വിരാട വിജയം; കണ്ണീരണിഞ്ഞ് ആരാധകർ

എസ് നന്ദകുമാർ
Published on Jun 04, 2025, 01:15 PM | 2 min read
ഐപിഎൽ ഫൈനലിന്റെ അവസാന ഓവറിൽ ജോഷ് ഹാസെൽവുഡിന്റെ രണ്ടാം ബോൾ പൂർത്തിയായപ്പോൾ ബൗണ്ടറി ലൈനിൽ വിരാട് കോഹ്‍ലി കണ്ണീരണിഞ്ഞ് വിതുമ്പി. കൂടെ അദ്ദേഹത്തെ സ്നേഹിക്കുന്ന ആരാധകരും. 18 വർഷത്തെ കാത്തിരിപ്പിന്റെ ആനന്ദക്കണ്ണീരായിരുന്നു ഓരോ കോഹ്‍ലി- ബംഗളൂരു ആരാധകരുടെയുള്ളിൽ നിന്നും പുറത്ത് വന്നത്. പഞ്ചാബ് കിംഗ്സിനെ ആറ് റൺസിന് തോൽപ്പിച്ച് ചരിത്രത്തിലാദ്യമായി ബംഗളുൂരു റോയൽ ചലഞ്ചേഴ്സ് ഐപിഎല്ലിൽ മുത്തമിട്ടപ്പോൾ കരിയറിലെ ഒട്ടുമിക്ക നേട്ടങ്ങളും സ്വന്തമാക്കിയ ചുരുക്കം ചില ക്രിക്കറ്റ് താരങ്ങളിലൊരാളായി വിരാട് കോഹ്‍ലിയും മാറി.
23 വർഷത്തെ കാത്തിരിപ്പിനൊടുവിൽ സച്ചിൻ ടെൻഡുൽക്കർ ഏകദിന ലോകകപ്പ് നേടിയപ്പോഴും 16 വർഷം നീണ്ട കാത്തിരിപ്പിനൊടുവിൽ ലയണൽ മെസി ഫിഫ ലോകകപ്പ് നേടിയപ്പോഴുമുണ്ടായ അതേ വികാരമായിരുന്നു കോഹ്‍ലിയെ സ്നേഹിക്കുന്ന ഓരോ ആരാധകരിലുമുണ്ടായത്. ഇന്ത്യൻ ക്രിക്കറ്റിന്റെ മുഖമുദ്ര ആയി നിന്നപ്പോളും ഐസിസിയുടെ വൈറ്റ് ബോൾ ക്രിക്കറ്റിലെ എല്ലാ ട്രോഫികളും നേടിയപ്പോളും ഐപിഎൽ ട്രോഫിയെന്ന മോഹം പൂർത്തീകരിക്കാൻ മുപ്പത്താറുകാരന് 18 വർഷമെടുത്തു.
2008ൽ 19-ാം വയസിൽ ബംഗളൂരുവിനായി ഐപിഎല്ലിൽ അരങ്ങേറിയ കോഹ്‍ലി 18 വർഷമായി അവരുടെ ആത്മാവായി നിലനിന്നു. ഇത്തരമൊരു നേട്ടം ഐപിഎല്ലിൽ വേറെ ആർക്കും സ്വന്തമായില്ല. ബംഗളൂരുവിൽ അരങ്ങേറി ശേഷം മൂന്ന് വർഷത്തിനുള്ളിൽ കോഹ്ലി ടീമിൻ്റെ നെടുംതൂണായി മാറി. ഡാനിയൽ വെട്ടോറിക്ക് ശേഷം ക്യാപ്റ്റൻസി ഏറ്റെടുത്തു. വ്യക്തിഗത പ്രകടനത്തിൽ എല്ലാ വർഷവും മികച്ച് നിന്നെങ്കിലും മൂന്ന് ഫൈനൽ മത്സരങ്ങൾ കളിച്ചെങ്കിലും കപ്പെന്ന ആഗ്രഹം അകന്നു നിന്നു. 2009 ൽ ഡെക്കാൻ ചാർജേഴ്‌സിനോടും 2011ൽ ചെന്നൈ സൂപ്പർ കിങ്സിനോടുമാണ് ടീം ഫൈനലിൽ പരാജയപ്പെട്ടത്. 2016 സീസണിൽ നാലു സെഞ്ചുറിയുമായി 973 റൺസെന്ന ഐതിഹാസിക പ്രകടനം കോഹ്‍ലി കാഴ്ച വെച്ചെങ്കിലും ഫൈനലിൽ സൺ റൈസേഴ്സ് ഹൈദരബാദിനോട് 10 റൺസിനാണ് ടീം തോറ്റത്.
കാത്തിരുന്ന കിരീട നേട്ടം കോഹ്‍ലും ബംഗ്ലളൂരുവും നേടിയതോടെ ക്രിക്കറ്റ് ആരാധകർ ആഘോഷമാക്കി. ഫുട്ബോൾ, സിനിമ രംഗത്തെ പ്രമുഖർ കോഹ്‍ലിക്കും ടീമിനം ആശംസകൾ നേർന്ന് രംഗത്തെത്തി. ടീമിൻ്റെ ഇതിഹാസ താരങ്ങളായിരുന്ന എ ബി ഡിവില്ലിയേഴ്സും ക്രിസ് ഗെയിലും അഹമ്മദാബാദിൽ കിരീട നേട്ടത്തിന് സാക്ഷികളായത് ആരാധകർക്കിടയിൽ ആവേശം പടർത്തി. ഇതിനോടകം അന്താരാഷ്ട്ര ട്വന്റി 20, ടെസ്റ്റ് എന്നിവയിൽ നിന്നും വിരമിച്ച കോഹ്‌ലിയെ ഇനി അന്താരാഷ്ട്ര ക്രിക്കറ്റ് രംഗത്ത് കാണുന്നത് അപൂർവമായിരിക്കും. ഫൈനലിന് ശേഷം ടീമിൻ്റെ ഇംപാക്ട് പ്ലയറായി കാണുമെന്നാണ് കോഹ്‍ലി പറഞ്ഞത്. ഇതോടെ അടുത്ത ഐപിഎൽ സീസണിലും താരം ബാറ്റ് കൊണ്ട് വിസ്മയം തീർക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.









0 comments