ബുമ്ര എത്ര ദൂരം ; ടെസ്റ്റിൽ തുടരുന്ന കാര്യത്തിൽ അവ്യക്തത


Sports Desk
Published on Aug 03, 2025, 04:02 AM | 2 min read
ലണ്ടൻ
ജസ്പ്രീത് ബുമ്രയ്ക്കുശേഷമുള്ള പേസ് നിരയെക്കുറിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം മാനേജ്മെന്റ് ആലോചിച്ച് തുടങ്ങുന്നു. ബുമ്ര എത്രനാൾ ടെസ്റ്റ് കളിക്കുമെന്ന കാര്യത്തിൽ ആശങ്ക തുടരുന്നതിനിടെയാണ് ഭാവി ബൗളർമാരെക്കുറിച്ചുള്ള ചർച്ചകൾ സജീവമാകുന്നത്. ലോകത്തെ ഏറ്റവും മികച്ച പേസർമാരിലൊരാളായ മുപ്പത്തൊന്നുകാരന് പരിക്കാണ് വെല്ലുവിളി. ഇതിനകം രണ്ട് ശസ്ത്രക്രിയകൾ നടത്തേണ്ടിവന്നു. ഒന്നുകൂടി സംഭവിച്ചാൽ കളിജീവിതം അപകടത്തിലാകും. അതിനിടെ അടുത്ത മാസം നടക്കുന്ന ഏഷ്യാ കപ്പ് ട്വന്റി20യിൽ കളിക്കാൻ സാധ്യതയില്ലെന്നാണ് ബിസിസിഐ നൽകുന്ന സൂചന.
ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര പരമ്പരയിൽ മൂന്നെണ്ണം മാത്രമേ കളിക്കുകയുള്ളൂവെന്ന് വ്യക്തമാക്കിയിരുന്നു. രണ്ടാം ടെസ്റ്റും അവസാന ടെസ്റ്റും കളിച്ചില്ല. മൂന്ന് മത്സരങ്ങളിലായി 119.4 ഓവർ എറിഞ്ഞ് 14 വിക്കറ്റാണ് സ്വന്തമാക്കിയത്. ഇതിൽ രണ്ടുതവണ അഞ്ച് വിക്കറ്റ് നേട്ടവും. പക്ഷേ, മാഞ്ചസ്റ്ററിൽ നടന്ന മൂന്നാം ടെസ്റ്റിൽ ഒരു ഇന്നിങ്സിൽ 100 റണ്ണിൽ കൂടുതൽ വിട്ടുകൊടുക്കേണ്ടിവന്നു. കളി ജീവിതത്തിൽ ആദ്യമായാണ് ഇൗയൊരു അനുഭവം.
ടെസ്റ്റിൽ ആകെ 48 മത്സരങ്ങളിൽ 219 വിക്കറ്റാണ് സമ്പാദ്യം. ഇനിയൊരിക്കലും തുടർച്ചയായ മൂന്ന് ടെസ്റ്റിന് മുകളിൽ കളിക്കാൻ കഴിയില്ലെന്നായിരുന്നു സെലക്ഷൻ സമിതി ചെയർമാൻ അജിത് അഗാർക്കർ വ്യക്തമാക്കിയത്. മുൻ താരങ്ങളായ അനിൽ കുംബ്ലെ, മുഹമ്മദ് കൈഫ്, ഓസ്ട്രേലിയൻ ടീം മുൻ പേസർ ഗ്ലെൻ മക്ഗ്രാത്ത് എന്നിവരും ഇതേ അഭിപ്രായവുമായി രംഗത്തുവന്നിരുന്നു.
സെപ്തംബറിലെ ഏഷ്യാ കപ്പ് ഒഴിവാക്കിയാൽ പിന്നീട് വരുന്നത് വെസ്റ്റിൻഡീസുമായുള്ള ടെസ്റ്റ് പരമ്പരയാണ്. ഇതിൽ കളിക്കാനാണ് സാധ്യത. ഒക്ടോബർ രണ്ടിനാണ് ആദ്യ കളി. രണ്ട് മത്സരമാണ് പരമ്പരയിൽ. പിന്നാലെ നവംബറിൽ ദക്ഷിണാഫ്രിക്കയുമായി രണ്ട് ടെസ്റ്റ് കളിക്കും. ജനുവരിയിൽ ന്യൂസിലൻഡുമായുള്ള ടെസ്റ്റുണ്ട്. ശേഷം ട്വന്റി20 ലോകകപ്പും. ഇത്രയും മത്സരങ്ങളിൽ കളിപ്പിക്കാനാകുമോ എന്നതാണ് നിലവിലെ ആശങ്ക.
അതേസമയം, ബുമ്രയുടെ അഭാവത്തിൽ ഇന്ത്യൻ പേസ് നിരയെ നയിക്കുന്ന മുഹമ്മദ് സിറാജിനും വിശ്രമം നൽകണമെന്ന ആവശ്യം ഉയരുന്നുണ്ട്. ഇംഗ്ലണ്ടുമായുള്ള പരമ്പരയിൽ അഞ്ച് കളിയിലും ഇറങ്ങി. 155.2 ഓവർ ആകെ എറിഞ്ഞു. രണ്ടാമതുള്ള ഇംഗ്ലീഷ് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് എറിഞ്ഞത് 140 ഓവറാണ്. 18 വിക്കറ്റുമായി ഒന്നാമതാണ് സിറാജ്. ഇൗ വർഷം ഇന്ത്യക്കായി കൂടുതൽ പന്തെറിഞ്ഞതും മുപ്പത്തൊന്നുകാരനാണ്.
ഇശാന്ത് ശർമ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ബുമ്ര, സിറാജ് എന്നിവരുള്ള പേസ് നിരയുടെ കാലത്തായിരുന്നു ഇന്ത്യയുടെ മികച്ച പ്രകടനം കണ്ടത്. അതിൽ ബുമ്രയും സിറാജും മാത്രമാണ് ശേഷിക്കുന്നത്. ആകാശ് ദീപും പ്രസിദ്ധ് കൃഷ്ണയുമാണ് പുതുതായെത്തിയത്. പ്രസിദ്ധിന് മികവ് പൂർണമായി പ്രയോജനപ്പെടുത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. അൻഷുൽ കാംബോജ്, അർഷ്ദീപ് സിങ്, ഹർഷിത് റാണ തുടങ്ങിയ നിര ബുമ്രയ്ക്ക് പകരമാകുമോ എന്ന കാര്യത്തിൽ സംശയമുണ്ട്.









0 comments