കെസിഎൽ കിരീടം ചൂടി കൊച്ചി; കൊല്ലത്തെ എറിഞ്ഞിട്ടു

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് (കെസിഎൽ) കിരീടം ചൂടി കൊച്ചി ബ്ലൂ ടൈഗേഴ്സ്. നിലവിലെ ചാമ്പ്യന്മാരായ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെതിരെ 75 റൺസിനാണ് കൊച്ചിയുടെ വിജയം. കൊച്ചിയുടെ ബോളർമാരുടെ തിളക്കമാർന്ന പ്രകടനമാണ് ടീമിന് ആദ്യ കിരീടം സമ്മാനിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കൊച്ചി നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 181 റൺസാണ് എടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്ലത്തിന് 106 റൺ എടുക്കാനെ കഴിഞ്ഞുള്ളൂ.
ഫൈനലിന്റെ തുടക്കത്തിൽ തന്നെ തകർച്ചയോടെയാണ് കൊച്ചി തുടങ്ങിയത്. തുടക്കത്തിൽ തന്നെ വിപുൽ ശക്തിയെ (5 പന്തിൽ 1) ടീമിന് നഷ്ടമായി. എന്നാൽ ഒരറ്റത്തിന് നിന്ന് തകർത്തടിച്ച വിനൂപ് മനോഹർ ടീം സ്കോർ ഉയർത്തുകയായിരുന്നു. വെറും 20 പന്തിൽ അർദ്ധസെഞ്ചുറി പൂർത്തിയാക്കിയ താരം, കൊല്ലം സെയിലേഴ്സ് ബൗളർമാരെ നിർദയംപ്രഹരിച്ചു. ടീം സ്കോർ 83ൽ നിൽക്കെ വിഷ്ണു പുറത്താവുമ്പോൾ 70 റൺസായിരുന്നു സമ്പാദ്യം. നാല് സിക്സറുകളുടെയും ഒമ്പത് ബൗണ്ടറികളുടെയും അകമ്പടിയോടെയായിരുന്നു വിനൂപിന്റെ ബാറ്റിംഗ്. സീസണിൽ ആകെ 12 മത്സരങ്ങളിൽ നിന്ന് 414 റൺസാണ് വിനൂപ് നേടിയത്. മൂന്ന് അർദ്ധ സെഞ്ചുറികൾ ഉൾപ്പെടുന്നതാണ് നേട്ടം. ടൂർണമെന്റിൽ ആകെ 39 ഫോറുകളും 20 സിക്സറുകളും നേടി റൺ നേട്ടക്കാരിൽ മൂന്നാം സ്ഥാനത്താണ്.
തുടർന്ന് കളത്തിലെത്തിയ ക്യാപ്റ്റൻ സാലി സാംസണും (12 പന്തിൽ 8) പെട്ടെന്ന് വീണതോടെ കൊച്ചിയുടെ റണ്ണൊഴുക്ക് മന്ദഗതിയിലായി. മുഹമ്മദ് ഷാനു (13 പന്തിൽ 10), നിഖിൽ തോട്ടത്ത് (14 പന്തിൽ 10), കെ അജീഷ് (3 പന്തിൽ 0) എന്നിവർ കൂടി പുറത്തായതോടെ കൊച്ചി പരുങ്ങലിലായി. പിന്നീട് കളത്തിലെത്തിയ ആൽഫി ഫ്രാൻസിസ് ജോണിന്റെ പ്രകടനമാണ് കൊച്ചിയ്ക്ക് ആശ്വാസമായത്. വിക്കറ്റുകൾ വീണു കൊണ്ടിരിക്കെ ആൽഫി (25 പന്തിൽ 47) തകർത്തട്ടിച്ചതോടെയാണ് കൊച്ചി കളയിലേക്ക് തിരിച്ചെത്തിയത്. കൊല്ലത്തിന് വേണ്ടി പവൻ രാജും ഷറഫുദ്ദീനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്ലത്തിനും തുടക്കം തകർച്ചയായിരുന്നു. ഓപ്പണർ ഭരത് സൂര്യയെ (5 പന്തിൽ 6) തുടക്കത്തിൽ തന്നെ നഷ്ടമായി. പിന്നാലെ അഭിഷേക് ജെ നായർ (9 പന്തിൽ 13), വത്സൽ ഗോവിന്ദ് (10 പന്തിൽ 10) എന്നിവരും പുറത്തായി. ചെറുത്ത് നിൽക്കാൻ ശ്രമിച്ച ക്യാപ്റ്റൻ സച്ചിൻ ബേബി (11 പന്തിൽ 17) കൂടി വീണതോടെ കൊല്ലം വിറച്ചു തുടങ്ങി. പിന്നീട് എത്തിയ ആർക്കും കൊച്ചി ബോളർമാരുടെ മുന്നിൽ പിടിച്ചു നിൽക്കാനായില്ല.
പി എസ് ജെറിൻ മൂന്ന് വിക്കറ്റ് നേടിയപ്പോൾ ക്യാപ്റ്റൻ സാലി സാംസണും കെ എം ആസിഫും ഹമ്മദ് ആഷികും രണ്ട് വിക്കറ്റ് നേടി. കെ അജീഷ് ഒരു വിക്കറ്റും നേടി.









0 comments