‘എട്ട് മാസമല്ല, പത്ത് വർഷം’ ; വിമർശകർക്കെതിരെ ബുമ്ര


Sports Desk
Published on Jun 24, 2025, 12:06 AM | 1 min read
ലീഡ്‌സ്
ഇംഗ്ലണ്ടിനെതിരായ ക്രിക്കറ്റ് ടെസ്‌റ്റിന്റെ ഒന്നാം ഇന്നിങ്‌സിൽ അഞ്ച് വിക്കറ്റ് നേടിയശേഷം വിമർശകർക്കെതിരെ ആഞ്ഞടിച്ച് ഇന്ത്യൻ പേസർ ജസ്‌പ്രീത് ബുമ്ര. കളിജീവിതം പെട്ടെന്ന് അവസാനിക്കുമെന്ന് പറഞ്ഞവർക്കുള്ള മറുപടിയാണ് ഈ പ്രകടനങ്ങളെന്ന് ബുമ്ര പ്രതികരിച്ചു.
‘ബൗളിങ് ആക്ഷനും പരിക്കേൽക്കാനുള്ള സാധ്യതയും ചൂണ്ടിക്കാട്ടി എന്റെ കളിജീവിതം ഒരു വർഷത്തിനുള്ളിൽ അവസാനിക്കുമെന്ന് പറഞ്ഞവരുണ്ട്. പരിക്കുകാരണം ഓരോ തവണ മടങ്ങുമ്പോഴും ആൾക്കാർ ഇങ്ങനെ തന്നെ പറഞ്ഞുകൊണ്ടിരുന്നു. ഞാനിപ്പോൾ രാജ്യാന്തര ക്രിക്കറ്റിൽ പത്ത് വർഷം പൂർത്തിയാക്കുകയാണ്. 12–-13 വർഷം ഐപിഎല്ലിലും കളിക്കുന്നു. എന്റെ മറുപടിയും വിജയവും ഇതാണ്’–- ബുമ്ര വ്യക്തമാക്കി.
ഒന്നാം ക്രിക്കറ്റ് ടെസ്‌റ്റിൽ ബുമ്രയുടെ പ്രകടനമാണ് നേരിയതെങ്കിലും ഇന്ത്യക്ക് ഒന്നാം ഇന്നിങ്‌സ് ലീഡ് നൽകിയത്. ബുമ്രയുടെ ബൗളിങ്ങിൽ ഫീൽഡർമാർ നിരന്തരം ക്യാച്ച് വിട്ടുകളഞ്ഞില്ലായിരുന്നെങ്കിൽ മികച്ച ലീഡ് ലഭിക്കുമായിരുന്നു.
‘ആരും മനഃപൂർവം ക്യാച്ച് വിട്ടുകളയില്ല. സംഭവിച്ചുപോകുന്നതാണ്. ആ ഘട്ടത്തിൽ ഫീൽഡറോട് ദേഷ്യം കാണിച്ചാൽ അയാളുടെ സമ്മർദം കൂടുക മാത്രമാണ് ചെയ്യുക’–- ബുമ്ര പറഞ്ഞു.നാൽപ്പത്താറ് ടെസ്‌റ്റിൽ 210 വിക്കറ്റ് നേടിയിട്ടുണ്ട് മുപ്പത്തൊന്നുകാരൻ.









0 comments