രഞ്ജിയിൽ കേരളം പൊരുതുന്നു; ആദ്യദിനം 246-7 എന്ന നിലയിൽ

ranji trophy kerala.
വെബ് ഡെസ്ക്

Published on Nov 16, 2025, 06:42 PM | 1 min read

ഇൻഡോർ: രഞ്ജി ട്രോഫിയിൽ ആദ്യ വിജയം കൊതുച്ച് കേരളം കരുത്തരായ മധ്യപ്രദേശിനെതിരെ പൊരുതുന്നു. ആദ്യ ദിവസം കളി നിർത്തുമ്പോൾ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 246 റൺസെന്ന നിലയിലാണ് കേരളം. തുടക്കത്തിലെ തകർച്ചയിൽ നിന്നും അർധസെഞ്ചുറി നേടിയ ബാബ അപരാജിത്തും അഭിജിത് പ്രവീണും ചേർന്നാണ് കേരളത്തെ കരകയറ്റിയത്.


ടോസ് നേടിയ മധ്യപ്രദേശ് ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. അരങ്ങേറ്റ മത്സരം കളിക്കുന്ന അഭിഷേക് ജെ നായരും രോഹൻ കുന്നുമ്മലും ചേർന്നാണ് കേരളത്തിന് വേണ്ടി ഇന്നിങ്സ് തുറന്നത്. എന്നാൽ രണ്ടാം ഓവറിൽ തന്നെ കേരളത്തിന് രോഹൻ കുന്നുമ്മലിൻ്റെ വിക്കറ്റ് നഷ്ടമായി. കുമാ‍‍‍‍ർ കാ‍ർത്തികേയയുടെ പന്തിൽ ഹർപ്രീത് സിങ് ക്യാച്ചെടുത്താണ് രോഹനെ അക്കൗണ്ട് തുറക്കാതെ തിരിച്ചയച്ചത്. രണ്ടാം വിക്കറ്റിൽ അഭിഷേകും അങ്കിത് ശ‍ർമ്മയും ചേർന്ന് 54 റൺസ് കൂട്ടിച്ചേ‍ർത്തു. എന്നാൽ 20 റൺസെടുത്ത അങ്കിത് ശർമ്മയെ എൽബിഡബ്ല്യൂവിൽ കുടുക്കി സാരാംശ് ജെയിൻ കൂട്ടുകെട്ടിന് അവസാനമിട്ടു.


മികച്ചൊരു കൂട്ടുകെട്ടിന് ശേഷം തുടരെ വിക്കറ്റുകൾ വീണത് കേരളത്തിന് തിരിച്ചടിയായി. അങ്കിതിന് ശേഷമെത്തിയ സച്ചിൻ ബേബി റണ്ണൊന്നുമെടുക്കാതെ മടങ്ങി. സാരാംശ് ജെയിൻ തന്നെയാണ് സച്ചിനെയും പുറത്താക്കിയത്. അഭിഷേകും (47) മൊഹമ്മദ് അസറുദ്ദീനും (14) അഹ്മദ് ഇമ്രാനും (5) കൂടി പുറത്താക്കിയതോടെ ആറ് വിക്കറ്റിന് 105 റൺസെന്ന നിലയിലായിരുന്നു കേരളം.


തുട‍ർന്ന് ഏഴാം വിക്കറ്റിൽ ബാബ അപരാജിത്തും അഭിജിത് പ്രവീണും ചേർന്ന കൂട്ടുകെട്ടാണ് കേരളത്തെ കരയകയറ്റിയത്. ഇരുവരും ചേർന്ന് 122 റൺസാണ് കൂട്ടിച്ചേ‍ർത്തത്. കരുതലോടെ ബാറ്റു വീശിയ ഇരുവരും ചേ‍ർന്നുള്ള കൂട്ടുകെട്ട് 42 ഓവർ നീണ്ടു. 60 റൺസെടുത്ത അഭിജിതിനെ പുറത്താക്കി സാരാംശ് ജെയിനാണ് ഈ കൂട്ടുകെട്ടിന് അവസാനമിട്ടത്. കളി നിർത്തുമ്പോൾ 81 റൺസോടെ ബാബ അപരാജിത്തും ഏഴ് റൺസോടെ ശ്രീഹരി എസ് നായരുമാണ് ക്രിസീൽ. മധ്യപ്രദേശിന് വേണ്ടി സാരാംശ് ജെയിനും മൊഹമ്മദ് അർഷദ് ഖാനും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.



deshabhimani section

Related News

View More
0 comments
Sort by

Home