ശുഭം, ഒറ്റ റൺ ; രാജസ്ഥാൻ റോയൽസിനെ കൊൽക്കത്ത വീഴ്ത്തി

അവസാന പന്തിൽ രാജസ്ഥാന്റെ ജോഫ്ര ആർച്ചെറെ റണ്ണൗട്ടാക്കിയ കൊൽക്കത്ത പേസർ വെെഭവ് അറോറയുടെ വിജയാഹ്ലാദം
കൊൽക്കത്ത
അവസാന ഓവർ ത്രില്ലറിൽ ചാമ്പ്യൻമാരായ കൊൽക്കത്ത നൈറ്റ്‌റൈഡേഴ്‌സിന് ഒറ്റ റൺ ജയം. ക്രീസിലുണ്ടായിരുന്ന രാജസ്ഥാൻ റോയൽസ് ബാറ്റർ ശുഭം ദുബെയ്‌ക്കും ജോഫ്ര ആർച്ചെർക്കും ലക്ഷ്യം സാധ്യമായില്ല. വൈഭവ് അറോറ എറിഞ്ഞ അവസാന ഓവറിൽ രാജസ്ഥാന് ജയിക്കാൻ 22 റൺ വേണ്ടിയിരുന്നു. 20 റണ്ണടിച്ച് ശുഭം–-ആർച്ചെർ സഖ്യം കീഴടങ്ങി. ആർച്ചെർ (12) റണ്ണൗട്ടായപ്പോൾ ശുഭം 14 പന്തിൽ 25 റണ്ണുമായി പുറത്താവാതെനിന്നു.
സ്‌കോർ: കൊൽക്കത്ത 206/4, രാജസ്ഥാൻ 205/8.
ഐപിഎൽ ക്രിക്കറ്റിൽനിന്ന് നേരത്തെ പുറത്തായ രാജസ്ഥാന് കൈയിൽ കിട്ടിയ ജയമാണ് നഷ്‌ടമായത്. വൈഭവിന്റെ ആദ്യ പന്തിൽ ആർച്ചെർ രണ്ട് റണ്ണെടുത്തു. അടുത്ത പന്തിൽ ഒരു റൺ. മൂന്നാം പന്ത് സിക്‌സറും നാലാമത്തേത് ഫോറും പറത്തി ശുഭം ദുബെ കളിക്ക് തീപിടിപ്പിച്ചു. അഞ്ചാം പന്തിലും സിക്‌സർ. അവസാന പന്തിൽ ജയിക്കാൻ മൂന്ന് റൺ. എന്നാൽ രണ്ടാം റണ്ണിനായുള്ള ഓട്ടത്തിൽ ആർച്ചെർ റണ്ണൗട്ടായി. കൈവിട്ടെന്ന് കരുതിയ ജയം കൊൽക്കത്ത തിരിച്ചുപിടിച്ചു. തുടക്കത്തിൽ തകർന്നുതരിപ്പണമായ രാജസ്ഥാന് ജീവൻ നൽകിയത് ക്യാപ്‌റ്റൻ റിയാൻ പരാഗിന്റെ തകർപ്പൻ ബാറ്റിങ്ങാണ്. 45 പന്തിൽ 95 റണ്ണടിച്ച് വിജയപ്രതീക്ഷ നൽകി. എട്ട് സിക്‌സറും ആറ് ഫോറും അടിച്ച് പതിനെട്ടാം ഓവറിൽ പുറത്തായത് കളിയുടെ ഗതിമാറ്റി. എട്ടാം ഓവറിൽ 71/5 എന്ന സ്‌കോറിൽ പടുകുഴിയിലേക്ക് വീണ രാജസ്ഥാനെ പരാഗും ഷിംറോൺ ഹെറ്റ്‌മയറും (29) ചേർന്നാണ് ഉയർത്തിയത്. ആറാം വിക്കറിൽ ഈ സഖ്യം 92 റണ്ണടിച്ചു.
ഓപ്പണർ യശസ്വി ജെയ്‌സ്വാൾ 34 റണ്ണുമായി പൊരുതിയപ്പോൾ കൗമാരവിസ്‌മയം വൈഭവ് സൂര്യവംശി (4) തുടർച്ചയായി രണ്ടാം മത്സരത്തിലും തിളങ്ങിയില്ല. കുണാൽ സിങ്, ധ്രുവ് ജുറെൽ, വണീന്ദു ഹസരങ്ക എന്നിവർക്ക് റണ്ണെടുക്കാനായില്ല. കൊൽക്കത്തക്കായി മൊയീൻ അലി, ഹർഷിത് റാണ, വരുൺ ചക്രവർത്തി എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി.
അവസാന അഞ്ച് ഓവറിൽ അടിച്ചുകൂട്ടിയ 89 റണ്ണാണ് കൊൽക്കത്തയ്‌ക്ക് വിജയത്തിനുള്ള സ്‌കോർ സമ്മാനിച്ചത്. 25 പന്തിൽ 57 റണ്ണുമായി കളിയിലെ താരമായ ആന്ദ്രേ റസൽ ആറ് സിക്‌സറും നാല് ഫോറും അടിച്ച് സ്‌കോർ ഉയർത്തി. റിങ്കു സിങ് ആറ് പന്തിൽ 19 റണ്ണുമായി പിന്തുണച്ചു. ആങ്ക്രിഷ് രഘുവംശിയും (44) ക്യാപ്‌റ്റൻ അജിൻക്യ രഹാനെയും (30) സ്‌കോർ ഉയർത്തുന്നതിൽ നിർണായകമായി.
ഓപ്പണർമാരായ റഹ്‌മാനുള്ള ഗുർബാസും (35) സുനിൽ നരെയ്‌നും (11) അടിത്തറയിട്ടു. ജയത്തോടെ കൊൽക്കത്ത ആറാംസ്ഥാനത്തേക്ക് ഉയർന്നു. മൂന്ന് കളി ശേഷിക്കെ പ്ലേഓഫ് പ്രതീക്ഷയുണ്ട്.









0 comments