പ്രവേശനം സ‍ൗജന്യം , ഫൈനൽ 
സെപ്‌തംബർ 
ഏഴിന്‌

കേരളപൂരം ; ആറ്‌ ടീമുകൾ, 
33 കളികൾ , ക്രിക്കറ്റ് മാമാങ്കത്തിന് ഇന്ന്‌ തുടക്കം

Kerala Cricket League

സാലി സാംസൺ (കൊച്ചി ബ്ലൂ ടൈഗേഴ്‌സ്), കൃഷ്ണപ്രസാദ് (ട്രിവാൻഡ്രം റോയൽസ്), സച്ചിൻ ബേബി (ഏരീസ് കൊല്ലം സെയ്‌ലേഴ്സ്, രോഹൻ കുന്നുമ്മൽ (കലിക്കറ്റ് ഗ്ലോബ്സ്റ്റാഴ്സ്), മുഹമ്മദ് അസ്ഹറുദീൻ (ആലപ്പുഴ റിപ്പിൾസ്), സിജോമോൻ ജോസഫ് (തൃശൂർ ടെെറ്റൻസ്)

avatar
വൈഷ്‌ണവ്‌ ബാബു

Published on Aug 21, 2025, 12:16 AM | 3 min read


തിരുവനന്തപുരം

ആറ് ടീമുകൾ, 33 മത്സരങ്ങൾ, തീപാറുന്ന പോരാട്ടങ്ങൾ.... ആവേശം അതിരിടുന്ന ക്രിക്കറ്റ് മാമാങ്കത്തിന് തലസ്ഥാനത്ത്‌ ഇന്ന്‌ തുടക്കം. ഇനി മൂന്നാഴ്ച ക്രിക്കറ്റ് ആവേശത്തിന്റെ പൂരം കാണാം. തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്‌റ്റേഡിയത്തിലെ റണ്ണൊഴുകും പിച്ചിൽ കൂറ്റൻ സ്‌കോറുകൾ പിറക്കുമെന്നാണ്‌ പ്രവചനം.


കേരള ക്രിക്കറ്റ്‌ ലീഗിന്റെ (കെസിഎൽ) രണ്ടാം സീസണിൽ പുതിയ താരോദയങ്ങൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. വിപുലമായ തയ്യാറെടുപ്പിലാണ്‌ ആറ്‌ ടീമുകളും. കാണികൾക്ക്‌ പ്രവേശനം സ‍ൗജന്യമാണ്‌.


ട്രിവാൻഡ്രം റോയൽസ്, ഏരീസ് കൊല്ലം സെയിലേഴ്സ്, ആലപ്പി റിപ്പിൾസ്, കൊച്ചി ബ്ലൂ ടൈഗേഴ്സ്, തൃശൂർ ടൈറ്റൻസ്, കലിക്കറ്റ് ഗ്ലോബ് സ്റ്റാഴ്‌സ് എന്നീ ടീമുകളാണ്‌ കിരീടത്തിനായി പോരാടുന്നത്‌.


ദിവസേന രണ്ട് മത്സരങ്ങളാണ്‌. പകൽ 2.30ന്‌ ആദ്യ മത്സരവും വൈകിട്ട്‌ 6.45ന്‌ രണ്ടാം മത്സരവും നടക്കും. ഉദ്ഘാടന ദിവസത്തിൽമാത്രം 7.45നാണ്‌ രണ്ടാം മത്സരം. ലീഗ് ഘട്ടത്തിൽ ഓരോ ടീമും പരസ്‌പരം രണ്ട് തവണ ഏറ്റുമുട്ടും. കൂടുതൽ പോയിന്റ്‌ നേടുന്ന നാല് ടീമുകൾ സെമിയിൽ പ്രവേശിക്കും. സെപ്തംബർ അഞ്ചിനാണ് സെമി. ഏഴിന്‌ ഫൈനൽ പോരാട്ടവും നടക്കും.

കൊല്ലം സെയിലേഴ്സ് x
കലിക്കറ്റ് ഗ്ലോബ് സ്റ്റാർസ്

കഴിഞ്ഞ തവണത്തെ ഫൈനലിസ്‌റ്റുകളായ കൊല്ലവും കലിക്കറ്റും തമ്മിലാണ് ഉദ്ഘാടന മത്സരം. വൻ താരനിരയുമായി ഇത്തവണയും കൊല്ലം ടീം ശക്തരാണ്. കലിക്കറ്റിന്‌ പകരം വീട്ടാനുള്ള അവസരമാണ്‌. ക്യാപ്റ്റൻ സച്ചിൻ ബേബിക്കൊപ്പം എൻ എം ഷറഫുദ്ദീൻ, അഭിഷേക് ജെ നായർ തുടങ്ങിയ പ്രമുഖ താരങ്ങളും ടീമിലുണ്ട്. മറുവശത്ത് രോഹൻ കുന്നുമ്മലിന്റെ നേതൃത്വത്തിലുള്ള കലിക്കറ്റ് ഒട്ടും പിന്നിലല്ല. സൽമാൻ നിസാർ, അഖിൽ സ്‌കറിയ തുടങ്ങിയവർ ചേരുമ്പോൾ ഏത്‌ കളിയും ജയിക്കാം.

ട്രിവാൻഡ്രം റോയൽസ് x 
കൊച്ചി ബ്ലൂ ടൈഗേഴ്സ്

​രണ്ടാം മത്സരത്തിൽ ട്രിവാൻഡ്രം റോയൽസും കൊച്ചി ബ്ലൂ ടൈഗേഴ്സും ഏറ്റുമുട്ടും. പ്രദർശന മത്സരത്തിൽ മിന്നുന്ന ഫോമിൽ കളിച്ച സഞ്ജു സാംസണാണ്‌ കൊച്ചിയുടെ പ്രതീക്ഷ. ജ്യേഷ്‌ഠൻ സാലിയുടെ ക്യാപ്റ്റൻസിയിൽ ആദ്യമായി സഞ്ജു കളിക്കാനിറങ്ങുന്നു എന്ന പ്രത്യേകതയുമുണ്ട്‌. വിനൂപ് മനോഹരനും അഖിൻ സത്താറടക്കമുള്ള ശക്തമായ നിരയാണ്‌.

കൃഷ്ണപ്രസാദിന്റെ കീഴിലാണ് ട്രിവാൻഡ്രം റോയൽസ് ഇത്തവണ ഇറങ്ങുന്നത്. അബ്ദുൾ ബാസിത്‌, ഗോവിന്ദ് ദേവ്‌ പൈ, എസ്‌ സുബിൻ, റിയ ബഷീർ തുടങ്ങിയവരുടെ ബാറ്റിങ്ങും ബേസിൽ തമ്പി, വി അജിത് തുടങ്ങിയവരുടെ ബൗളിങ്ങും നിർണായകമാകും.


​ഉദ്‌ഘാടനം മോഹൻലാൽ

ടൂർണമെന്റിന്റെ രണ്ടാം സീസണിൽ ആകർഷകമായ മാറ്റങ്ങളാണ്‌ കേരള ക്രിക്കറ്റ്‌ അസോസിയേഷൻ വരുത്തിയത്‌. ഡിആർഎസ് സംവിധാനം ഇത്തവണ ഏർപ്പെടുത്തിയിട്ടുണ്ട്. സ്റ്റാർ സ്പോർട്സ്, ഏഷ്യാനെറ്റ് പ്ലസ് എന്നീ ചാനലുകളിലും ഫാൻകോഡിലും മത്സരങ്ങൾ തത്സമയം കാണാം. ആദ്യ മത്സരത്തിന് ശേഷം വൈകിട്ട്‌ 6.30-ന് കെസിഎൽ ബ്രാൻഡ് അംബാസഡർ മോഹൻലാൽ ഉദ്ഘാടനംചെയ്യും. 50 കലാകാരന്മാർ പങ്കെടുക്കുന്ന കേരളത്തിന്റെ വിവിധ കലാരൂപങ്ങൾ കോർത്തിണക്കിയുള്ള നൃത്ത–സംഗീത വിരുന്നും അരങ്ങേറും.


ടീമുകൾ

ട്രിവാൻഡ്രം റോയൽസ്, ഏരീസ് കൊല്ലം സെയിലേഴ്സ്, ആലപ്പി റിപ്പിൾസ്, കൊച്ചി ബ്ലൂ ടൈഗേഴ്സ്, തൃശൂർ ടൈറ്റൻസ്, കലിക്കറ്റ് ഗ്ലോബ് സ്റ്റാഴ്‌സ്.


വെടിക്കെട്ടിന്‌ ഒരുങ്ങി നായകർ

കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണിന് ആവേശം പകരാൻ നായകർ ഒരുങ്ങി. ബാറ്റിങ് അനുകൂല പിച്ചിൽ വെടിക്കെട്ട്‌ പ്രകടനങ്ങളെ ആശ്രയിച്ചായിരിക്കും ടീമുകളുടെ വിജയമെന്ന്‌ ക്യാപ്റ്റൻമാർ ഒന്നടങ്കം പറഞ്ഞു. കേരള ക്രിക്കറ്റ്‌ ലീഗിന്‌ മുന്നോടിയായി തിരുവനന്തപുരത്ത്‌ നടത്തിയ വാർത്താസമ്മേളനത്തിലാണ്‌ ക്യാപ്‌റ്റൻമാർ മനസ്സുതുറന്നത്‌. ഓൾറൗണ്ട് പ്രകടനങ്ങൾ നിർണായകമാകും.


വേറിട്ട തന്ത്രങ്ങളുമായി 
കൃഷ്ണപ്രസാദ്

എല്ലാ അർഥത്തിലും ഒരു ബാലൻസിങ് ടീമായിട്ടാണ് ഇത്തവണ ട്രിവാൻഡ്രം റോയൽസ് എത്തുന്നതെന്ന് ക്യാപ്റ്റൻ കൃഷ്ണപ്രസാദ് പറഞ്ഞു.

പരിചയസമ്പത്തുമായി- 
സച്ചിൻ ബേബി

കിരീടനേട്ടം ആവർത്തിക്കാൻ ഇത്തവണ കരുത്തുപകരുന്നത് സ്‌പിന്നർമാരായിരിക്കുമെന്ന് ഏരീസ് കൊല്ലം സെയിലേഴ്സ് ക്യാപ്റ്റൻ സച്ചിൻ ബേബി. ബാറ്റർ എന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും കഴിവ് തെളിയിച്ച സച്ചിന്റെ നേതൃത്വം ടീമിന് മുതൽക്കൂട്ടാണ്.

വെടിക്കെട്ട്‌ ബാറ്റർ അസ്ഹർ

ആലപ്പി റിപ്പിൾസ് ഓൾ റൗണ്ട് പ്രകടനം കാഴ്‌ചവയ്‌ക്കാൻ കരുത്തുള്ള ടീമാണെന്ന് ക്യാപ്റ്റൻ മുഹമ്മദ് അസ്‌ഹറുദീൻ പറഞ്ഞു. കളിക്കളത്തിൽ വേറിട്ട തന്ത്രങ്ങൾ മെനഞ്ഞും വെടിക്കെട്ട്‌ ബാറ്റിങ്ങിലൂടെയും എതിരാളികളെ അമ്പരപ്പിക്കാൻ കഴിയുമെന്നാണ്‌ പ്രതീക്ഷ.

ശാന്തനായ പോരാളി സാലി

സാലി സാംസണിനുകീഴിലാണ്‌ കൊച്ചി ബ്ലൂ ടൈഗേഴ്സ്‌ പോരാട്ടത്തിനിറങ്ങുന്നത്‌. കളിക്കളത്തിലെ തന്ത്രപരമായ നീക്കങ്ങളിലൂടെ എതിരാളികളെ വീഴ്‌ത്താൻ കഴിവുള്ള ക്യാപ്റ്റനിൽ ടീം വലിയ പ്രതീക്ഷവയ്ക്കുന്നുണ്ട്‌. സഹോദരൻ സഞ്ജു സാംസൺ വൈസ്‌ ക്യാപ്റ്റനാണെന്ന പ്രത്യേകതയുമുണ്ട്‌.

ബൗളിങ് നിരയുമായി 
സിജോമോൻ

കളിയുടെ ഗതിയെ തിരിച്ചുവിടാൻ പ്രാപ്തിയുള്ള ടീമാണ്‌ തൃശൂർ ടൈറ്റൻസെന്ന്‌ ക്യാപ്റ്റൻ സിജോമോൻ ജോസഫ്‌. ടീമിന് ആത്മവിശ്വാസം നൽകി മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കാൻ കഴിയുമെന്നാണ്‌ പ്രതീക്ഷ.

കിരീടം തിരിച്ചുപിടിക്കാൻ 
രോഹൻ

കഴിഞ്ഞ സീസണിൽ നഷ്ടമായ കിരീടം സ്വന്തമാക്കുകയാണ് ടീമിന്റെ ലക്ഷ്യമെന്ന് കലിക്കറ്റ് ഗ്ലോബ്സ്റ്റാഴ്‌സ് നായകൻ രോഹൻ കുന്നുമ്മൽ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home