കള്ളപ്പണം വെളുപ്പിച്ചെന്ന് ഫോൺ, വെര്‍ച്വല്‍ അറസ്റ്റ്: റിട്ട. എസ്ബിഐ ഉദ്യോഗസ്ഥയ്ക്ക് 66 ലക്ഷം നഷ്ടമായി

തലയോലപ്പറമ്പ്: ഓൺലൈൻ തട്ടിപ്പിലൂടെ റിട്ട. എസ്ബിഐ ഉദ്യോഗസ്ഥയുടെ അക്കൗണ്ടിൽനിന്ന് 66 ലക്ഷം രൂപ നഷ്ടമായി. പൊലീസ് ഇടപെടലിൽ 10 ലക്ഷം തിരികെ പിടിച്ചു. തലയോലപ്പറമ്പ് പള്ളിക്കവല എസ്ബിഐ ബ്രാഞ്ചിൽനിന്ന് കാഷ്യർ ആയി റിട്ടയർ ചെയ്‌ത പൂതപുരം സ്വദേശിനിയെയാണ് കബളിപ്പിച്ചത്. ഇവർ തലയോലപ്പറമ്പ് പൊലീസിൽ പരാതി നൽകി. വിരമിക്കൽ ആനുകൂല്യമായി ലഭിച്ച തുകയാണ് നഷ്ടമായത്.
നവംബർ നാലിനാണ് സംഭവങ്ങളുടെ തുടക്കം. ഇരയുടെ ആധാർ കാർഡ് ഉപയോഗിച്ച് മുംബെയിൽ കാനറാ ബാങ്കിൽ നരേഷ് ഗോയൽ എന്നയാൾ കള്ളപ്പണം വെളുപ്പിക്കൽ നടത്തിയെന്നും ഇതു രാജ്യദ്രോഹ കുറ്റമാണെന്നും ഇവരുടെ വെർച്വൽ അറസ്റ്റ് ഇഷ്യു ചെയ്തിട്ടുണ്ടെന്നും ബോധ്യപ്പെടുത്തിയായിരുന്നു തട്ടിപ്പ്. മുംബെ പൊലീസ് ഹെഡ് കോർട്ടേഴ്സിൽനിന്നും എന്നവകാശപ്പെട്ട് വിവിധ നമ്പറുകളിൽ നിന്ന് വിളിക്കുകയും വാട്സ് ആപ് വഴി വീഡിയോ കോൾ ചെയ്ത് ഇവരെ വിശ്വസിപ്പിക്കുകയും ചെയ്തു. നിയമാനുസൃതമായ പണമല്ല ഇവരുടെ അക്കൗണ്ടിലുള്ളതെന്നും, അത് തെളിയിക്കാൻ തട്ടിപ്പുകാർ നൽകിയ മൂന്ന് അക്കൗണ്ടുകളിലേക്ക് തുക ട്രാൻസ്ഫർ ചെയ്യണമെന്നും ആവശ്യപ്പെട്ടു.
66 ലക്ഷം രൂപ കൈപ്പറ്റിയ ശേഷം ഈ കേസ് ഡൽഹി സിബിഐക്ക് കൈമാറിയെന്ന് പറഞ്ഞ് മറ്റൊരാൾ വിളിച്ചിരുന്നു. പിന്നീട് ബന്ധങ്ങളില്ലാതെ വന്നതോടെയാണ് പൊലീസിനെ സമീപിച്ചത്. തട്ടിപ്പുകാരുടെ അക്കൗണ്ടിലേക്ക് ഇവർ അയച്ചുകൊടുത്ത തുകയിൽ 10 ലക്ഷം രൂപ തിരിച്ചുപിടിക്കുവാൻ പൊലീസിന് സാധിച്ചിട്ടുണ്ട്. സൈബർ സംവിധാനങ്ങൾ ഉപയോഗിച്ച് പ്രതികളെ അടിയന്തരമായി അറസ്റ്റ് ചെയ്യുന്നതിനുള്ള ശ്രമത്തിലാണ് പൊലീസ്.









0 comments