റണ്ണൊഴുകും, കളി മാറും ; കേരള ക്രിക്കറ്റ് ലീഗിന് ഒരുക്കം തകൃതി

കേരള ക്രിക്കറ്റ് ലീഗിന്റെ വേദിയായ തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്--റ്റേഡിയത്തിൽ പിച്ച് നിർമാണം പുരോഗമിക്കുന്നു /ഫോട്ടോ: എ ആർ അരുൺരാജ്
എസ് കിരൺബാബു
Published on Aug 07, 2025, 03:00 AM | 2 min read
തിരുവനന്തപുരം
കേരളത്തിന്റെ സ്വന്തം ലീഗായ കേരള ക്രിക്കറ്റ് ലീഗ് (കെസിഎൽ) രണ്ടാം സീസൺ തുടങ്ങാൻ രണ്ടാഴ്ചമാത്രം. സഞ്ജു സാംസണിന്റെ വരവും മികച്ച ടീമുകളുടെ മുന്നൊരുക്കവും ആവേശം ഇരട്ടിപ്പിക്കും. തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ 21മുതല്‍ സെപ്തംബര്‍ ആറുവരെയാണ് മത്സരങ്ങള്‍. ആറ് ടീമുകളും വിപുലമായ തയ്യാറെടുപ്പിലാണ്. റണ്ണൊഴുകുന്ന പിച്ചുകളാണ് ഇത്തവണ ഗ്രീൻഫീൽഡിൽ ഒരുക്കിയിരിക്കുന്നതെന്ന് ക്യുറേറ്റര്‍ എ എം ബിജു പറഞ്ഞു. കര്‍ണാടകയിലെ മാണ്ഡ്യയില്‍നിന്നെത്തിച്ച പ്രത്യേക തരം കളിമണ്ണ് ഉപയോഗിച്ചാണ് പിച്ച് നിർമാണം. ബാറ്റിങ്ങിന് അനുയോജ്യമെങ്കിലും കണിശതയോടെ പന്തെറിഞ്ഞാല്‍ ബൗളര്‍മാരെയും തുണയ്ക്കുമെന്ന് ബിജു വ്യക്തമാക്കി.
ഏരീസ് കൊല്ലം സെയിലേഴ്സ്, കലിക്കറ്റ് ഗ്ലോബ്സ്റ്റാർസ്, ട്രിവാൻഡ്രം റോയൽസ്, കൊച്ചി ബ്ലൂ ടൈഗേഴ്സ്, തൃശൂർ ടൈറ്റൻസ്, ആലപ്പി റിപ്പിൾസ് എന്നീ ടീമുകളാണ് കിരീടത്തിനായി പോരാടുന്നത്. ദിവസവും രണ്ട് മത്സരങ്ങളാണ്. ഉദ്ഘാടന ദിവസമായ 21-ന് പകൽ 2.30-ന് കഴിഞ്ഞ സീസണിലെ വിജയികളായ ഏരീസ് കൊല്ലം സെയിലേഴ്സ് റണ്ണറപ്പായ കലിക്കറ്റ് ഗ്ലോബ്സ്റ്റാർസിനെ നേരിടും. രാത്രി 7.45-ന് ട്രിവാൻഡ്രം റോയൽസ് കൊച്ചി ബ്ലൂ ടൈഗേഴ്സുമായി ഏറ്റുമുട്ടും. ലീഗ് ഘട്ടത്തിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ പോയിന്റ് പട്ടികയിൽ ആദ്യ നാല് സ്ഥാനങ്ങളിൽ എത്തുന്ന ടീമുകൾ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടും. സെപ്തംബർ അഞ്ചിനാണ് സെമി. ആറിന് വൈകിട്ട് 6.45-ന് ഫൈനൽ.
രണ്ടാം സീസൺ ആവേശകരമാകുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി വിനോദ് എസ് കുമാർ പറഞ്ഞു.
കൊച്ചി ബ്ലൂ ടൈഗേഴ്സ്
കെസിഎൽ രണ്ടാം സീസണിൽ വൻ താരനിരയുമായാണ് കളത്തിലിറങ്ങുന്നത്. റെക്കോഡ് തുകയ്ക്ക് ടീമിലെത്തിച്ച സഞ്ജു സാംസൺ ടീമിന്റെ വൈസ് ക്യാപ്റ്റനും സഹോദരൻ സാലി സാംസൺ ക്യാപ്റ്റനുമാണ്. വിനൂപ് മനോഹരനും അഖിൻ സത്താറുമടക്കമുള്ള ശക്തമായ നിരയാണ്. രഞ്ജി മുൻ താരവും ഇന്ത്യൻ അണ്ടർ 19 ടീമംഗവുമായിരുന്ന റൈഫി വിൻസെന്റ് ഗോമസാണ് മുഖ്യപരിശീലകൻ.
തൃശൂര്‍ ടൈറ്റന്‍സ്
മധ്യനിര ബാറ്ററും ഇടംകൈയൻ സ്പിന്നറുമായ സിജോമോന്‍ ജോസഫാണ് നയിക്കുക. കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം കാഴ്ചവച്ച വരുണ്‍ നായനാര്‍, ഇമ്രാന്‍ അഹമ്മദ്, എം ഡി നിധീഷ്, ആദിത്യ വിനോദ്, മുഹമ്മദ് ഇഷാഖ് എന്നിവരുണ്ട്.
ട്രിവാന്‍ഡ്രം റോയല്‍സ്
കൃഷ്ണപ്രസാദാണ് ക്യാപ്റ്റൻ. ഗോവിന്ദ് ദേവ് പൈ വൈസ് ക്യാപ്റ്റനാണ്. ബേസിൽ തമ്പി, അബ്ദുൾ ബാസിത്ത്, എസ് സുബിൻ, ടി എസ് വിനിൽ, അഭിജിത്ത് പ്രവീൺ, ഫാനൂസ് ഫൈസ്, റിയ ബഷീർ, എം നിഖിൽ, സഞ്ജീവ് സതീശൻ, വി അജിത്, ആസിഫ് സലിം എന്നിവരാണ് പ്രധാന താരങ്ങൾ. മുൻ രഞ്ജി താരം എസ് മനോജാണ് മുഖ്യ പരിശീലകൻ.
ആലപ്പി റിപ്പിൾസ്
കേരളത്തിന്റെ വെടിക്കെട്ട് ബാറ്റർ മുഹമ്മദ് അസ്ഹറുദ്ദീനാണ് ക്യാപ്റ്റൻ. ആഭ്യന്തര ക്രിക്കറ്റിൽ കേരളത്തിനായി മിന്നുന്ന ജലജ് സക്‌സേനയാണ് പ്രധാന താരം. വൈസ് ക്യാപ്റ്റൻ അക്ഷയ് ചന്ദ്രൻ, വിഗ്നേഷ് പുത്തൂർ, ടി കെ അക്ഷയ്, എൻ പി ബേസിൽ, ശ്രീഹരി എസ് നായർ, ആദിത്യ ബൈജു, മുഹമ്മദ് കൈഫ്, രാഹുൽ ചന്ദ്രൻ, അനുജ് ജോതിൻ എന്നിവരാണ് മറ്റ് പ്രധാന കളിക്കാർ. കേരള രഞ്ജി ടീം മുൻ ക്യാപ്റ്റൻ സോണി ചെറുവത്തൂരാണ് മുഖ്യപരിശീലകൻ.
ഏരീസ് കൊല്ലം സെയിലേഴ്സ്
കഴിഞ്ഞ സീസണിലെ ജേതാക്കൾ ഇത്തവണയും പരിചയസമ്പന്നരായ താരങ്ങളുമായാണ് എത്തുന്നത്. കേരളത്തിന്റെ ക്യാപ്റ്റൻ സച്ചിന്‍ ബേബിയാണ് നയിക്കുന്നത്. വിഷ്ണു വിനോദ്, എൻ എം ഷറഫുദ്ദീൻ, അഭിഷേക് ജെ നായർ, രാഹുൽ ശർമ, ആഷിഖ് മുഹമ്മദ്, അതുൽജിത്ത് അനു, അമൽ, ആഷിഖ് മുഹമ്മദ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. മുൻ രഞ്ജി താരം മോനിഷ് സതീഷാണ് മുഖ്യപരിശീലകൻ.
കലിക്കറ്റ് ഗ്ലോബ്സ്റ്റാർസ്
കഴിഞ്ഞ സീസണിലെ പോലെ ബാറ്റിങ് കരുത്തിലാണ് കളത്തിലിറങ്ങുന്നത്. ക്യാപ്റ്റൻ രോഹന്‍ കുന്നുമ്മല്‍, സല്‍മാന്‍ നിസാര്‍, അഖില്‍ സ്‌കറിയ, അജ്നാസ് തുടങ്ങിയ കേരള താരങ്ങൾ ഇത്തവണയും ടീമിലുണ്ട്. മുന്‍ രഞ്ജിതാരം ഫിറോസ് വി റഷീദ് പരിശീലകനായുണ്ട്.









0 comments