കെസിഎൽ: തൃശൂർ ടൈറ്റൻസിന് 7 വിക്കറ്റ് ജയം

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ ആലപ്പി റിപ്പിൾസിനെതിരെ തൃശൂർ ടൈറ്റൻസിന് ഏഴു വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത ആലപ്പി ഉയർത്തിയ 151 റൺസ് 16.3 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ തൃശൂർ മറികടന്നു. അഹമ്മദ് ഇമ്രാൻ 61 (44), ആനന്ദ് കൃഷ്ണ 63 (39) എന്നിവരുടെ അർധ സെഞ്ചുറിയാണ് ടൈറ്റൻസിന് അനായാസ വിജയം സമ്മാനിച്ചത്.
മത്സരത്തിൽ ടോസ് നേടിയ തൃശൂർ ടൈറ്റൻസ് ക്യാപ്റ്റൻ സിജോമോൻ ജോസഫ് ആലപ്പി റിപ്പിൾസിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. കളിയുടെ തുടക്കത്തിൽ തന്നെ ആലപ്പിയുടെ ജലജ് സക്സേന 8 (8), അക്ഷയ് ചന്ദ്രൻ 7 (9) എന്നിവരെ വീഴ്ത്തി ആനന്ദ് ജോസഫ് തൃശൂരിന് മേൽകൈ നേടി കൊടുത്തു. പിന്നാലെ കളത്തിലെത്തിയ ക്യാപ്റ്റൻ മുഹമ്മദ് അസറുദ്ദീൻ 56 (38) ടീമിനെ ഒരറ്റത്തു നിന്ന് നയിക്കുകയായിരുന്നു. അർധസെഞ്ചുറി നേടിയ മുഹമ്മദ് അസറുദ്ദീനാണ് ടീമിന്റെ ടോപ് സ്കോറർ. തൃശൂരിന് വേണ്ടി സിബിൻ ഗിരീഷ് നാലു വിക്കറ്റ് നേടി. ഇഷാഖ് മുഹമ്മദ് ഒരു വിക്കറ്റും വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ തൃശൂർ ടൈറ്റൻസിന് ഓപ്പണർമാർ മിന്നുന്ന തുടക്കമാണ് സമ്മാനിച്ചത്. പത്ത് ഓവറിൽ വിക്കറ്റ് നഷ്ടമാകാതെ 97 റൺസാണ് അഹമ്മദ് ഇമ്രാനും ആനന്ദ് കൃഷ്ണയും അടിച്ചുകൂട്ടിയത്. ഇരുവരും ചേർന്ന് 121 റൺസിന്റെ കൂട്ടുകൊട്ടുണ്ടാക്കിയാണ് മടങ്ങിയത്. ആലപ്പിക്ക് വേണ്ടി വിഗ്നേഷ് പുത്തൂർ രണ്ട് വിക്കറ്റ് വീഴ്ത്തി.









0 comments