റൂട്ട് ക്ലിയർ ; ടെസ്റ്റ് റണ്ണടിയിൽ ജോ റൂട്ടിന് മുമ്പിൽ സച്ചിൻ മാത്രം


Sports Desk
Published on Jul 26, 2025, 04:12 AM | 2 min read
മാഞ്ചസ്‌റ്റർ
ജോ റൂട്ടിന്റെ ബാറ്റിൽ വേരുറപ്പിച്ച് ഇംഗ്ലണ്ട്. റണ്ണടിയിൽ റൂട്ടിനുമുമ്പിൽ ഇനി സാക്ഷാൽ സച്ചിൻ ടെൻഡുൽക്കർമാത്രം. ഇന്ത്യക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്‌റ്റിൽ 38–-ാം സെഞ്ചുറിയുമായി മുപ്പത്തിനാലുകാരൻ കോട്ട കെട്ടിയപ്പോൾ ഇംഗ്ലണ്ടിന് കൂറ്റൻ സ്‌കോർ. ഒന്നാം ഇന്നിങ്സിൽ ഏഴ് വിക്കറ്റ് നഷ്‌ടത്തിൽ 544 റൺ. ലീഡ് 186 റൺ.
248 പന്തിൽ 150 റണ്ണടിച്ച റൂട്ട് ടെസ്‌റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺ നേടുന്ന രണ്ടാമത്തെ കളിക്കാരനായി–-157 ടെസ്‌റ്റിൽ 13,409 റൺ. സച്ചിൻ 200 കളിയിൽ അടിച്ചുകൂട്ടിയത് 15,921 റണ്ണാണ്. രാഹുൽ ദ്രാവിഡ് (13,288), ജാക്ക് കാലിസ് (13,288), റിക്കി പോണ്ടിങ് (13,378) എന്നിവരെ ഒറ്റയടിക്ക് മറികടന്നാണ് റൂട്ടിന്റെ കുതിപ്പ്. ക്യാപ്‌റ്റൻ ബെൻ സ്‌റ്റോക്‌സ് 77 റണ്ണുമായി കളംവിട്ടെങ്കിലും തിരിച്ചെത്തി ക്രീസിലുണ്ട്. ലിയാം ഡോസനാണ് (21) കൂട്ട്. ഇന്ത്യൻ ക്യാപ്‌റ്റൻ ശുഭ്‌മാൻ ഗിൽ ബൗളർമാരെ മാറ്റി പരീക്ഷിച്ചെങ്കിലും ഇംഗ്ലണ്ടിന്റെ റൂട്ടിളക്കാനായില്ല.
സ്‌കോർ: ഇന്ത്യ 358, ഇംഗ്ലണ്ട് 544/7
വലംകൈയൻ ബാറ്ററായ റൂട്ട് ടെസ്‌റ്റ് ക്രിക്കറ്റിലെ നിരവധി റെക്കോഡുകളാണ് കടപുഴക്കിയത്. ഇന്ത്യക്കെതിരെ കൂടുതൽ സെഞ്ചുറി നേടിയ കളിക്കാരനായി (12). ഓസ്‌ട്രേലിയൻ താരം സ്‌റ്റീവ് സ്‌മിത്തിനെയാണ് (11) മറികടന്നത്. നാട്ടിൽ 23 സെഞ്ചുറികളെന്ന റെക്കോഡിനൊപ്പമെത്തി.
മൂന്നാം ദിവസം തുടങ്ങുമ്പോൾ റൂട്ടിന് 11 റണ്ണായിരുന്നു. ഒപ്പമുള്ള ഒല്ലി പോപ്പിന് 20 റൺ. ഇംഗ്ലണ്ട് രണ്ട് വിക്കറ്റ് നഷ്‌ടത്തിൽ 225 റണ്ണിൽനിന്നാണ് കുതിച്ചുകയറിയത്. ഇന്ത്യൻ ബൗളർമാർക്ക് ഒരു ചലനവുമുണ്ടാക്കാൻ സാധിച്ചില്ല. ഇംഗ്ലീഷ് ബാറ്റർമാർ നല്ലവണ്ണം വെള്ളം കുടിപ്പിക്കുകയും ചെയ്‌തു. പോപും റൂട്ടും ചേർന്ന് മൂന്നാം വിക്കറ്റിൽ 144 റണ്ണടിച്ചു. 128 പന്തിൽ 71 റണ്ണെടുത്ത പോപിനെ വാഷിങ്ടൺ സുന്ദറിന്റെ പന്തിൽ കെ എൽ രാഹുൽ പിടികൂടി. തൊട്ടുപിന്നാലെ മൂന്ന് റണ്ണുള്ള ഹാരി ബ്രൂകിനെയും പുറത്താക്കി ഇന്ത്യ പിടിമുറുക്കാൻ ശ്രമിച്ചു. സുന്ദറിന്റെ പന്തിൽ വിക്കറ്റ്‌കീപ്പർ ധ്രുവ് ജുറെൽ സ്‌റ്റമ്പ് ചെയ്‌തു. എന്നാൽ റൂട്ടിനൊപ്പം ചേർന്ന സ്‌റ്റോക്‌സ് എല്ലാ കെട്ടുംപൊട്ടിച്ച് മുന്നേറി.
ഇരുവരും ബൗളർമാരെ ക്ഷമയോടെ നേരിട്ടു. മോശം പന്തുകൾമാത്രം പ്രഹരിച്ചാണ് മുന്നേറിയത്. ജസ്‌പ്രീത് ബുമ്രയ്‌ക്കും മുഹമ്മദ് സിറാജിനും മൂർച്ചയുണ്ടായില്ല. രവീന്ദ്ര ജഡേജയുടെ പന്തുകൾ തിരിഞ്ഞതുമില്ല. അഞ്ചാം വിക്കറ്റിൽ കൂട്ടുകെട്ട് 142 റണ്ണെടുത്തു. കാലിന് ചെറിയ പരിക്കുമായി സ്‌റ്റോക്‌സ് മടങ്ങിയത് ഇന്ത്യക്ക് ആശ്വാസമായി. എന്നാൽ എട്ടാം വിക്കറ്റിൽ തിരിച്ചെത്തി. 116 പന്തിൽ 66 റണ്ണായിരുന്നു സമ്പാദ്യം. തുടർന്ന് 11 റൺ കൂടി നേടി. അതിൽ ആറ് ഫോറുണ്ട്.
150 റണ്ണടിച്ച ഉടൻ റൂട്ട് പുറത്തായി. ജഡേജയുടെ പന്തിൽ ധ്രുവ് ജുറെലിന്റെ തകർപ്പൻ സ്‌റ്റമ്പിങ്. അതിനിടെ 14 ഫോറടിച്ചിരുന്നു മുൻ ഇംഗ്ലീഷ് ക്യാപ്‌റ്റൻ.
ടെസ്‌റ്റിലെ റണ്ണടിക്കാർ
സച്ചിൻ ടെൻഡുൽക്കർ (ഇന്ത്യ) 200 മത്സരം, 15921 റൺ
ജോ റൂട്ട് (ഇംഗ്ലണ്ട്) 157 മത്സരം, 13409 റൺ
റിക്കി പോണ്ടിങ് (ഓസ്‌ട്രേലിയ) 168 മത്സരം, 13378 റൺ
ജാക്ക് കാലിസ് (ദക്ഷിണാഫ്രിക്ക) 166 മത്സരം, 13289 റൺ
രാഹുൽ ദ്രാവിഡ് (ഇന്ത്യ) 164 മത്സരം, 13288 റൺ
കൂടുതൽ സെഞ്ചുറികൾ
സച്ചിൻ ടെൻഡുൽക്കർ (ഇന്ത്യ) 51
ജാക്ക് കാലിസ് (ദക്ഷിണാഫ്രിക്ക) 45
ജോ റൂട്ട് (ഇംഗ്ലണ്ട്) 38
റിക്കി പോണ്ടിങ് (ഓസ്‌ട്രേലിയ) 38
കുമാർ സങ്കക്കാര (ശ്രീലങ്ക) 38
രാഹുൽ ദ്രാവിഡ് (ഇന്ത്യ) 36
സ്‌റ്റീവൻ സ്‌മിത്ത് (ഓസ്‌ട്രേലിയ) 36









0 comments