നാലാം ടെസ്റ്റിൽ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും; കരുൺ പുറത്ത്, അൻഷുൽ കാംബോജ് ടീമിൽ

Indian Cricket Team/facebook.com/photo
മാഞ്ചസ്റ്റർ: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്‌റ്റിൽ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്‌റ്റോക്‌സ് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. പരമ്പരയിൽ 2–1ന് ഇംഗ്ലണ്ട് മുന്നിലാണ്. ഒപ്പമെത്താൻ ജയം വേണം. തോറ്റാൽ ശുഭ്‌മാൻ ഗില്ലിനും കൂട്ടർക്കും പരമ്പര നഷ്ടമാകും. പരമ്പരയിൽ ഒരു കളികൂടി ബാക്കിയുണ്ട്.
പരിക്കാണ് ഇന്ത്യയെ വലയ്‌ക്കുന്നത്. ഓൾ റൗണ്ടർ നിതീഷ് കുമാർ റെഡ്ഡി പരമ്പരയിൽനിന്ന് പുറത്തായി. പേസർമാരായ ആകാശ് ദീപും അർഷ്‌ദീപ് സിങ്ങും പരിക്കുകാരണം നാലാം ടെസ്‌റ്റിനുള്ള ടീമിലില്ല. യുവപേസർ അൻഷുൽ കാംബോജ് ആദ്യമായി ടീമിൽ ഇടം നേടി. ബാറ്റിങ് നിരയിൽ ബി സായ് സുദർശനും തിരിച്ചെത്തി. എട്ട് വർഷത്തിനുശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്ക് തിരിച്ചെത്തിയെങ്കിലും പരമ്പരിയിൽ മങ്ങിയ കരുൺ നായർ ടീമിൽ നിന്ന് പുറത്തായി.
ഇംഗ്ലണ്ട് നിരയിൽ പരിക്കേറ്റ ഷോയ്‌ബ് ബഷീറിന് പകരം ലിയാം ഡോസൺ ഇടംപിടിച്ചു. മാഞ്ചസ്‌റ്ററിൽ മികച്ച റെക്കോഡാണ് ഇംഗ്ലണ്ടിന്. ക്യാപ്‌റ്റൻ ബെൻ സ്‌റ്റോക്‌സ് ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തതും ഇവിടെയാണ്.ലോർഡ്‌സ് ടെസ്‌റ്റിൽ നിയന്ത്രണം നേടിയിട്ടും അവസാനദിനം ബാറ്റർമാർ മങ്ങിയതാണ് ഇന്ത്യയുടെ തോൽവിക്ക് കാരണമായത്.
ഇന്ത്യൻ ടീം: യശസ്വി ജയ്‌സ്വാൾ, കെ എൽ രാഹുൽ, സായ് സുദർശൻ, ശുഭ്‌മാൻ ഗിൽ, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, വാഷിങ്‌ടൺ സുന്ദർ, ശാർദുൽ ഠാക്കൂർ, ജസ്‌പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, അൻഷുൽ കാംബോജ്.
ഇംഗ്ലണ്ട് ടീം: സാക്ക് ക്രോളി, ബെൻ ഡക്കെറ്റ്, ഒല്ലീ പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെൻ സ്‌റ്റോക്‌സ്, ജാമി സ്‌മിത്ത്, ക്രിസ് വോക്‌സ്, ലിയാം ഡോസൺ, ബ്രൈഡൻ കാർസീ, ജോഫ്ര ആർച്ചെർ.









0 comments