്ട് കൂടാരം കയറ്റി. സ്കോർ 47ൽ എത്തിനിൽക്കെ നാലാം ഓവറിൽ തുടർച്ചയായ പന്തുകളിൽ ക്യാപ്റ്റൻ റിയാൻ പരാഗിനെയും (8 പന്തിൽ 16) ഷിംറോൺ ഹെറ്റ്‌മയറിനെയും (1 പന്തിൽ 0) പുറത്താക്കി ജസ്‌പ്രീത് ബുമ്ര രാജസ്ഥാന്റെ പ്രതീക്ഷകളെല്ലാം ഇല്ലാതാക്കി. ശുഭം ദുബെയെ (9 പന്തിൽ 15) ഹാർദിക് പാണ്ഡ്യ മടക്കി. പിന്നാലെ ധ്രുവ് ജുറേൽ (11 പന്തിൽ 11), മഹീഷ് തീക്ഷണ (9 പന്തിൽ 2), കുമാർ കാർത്തികേയ (4 പന്തിൽ 2) എന്നിവരെ പുറത്താക്കി കരൺ ശർമ കൂടി തിളങ്ങിയതോടെ രാജസ്ഥാന്റെ പരാജയം പൂർണ്ണായി. എട്ടാമനായി കളത്തിലിറങ്ങിയ ജോഫ്ര ആർച്ചർ 27 പന്തിൽ നിന്ന് 30 റണ്ണുമായി നിന്ന ചെറുത്ത് നിൽപ്പാണ് രാജസ്ഥാനെ വലിയ നാണക്കേടിൽ നിന്ന് കരകേറ്റിയത്. ബോൾട്ടിന്റെ പന്തിൽ ബുമ്ര പിടിച്ചാണ് ആർച്ചർ പുറത്തായത്. 11 മത്സരത്തിൽ 3 മത്സരം മാത്രം ജയിച്ച രാജസ്ഥാൻ പോയന്റ് പട്ടികയിൽ എട്ടാമതാണ്.









0 comments